News

ബ്രിട്ടനില്‍ ഭ്രൂണഹത്യ ക്ലിനിക്കിന് സമീപം പ്രാർത്ഥിച്ച മുൻ സൈനിക ഉദ്യോഗസ്ഥന് പിഴ

പ്രവാചകശബ്ദം 20-01-2023 - Friday

ലണ്ടന്‍: ഇംഗ്ലണ്ടിലെ ബോർണെമൗത്തിൽ സ്ഥിതി ചെയ്യുന്ന ഭ്രൂണഹത്യ ക്ലിനിക്കിന് സമീപം മരിച്ചുപോയ മകനുവേണ്ടി പ്രാർത്ഥിച്ച മുൻ സൈനിക ഉദ്യോഗസ്ഥന് പിഴ ശിക്ഷ. സാമൂഹ്യ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് ഏതാനും മിനിറ്റുകൾ നിശബ്ദതയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന ആദം സ്മിത്തിന്റെ സമീപത്തെത്തി അദ്ദേഹത്തെ പ്രാർത്ഥിക്കുന്നത് തടഞ്ഞു പിഴ ഈടാക്കിയത് . എന്താണ് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ, തന്റെ മരിച്ചുപോയ മകന് വേണ്ടി പ്രാർത്ഥിക്കുകയാണ് എന്ന ഉത്തരമാണ് ആദം നൽകിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഭ്രൂണഹത്യ ക്ലിനിക്കുകളിലേക്ക് എത്തുന്ന സ്ത്രീകളെ മാനസാന്തരത്തിലേക്ക് നയിക്കുന്നതിനു വേണ്ടി പ്രാദേശിക ഭരണകൂടം രൂപം നൽകിയ ബഫർ സോൺ ഉത്തരവ് കഴിഞ്ഞ വര്‍ഷം ഒക്ടോബർ 13നു പ്രാബല്യത്തിൽ വന്നിരുന്നു. ഇത് പ്രകാരം, ബഫർ സോണുകളുടെ പരിധിയില്‍ നിന്നു പ്രാർത്ഥിക്കുന്നതും, നോട്ടീസുകൾ വിതരണം ചെയ്യുന്നതും, പ്ലക്കാർഡുകൾ പിടിക്കുന്നതും നിയമവിരുദ്ധമായാണ് ഭരണകൂടം നോക്കികാണുന്നത്. പബ്ലിക് സ്പേസസ് പ്രൊട്ടക്ഷൻ ഓർഡർ എന്ന് പേരിട്ടിരിക്കുന്ന ഉത്തരവ് പ്രകാരം വിശുദ്ധ ഗ്രന്ഥം വായിക്കുന്നതും, കുരിശ് വരയ്ക്കുന്നതും നിരോധനത്തിന് കീഴിൽ വരുന്നതാണ്. മരിച്ചുപോയ മകനുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നുവെന്ന ആദത്തിന്റെ മറുപടിയെ അടിസ്ഥാനപ്പെടുത്തിയാണ് പിഴ ചുമത്തിരിക്കുന്നതെന്ന് കൗൺസിൽ അധികൃതർ അയച്ച ഇമെയിലിൽ പറയുന്നു.

സംഭവത്തിൽ ആദം സ്മിത്തിന് നിയമപരമായ പിന്തുണയുമായി എഡിഎഫ് യുകെ എന്ന സംഘടന രംഗത്ത് വന്നിട്ടുണ്ട്. വിശ്വാസത്തിന്റെ പേരിൽ ആരുടെയും മേൽ ക്രിമിനൽ കുറ്റം ചുമത്താൻ പാടില്ലായെന്നും അദ്ദേഹത്തിനു നിയമ പിന്തുണ നല്‍കുമെന്നും സംഘടനയുടെ ലീഗൽ കൗൺസിൽ പദവി വഹിക്കുന്ന ജെർമിയ ഇഗ്നുബോലെ പറഞ്ഞു. ഇക്കഴിഞ്ഞ ഡിംസബര്‍ മാസത്തില്‍ ബിർമിംഗ്ഹാമിലെ ബി പി എ എസ് റോബർട്ട് ക്ലിനിക്കിനു സമീപത്തു നിന്നു പ്രാര്‍ത്ഥിച്ച ഇസബൽ വോഗൻ സ്പ്രൂസ് എന്ന പ്രോലൈഫ് ആക്ടിവിസ്റ്റിനെ അധികൃതര്‍ അറസ്റ്റ് ചെയ്തിരിന്നു.

Tag: penalty for praying in an abortion facility “censorship zone” in Bournemouth , Biagio Conte funeral, Catholic Malayalam News, Pravachaka Sabdam, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.


Related Articles »