India - 2024

രാജ്യപുരോഗതിക്കു വലിയ സംഭാവനകൾ നൽകിയ ക്രൈസ്തവ സമൂഹത്തിന് അവഗണന മാത്രം: കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർല

പ്രവാചകശബ്ദം 22-01-2023 - Sunday

കൊൽക്കത്ത: രാജ്യപുരോഗതിക്കു വലിയ സംഭാവനകൾ നൽകിയ ക്രൈസ്തവ സമൂഹത്തിന് അവഗണന മാത്രമാണു പ്രതിഫലമെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോൺ ബർല. ക്രൈസ്തവർ മതപരിവർത്തനത്തിനു ശ്രമിക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കൊൽക്കത്തയിൽ സംഘടിപ്പിച്ച സമാധാന റാലിയിൽ അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സേവനമേഖലകളിലെ വിലപ്പെട്ട സംഭാവനകൾക്ക് അർഹമായ പരിഗണന ക്രൈസ്തവ സമൂഹത്തിനു ലഭിക്കുന്നില്ല. രാജ്യത്തെല്ലായിടത്തും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.

മഹാത്മാഗാന്ധി മുതൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ്ഖാൻ വരെ ഇത്തരം സ്കൂളുകളിലാണ് വിദ്യാഭ്യാസം നേടിയത്. ആരോഗ്യകേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ സംഭാവനകൾ വേറെയും. എന്നിട്ടും മതംമാറ്റുന്നവരെന്ന ആരോപണമാണ് സമുദായത്തിന് അഭിമുഖീകരിക്കേണ്ടിവരുന്നത്. രാജ്യത്തിനു ക്രൈസ്തവ സമൂഹം നൽകിയ സംഭാവനകൾ പൊതുസമൂഹത്തിനു മുന്നിലെത്തിക്കാൻ സമാധാനറാലികൾ രാജ്യമെമ്പാടും നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു. ഛത്തിസ്ഗഡിൽ പള്ളി ആക്രമിച്ചതിൽ ബിജെപിക്കു പങ്കില്ലെന്നു പറഞ്ഞ മന്ത്രി, രണ്ട് ഗോത്രവർഗ വിഭാഗങ്ങൾ തമ്മിലുള്ളതെന്നും ന്യായീകരിച്ചു.


Related Articles »