News - 2025

മറിയം ത്രേസ്യയുടെ വിശുദ്ധ പദവി: ദൈവശാസ്ത്രജ്ഞ സമിതിയുടെ അംഗീകാരം

സ്വന്തം ലേഖകന്‍ 20-10-2018 - Saturday

വത്തിക്കാന്‍ സിറ്റി: ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ സുപ്രധാന ഘട്ടം ഇന്നലെ പിന്നിട്ടു. മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ നടന്ന അത്ഭുത രോഗശാന്തി ഇന്നലെ വൈകുന്നേരം വത്തിക്കാനിലെ വിശുദ്ധരുടെ കാര്യാലയത്തില്‍ കൂടിയ ദൈവശാസ്ത്രജ്ഞരുടെ ഏഴംഗ സമിതി അംഗീകരിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വത്തിക്കാനിലെ വിദഗ്ധ മെഡിക്കല്‍ സംഘം അത്ഭുത രോഗശാന്തി ലഭിച്ചതു സംബന്ധിച്ച എല്ലാ മെഡിക്കല്‍ രേഖകളും റിപ്പോര്‍ട്ടുകളും പരിശോധിച്ചു സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദൈവശാസ്ത്രജ്ഞരും അത്ഭുത രോഗശാന്തി സ്ഥിരീകരിച്ചത്.

തൃശൂര്‍ അതിരൂപതയിലെ പെരിഞ്ചേരിയില്‍ ചൂണ്ടല്‍ ജോഷിയുടെയും ഷിബിയുടെയും മകനായ ക്രിസ്റ്റഫറിനു ലഭിച്ച അത്ഭുത രോഗശാന്തിയാണ് നാമകരണത്തിനുള്ള അത്ഭുതമായി കണക്കാക്കുന്നത്. ക്രിസ്റ്റഫറിന് ലഭിച്ച അത്ഭുത സൌഖ്യത്തെ കുറിച്ച് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക മറിയം ത്രേസ്യയുടെ നാമകരണ നടപടികളുടെ പോസ്റ്റുലേറ്റര്‍ റവ.ഡോ. ബെനഡിക്ട് വടക്കേക്കര ഒഎഫ്എം ക്യാപ് അത്ഭുത രോഗശാന്തി സംബന്ധിച്ച രേഖകള്‍ അടങ്ങുന്ന ''പൊസിസിയോ'' വത്തിക്കാനിലെ വിശുദ്ധരുടെ കാര്യാലയത്തിനു സമര്‍പ്പിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ദൈവശാസ്ത്രജ്ഞരുടെ സമിതി പഠിച്ച് സ്ഥിരീകരിച്ചത്.

കര്‍ദ്ദിനാള്‍മാരുടെ സമിതികൂടി ''പൊസിസിയോ'' വിലയിരുത്തുന്നതോടെ മറിയം ത്രേസ്യയുടെ മധ്യസ്ഥതയില്‍ നടന്ന അത്ഭുത രോഗശാന്തി സംബന്ധിച്ച എല്ലാ പഠനങ്ങളും പൂര്‍ത്തിയാകുമെന്നു റവ.ഡോ. ബെനഡിക്ട് വടക്കേക്കര, ഹോളി ഫാമിലി സുപ്പീരിയര്‍ ജനറല്‍ മദര്‍ സിസ്റ്റര്‍ ഉദയ, വൈസ് പോസ്റ്റുലേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ്മിന്‍ മാത്യു എന്നിവര്‍ പറഞ്ഞു. 2000 ഏപ്രില്‍ ഒമ്പതിനു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് മറിയം ത്രേസ്യായെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്. പ്രഖ്യാപനത്തിന്റെ ഒമ്പതാം വാര്‍ഷികദിനത്തിലാണ് ക്രിസ്റ്റഫറിന്റെ അത്ഭുത രോഗശാന്തിയുണ്ടായത്.


Related Articles »