Faith And Reason - 2024
പ്രപഞ്ച വിസ്മയങ്ങൾ സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നു; ഹാർവാർഡ് ശാസ്ത്രജ്ഞ കാരിൻ ഒബേർഗ്
പ്രവാചകശബ്ദം 23-01-2023 - Monday
ടെക്സാസ്: പ്രപഞ്ച വിസ്മയങ്ങൾ സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന് ഹാർവാർഡ് ശാസ്ത്രജ്ഞ കാരിൻ ഒബേർഗ്. ടെക്സാസിൽ വേർഡ് ഓൺ ഫയർ എന്ന കത്തോലിക്ക മാധ്യമ മിനിസ്ട്രി സംഘടിപ്പിച്ച വണ്ടർ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അവർ. ശാസ്ത്ര അന്വേഷണത്തിന് പ്രതിബന്ധമായി മാറാതെ, ഉറച്ച ഒരു അടിത്തറയായി ശാസ്ത്രജ്ഞർക്ക് സഹായമായി മാറാൻ ദൈവ വിശ്വാസത്തിന് സാധിക്കുമെന്ന് ആയിരത്തോളം ആളുകൾ പങ്കെടുത്ത കോൺഫറൻസിൽവെച്ച് മുൻ നിരീശ്വരവാദിയായിരുന്ന കാരിൻ ഒബേർഗ് വിശദീകരിച്ചു.
സത്യമായ തത്വചിന്തയും, സത്യമായ വിശ്വാസവും ശാസ്ത്ര കണ്ടുപിടിത്തങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്താൻ സഹായകരമാകുമെന്ന ആത്മവിശ്വാസം നമുക്ക് വേണമെന്ന് അവർ കൂട്ടിച്ചേർത്തു. ഇന്റർനാഷ്ണൽ സൊസൈറ്റി ഓഫ് കാത്തലിക് സയന്റിസ്റ്റ് എന്ന സംഘടനയുടെ ബോർഡ് അംഗമാണ് സ്വീഡനിൽ ജനിച്ച ഒബേർഗ്. ഗ്രഹങ്ങളും, നക്ഷത്രങ്ങളും എങ്ങനെ രൂപമെടുക്കുന്നു എന്നതിനെപ്പറ്റിയാണ് അവർ ഗവേഷണം നടത്തുന്നത്. ശാസ്ത്ര അന്വേഷണത്തിൽ മുമ്പുണ്ടായിരുന്നതും, ഇപ്പോഴുള്ളതുമായ നിരവധി ശാസ്ത്രജ്ഞരെ ദൈവ വിശ്വാസമാണ് നയിക്കുന്നത്.
ബിഗ് ബാംഗ് തിയറി ആദ്യമായി മുന്നോട്ടുവെച്ച കത്തോലിക്ക വൈദികനായ ഫാ. ജോർജസ് ലെമേയ്ടറിനെ ഒരു ഉദാഹരണമായി കാരിൻ ഒബേർഗ് ചൂണ്ടിക്കാട്ടി. തന്റെ കൂടെ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞരുടെ ഇടയിൽ ശാസ്ത്ര രീതിയോട് വലിയ ബഹുമാനം ഉണ്ടെങ്കിലും, ശാസ്ത്ര രീതിക്ക് പരിമിതികൾ ഉണ്ടെന്ന് ഒബേർഗ് പറഞ്ഞു. ശാസ്ത്രീയമല്ലാത്ത പല ചോദ്യങ്ങളും നമുക്ക് പ്രപഞ്ചത്തെപ്പറ്റി ചോദിക്കാൻ സാധിക്കും. എന്താണ് ഒരു മനോഹരമായ കലാസൃഷ്ടിയിൽ നിന്ന് പഠിക്കാൻ സാധിക്കുന്നത്? എങ്ങനെയാണ് ഒരു കലാസൃഷ്ടി മനോഹരമാകുന്നത്? തുടങ്ങിയ ചോദ്യങ്ങൾ. സത്യത്തിലേക്ക് എത്തിച്ചേരുന്നതിന് വേണ്ടി നിരവധി മാർഗ്ഗങ്ങൾ ഉണ്ടെന്നും ശാസ്ത്രം അതിൽ ഒന്നു മാത്രമാണെന്നും ഒബേർഗ് എടുത്തുപറഞ്ഞു.
മൂല്യങ്ങളെ പറ്റിയുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ എളുപ്പത്തിൽ സാധിക്കുന്നത് മതത്തിനും തത്വചിന്തയ്ക്കുമാണ്. വണ്ടർ കോൺഫറൻസിന് വേണ്ടി ടെമ്പിൾടൺ ഫൗണ്ടേഷന്റെ സാമ്പത്തിക സഹായവും ഉപയോഗിച്ചിരുന്നു. മതപണ്ഡിതരും, ശാസ്ത്രജ്ഞരും കോൺഫറൻസിൽ സംസാരിച്ചു. വേർഡ് ഓൺ ഫയറിന്റെ സ്ഥാപകനും, മുഖവുമായ ബിഷപ്പ് റോബർട്ട് ബാരൺ നൽകിയ സന്ദേശം ഏറെ ശ്രദ്ധിക്കപ്പെട്ടു.