Youth Zone - 2024

പുരുഷനും സ്ത്രീയും തമ്മിലുള്ള ആജീവനാന്ത ബന്ധമാണ് വിവാഹം, അത് ദൈവദാനം: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 28-01-2023 - Saturday

വത്തിക്കാന്‍ സിറ്റി: വിവാഹമെന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ള ആജീവനാന്ത ബന്ധമാണെന്ന തിരുസഭ പ്രബോധനം ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ (ജനുവരി 27) കത്തോലിക്ക സഭയുടെ അപ്പസ്തോലിക കോടതിയായ റോത്ത റോമാനയുടെ ജുഡീഷ്യൽ വർഷത്തിന്റെ ഉദ്ഘാടന വേളയിൽ, അതിലെ അംഗങ്ങൾക്ക് നൽകിയ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ വിവാഹമെന്ന കൂദാശയുടെ പരിശുദ്ധിയെ കുറിച്ച് സംസാരിച്ചത്.

സ്വവര്‍ഗ്ഗബന്ധത്തില്‍ കഴിയുന്നവര്‍ക്കു വിവാഹമെന്ന പരിശുദ്ധമായ കൂദാശയിലൂടെ ഒന്നിക്കാന്‍ കഴിയില്ലായെന്ന തിരുസഭ പ്രബോധനത്തിന്റെ പരോക്ഷമായ ഓര്‍മ്മപ്പെടുത്തലായാണ് പാപ്പയുടെ ഈ പ്രസ്താവനയെ പൊതുവേ വിശേഷിപ്പിക്കുന്നത്. സ്വവർഗ്ഗാനുരാഗത്തെ കുറിച്ച് ഫ്രാന്‍സിസ് പാപ്പ പറഞ്ഞ വാക്കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു വിവാദമാക്കിയിരിന്നു. ഇതിന് പിന്നാലെയാണ് വിവാഹത്തിലെ പങ്കാളികള്‍ ആരാണെന്ന് പാപ്പ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

കർത്താവിൽ നിന്ന് സഭയ്ക്ക് ലഭിച്ച സുവിശേഷം പ്രഘോഷിക്കാനുള്ള കൽപനയും സുവിശേഷവും കുടുംബത്തിന്റെയും വൈവാഹിക ബന്ധത്തിന്റെയും "വലിയ രഹസ്യത്തെ" കൂടുതൽ പ്രകാശമാനമാക്കുന്നതാണെന്നു പാപ്പ ചൂണ്ടിക്കാട്ടി. കുടുംബങ്ങളാൽ രൂപീകൃതമാകുന്നതാണ് തിരുസഭ കുടുംബമെന്നും അതിനാൽ കുടുംബങ്ങൾക്ക് നൽകുന്ന സേവനം സഭയുടെ ഒഴിവാക്കാനാവാത്ത ഒന്നായി സഭ കണക്കാക്കുകയാണെന്നും പാപ്പ പറഞ്ഞു. ഓരോ യഥാർത്ഥ വിവാഹവും ദൈവത്തിന്റെ ദാനമാണ്. വിവാഹ ജീവിതത്തിന്റെ വിശ്വസ്തതയുടെ അടിസ്ഥാനം ദൈവത്തിന്റെ വിശ്വസ്തതയിലാണ്.

വൈവാഹിക സ്നേഹം വിവാഹത്തിൽ നിന്ന് വേർതിരിക്കാൻ കഴിയാത്തതാണെന്നും മനുഷ്യസ്നേഹം ബലഹീനവും കുറവുകളുള്ളതുമാണെങ്കിലും എപ്പോഴും വിശ്വസ്തവും കരുത്താർദ്രവുമായ ദൈവത്തിന്റെ സ്നേഹവുമായി അതിനെ ചേർത്ത് കാണണമെന്നും പാപ്പ ഓർമ്മിപ്പിച്ചു. വിവാഹം സ്വാതന്ത്ര്യത്തിൽ അടിസ്ഥാനമാക്കിയ ഒരു ദാനമാണ്, അതിൽ കുറവുകളും വീഴ്ചകളുമുണ്ട്. അതിനാല്‍ തുടർച്ചയായ ശുദ്ധീകരണവും വളർച്ചയും, പരസ്പരമുള്ള മനസ്സിലാക്കലും ക്ഷമയും ആവശ്യമാണെന്നും പാപ്പ എടുത്തു പറഞ്ഞു. കുടുംബജീവിത ആത്മീയതയിൽ അനേകായിരം യഥാർത്ഥ ഭാവപ്രകടനങ്ങൾ അടങ്ങിയിട്ടുണ്ടെന്നും പാപ്പ എടുത്തു പറഞ്ഞു.

വിവാഹമെന്ന യാഥാർത്ഥ്യം ഒരു ഉടമ്പടിയെന്നതിനേക്കാൾ ഒരു ദൈവിക ദാനമായി കണ്ടത്തേണ്ടിയിരിക്കുന്നു. അതിനാൽ വിവാഹത്തിനു മുമ്പും പിമ്പുമുള്ള അജപാലന ദൗത്യം സ്നേഹം വളർച്ച പ്രാപിക്കാനും സംഘർഷ നിമിഷങ്ങളെ മറികടക്കാനും സഹായിക്കുന്നതാവണം. വധൂവരന്മാർക്ക് മാത്രമല്ല, അവരുടെ കുട്ടികൾക്കും, കുടുംബങ്ങൾക്കും സഭയ്ക്കും സമൂഹത്തിനും നന്മയാണ് കുടുംബം. ക്രൈസ്തവ രക്ഷയുടെ സംവിധാനത്തിൽ കുടുംബം പുണ്യത്തിന്റെ രാജപാതയാണ്. കുടുംബങ്ങളുടെ അജപാലന ദൗത്യത്തിൽ പ്രതിസന്ധിയിൽ ജീവിക്കുന്ന ദമ്പതിളെയും ഉൾപ്പെടുത്തണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

Tag:Pope Francis: Marriage is a lifelong union between a man and woman, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം


Related Articles »