Youth Zone - 2024

‘ഒടുവില്‍ മാര്‍ക്കിന് നീതി’: എഫ്.ബി.ഐ അറസ്റ്റ് ചെയ്ത പ്രോലൈഫ് പ്രവര്‍ത്തകനെ കോടതി കുറ്റവിമുക്തമാക്കി

പ്രവാചകശബ്ദം 31-01-2023 - Tuesday

പെനിസില്‍വാനിയ: അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ അറസ്റ്റ് ചെയ്ത അടിയുറച്ച കത്തോലിക്ക വിശ്വാസിയും പ്രോലൈഫ് ആക്ടിവിസ്റ്റും ഏഴു കുട്ടികളുടെ പിതാവുമായ മാർക്ക് ഹുക്കിനെ കോടതി കുറ്റവിമുക്തമാക്കി. ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക വി. മാര്‍ക്ക് ഹൗക്ക്’ കേസില്‍ കിഴക്കന്‍ പെനിസില്‍വാനിയ ജില്ലാ കോടതിയാണ് പ്രോലൈഫ് പ്രവര്‍ത്തകരുടേയും മാര്‍ക്കിന്റെ അഭിഭാഷ സംഘത്തിന്റേയും വിജയമെന്ന് വിശേഷിപ്പിക്കാവുന്ന ഈ വിധി പുറപ്പെടുവിച്ചത്. വിധി പ്രഖ്യാപനത്തിന് പിന്നാലെ മാര്‍ക്ക് തന്റെ പത്നിയെ ആശ്ലേഷിച്ചത് കോടതിക്ക് പുറത്ത് കാത്തുനിന്നിരുന്ന ആളുകളെ ആനന്ദകണ്ണീരണിയിച്ചു. കത്തോലിക്ക വിശ്വാസത്തിലധിഷ്ഠിതമായ മാതൃകാപരമായ ജീവിതം നയിച്ചുവരുന്ന വ്യക്തിയാണ് മാര്‍ക്ക്. ഫിലാഡൽഫിയിൽ സ്ഥിതി ചെയ്യുന്ന ഭ്രൂണഹത്യ ശൃംഖലയായ പ്ലാൻഡ് പേരന്റ്ഹുഡ് ക്ലിനിക്കിനു മുമ്പിൽ സ്ഥിരമായി മാർക്ക് ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ എത്തുമായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാണ് കേസിലേക്ക് നയിച്ച സംഭവം.

ഇതേ ക്ലിനിക്കിനു മുന്‍പിൽ വച്ച് ക്ലിനിക്കിന് സുരക്ഷ നൽകിയിരുന്ന ഒരാളുമായി നടത്തിയ വാക്കേറ്റമാണ് മാർക്ക് ഹുക്കിന്റെ അറസ്റ്റിലേക്ക് നയിച്ചത്. 12 വയസ്സുള്ള മകനെ ക്ലിനിക്കിന് സുരക്ഷ നൽകുന്ന ആൾ അസഭ്യം പറഞ്ഞപ്പോൾ, മകനെ സംരക്ഷിക്കേണ്ടതിന് വേണ്ടി മാർക്ക് പ്രതിരോധം തീര്‍ക്കുകയായിരുന്നു. സെപ്റ്റംബര്‍ 23-നു പെന്നിസില്‍വാനിയായിലെ ബക്ക്സ് കൗണ്ടിയിലെ വീട്ടില്‍ നിന്നും ഭാര്യയും, കുട്ടികളും നോക്കിനില്‍ക്കേ എഫ്.ബി.ഐ ഹുക്കിനെ അറസ്റ്റ് ചെയ്തു. ‘ഫ്രീഡം ഓഫ് ആക്സസ്‌ റ്റു ക്ലിനിക് എന്‍ട്രന്‍സസ്’ (ഫേസ്) നിയമം ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ കേസില്‍ ഫേസ് നിയമം ബാധകമല്ലെന്നും മാര്‍ക്ക് തന്റെ മകനെ എസ്കൊര്‍ട്ട് ജീവനക്കാരന്റെ അസഭ്യവര്‍ഷത്തില്‍ നിന്നും രക്ഷിക്കുവാന്‍ മാത്രമാണ് ശ്രമിച്ചതെന്നും മാര്‍ക്കിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

മാർക്ക് ഹുക്കിന് പിന്തുണ അറിയിക്കാൻ വത്തിക്കാൻ വിശ്വാസ തിരുസംഘത്തിന്റെ മുൻ തലവൻ കർദ്ദിനാൾ ജെറാള്‍ഡ്‌ മുളളർ ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ അദ്ദേഹത്തിന്റെ ഭവനം സന്ദർശിച്ചിരിന്നു. കോടതി വിധിയില്‍ തീര്‍ച്ചയായും തങ്ങള്‍ ആവേശഭരിതരാണെന്നു തോമസ്‌ മൂര്‍ സൊസൈറ്റിയുടെ എക്സിക്യുട്ടീവ്‌ വൈസ് പ്രസിഡന്റും ലിജിറ്റേഷന്‍ തലവനുമായ പീറ്റര്‍ ബ്രീന്‍ പറഞ്ഞു. ബൈഡന്‍ ഭരണകൂടം പ്രോലൈഫ് പ്രവര്‍ത്തകരുടെ മേല്‍ എറിഞ്ഞ ഭീഷണിയുടെ മേഘങ്ങളില്‍ നിന്നും മാര്‍ക്കും അവന്റെ കുടുംബവും സ്വതന്ത്രരായെന്നും അമേരിക്കയുടെ മുഴുവന്‍ അധികാരവും കയ്യാളുന്ന ഗോലിയാത്തിനോടാണ് തങ്ങള്‍ പോരാടി വിജയിച്ചതെന്നും ബ്രീന്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യദിവസം മുതലേ പരിഹാസവും, പീഡനവും ഏല്‍പ്പിച്ചു കൊണ്ടിരുന്ന പ്രോസിക്യൂഷന്റെ വിവേചനപരമായ ഈ കേസ് ജൂറി വിശദമായി പഠിക്കുകയും മാര്‍ക്കിനെ കുറ്റവിമുക്തനാക്കുകയും ചെയ്തുവെന്ന് പറഞ്ഞ ബ്രീന്‍, ബൈഡന്റെ ജസ്റ്റിസ് വിഭാഗത്തിന്റെ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കെതിരേയുള്ള ഭീഷണികള്‍ ഇനി വിലപോകില്ലായെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിധി മാര്‍ക്കിനെതിരായിരുന്നെങ്കില്‍ അദ്ദേഹത്തിന് 11 വര്‍ഷത്തേ ജയില്‍ വാസവും, 3,50,000 ഡോളര്‍ പിഴയും ലഭിക്കുമായിരുന്നു. വളരെ മനുഷ്യത്വരഹിതമായ രീതിയില്‍ ‘എഫ്.ബി.ഐ’ മാര്‍ക്കിനെ അറസ്റ്റ് ചെയ്തത് വന്‍ വിവാദത്തിനു കാരണമായിരുന്നു.


Related Articles »