News - 2024
വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ക്കു നേരെയുള്ള യഹൂദ മൗലീകവാദികളുടെ ആക്രമണത്തെ അപലപിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍
പ്രവാചകശബ്ദം 01-02-2023 - Wednesday
ജെറുസലേം: വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയില്‍ യഹൂദ മൗലീകവാദികള്‍ നടത്തിയ ആക്രമണത്തെ അപലപിച്ചുകൊണ്ട് വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ നേതാക്കള്‍. നഗരത്തിനു മേല്‍ യഹൂദ സ്വഭാവം അടിച്ചേല്‍പ്പിക്കുകയെന്നതാണ് ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യമെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ ആരോപിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇസ്രായേലി പതാകയും ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യങ്ങളുമായി തിരുക്കല്ലറ പള്ളിയിലേക്കുള്ള റോഡില്‍ സ്ഥിതി ചെയ്യുന്ന അര്‍മേനിയന്‍ റെസ്റ്റോറന്റില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ കസേരകള്‍ വലിച്ചെറിയുകയായിരുന്നു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമികളില്‍ ഒരാള്‍ റെസ്റ്റോറന്റിന് പുറത്ത് തടിച്ചു കൂടിയിരുന്നവര്‍ക്കെതിരെ ഒരുതരം അജ്ഞാത ദ്രാവകം സ്പ്രേ ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്.
സംഭവസ്ഥലത്തെത്തിയ പോലീസ് അക്രമികളെ പിരിച്ചു വിട്ടതല്ലാതെ ആരെയും അറസ്റ്റ് ചെയ്തില്ല. യാതൊരു പ്രകോപനവും കൂടാതെയുള്ള ഈ ആക്രമണം മേഖലയിലെ താമസക്കാര്‍ക്കും, കച്ചവടക്കാര്‍ക്കും, സന്ദര്‍ശകര്‍ക്കുമിടയില്‍ ഭീതിപരത്തിയിട്ടുണ്ടെന്ന്‍ വിശുദ്ധ നാട്ടിലെ വിവിധ സഭകളുടെ നേതാക്കളുടെ കൂട്ടായ്മയായ അസ്സംബ്ലി ഓഫ് കത്തോലിക്ക് ഓര്‍ഡിനറീസ് പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ പറയുന്നു. വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ സമൂഹത്തിനും, വിശ്വാസ പ്രതീകങ്ങള്‍ക്കുമെതിരെയുള്ള ആക്രമണ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്. ആക്രമണത്തെ തങ്ങള്‍ അപലപിക്കുന്നുവെന്നും, വിശുദ്ധ നാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ക്രിസ്ത്യന്‍ നേതാക്കള്‍ പറഞ്ഞു.
നഗരത്തിലെ പൗരന്മാരുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുവാന്‍ മത-രാഷ്ട്രീയ നേതാക്കള്‍ സ്വന്തം ഉത്തരവാദിത്വമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്നും, മൗലീകവാദികളുടെ തടവില്‍ കഴിയുന്നതിനു പകരം ജെറുസലേം വിവിധ മതവിശ്വാസികളുടെ ജന്മദേശമായി തുടരുകയാണ് വേണ്ടതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ക്രിസ്ത്യന്‍ സമൂഹത്തിനു പിന്തുണയുമായി ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല മെത്രാപ്പോലീത്ത ആക്രമണത്തിനിരയായ റെസ്റ്റോറന്റിന്റെ ഉടമയെയും ആക്രമണത്താല്‍ ബാധിക്കപ്പെട്ട സമീപത്തുള്ള കടകളുടെ ഉടമകളെയും സന്ദര്‍ശിച്ചിരിന്നു.
ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ പുണ്യകേന്ദ്രമായ ജെറുസലേമിലെ ക്രൈസ്തവ ജനസംഖ്യ കുത്തനെ കുറയുന്നതായും തീവ്ര യഹൂദ നിലപാടും അനധികൃത കുടിയേറ്റവും ഇതിനു കാരണമാകുന്നതായും വിശുദ്ധ നാട്ടിലെ കത്തോലിക്ക സഭാതലവന്‍മാരുടെ സമിതിയുടെ ഔദ്യോഗിക വക്താവായ വാദി അബു നാസ്സര്‍ നേരത്തെ പ്രസ്താവിച്ചിരിന്നു.