News

ആഭ്യന്തര സംഘര്‍ഷങ്ങളില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട കോംഗോയിലെ ഇരകള്‍ക്ക് സാന്ത്വനവുമായി പാപ്പ

പ്രവാചകശബ്ദം 03-02-2023 - Friday

കിന്‍ഷാസ: ആഭ്യന്തര സംഘര്‍ഷങ്ങളെയും അക്രമങ്ങളെയും തുടര്‍ന്നു വിവിധ തരത്തിലുള്ള പീഡനങ്ങൾക്ക് ഇരകളായ കോംഗോയിലെ ജനതയ്ക്കു ഫ്രാൻസിസ് പാപ്പയുടെ സാന്ത്വനം. കോംഗോയില്‍ നടത്തുന്ന അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തിലാണ് ഇരകളുമായി പാപ്പ കൂടിക്കാഴ്ച നടത്തിയത്. മാനുഷികമായ രീതിയിൽ ഒരിക്കലും അംഗീകരിക്കാനാകാത്ത വലിയ പീഡനങ്ങളിലൂടെ കടന്നു പോയ, കിഴക്കൻ കോംഗോയിൽനിന്നുള്ള ആളുകൾ നൽകിയ സാക്ഷ്യത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം ആരംഭിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങൾ പലപ്പോഴും മൗനം പാലിക്കുന്ന ഇതുപോലെയുള്ള സംഭവങ്ങൾക്ക് മുന്നിൽ നിശബ്ദതയിൽ വിലപിക്കാനേ സാധിക്കൂവെന്ന് പാപ്പ പറഞ്ഞു. തന്റെ സന്ദേശത്തില്‍ ഉടനീളം ജനതയ്ക്കു സാന്ത്വനം പകരാന്‍ പാപ്പ പ്രത്യേകം ശ്രദ്ധക്കാട്ടിയിരിന്നു.

രാജ്യത്തിന് പുറത്തുനിന്നും, ഉള്ളിൽനിന്നും കോംഗോയിൽ അന്തഛിദ്രം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെയും പാപ്പാ ശബ്ദമുയർത്തി. അത്തരം പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുവേണ്ടിയും താൻ ദൈവത്തോട് ക്ഷമ യാചിക്കുന്നുവെന്ന് പാപ്പ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകൾക്ക് കുടിയിറങ്ങേണ്ടിവന്ന അവസ്ഥയും, അതിഗൗരവമായ മനുഷ്യാവകാശ ലംഘനങ്ങളും, പരിഹരിക്കാനാകാത്ത കുറ്റങ്ങളുമാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ധനത്തിന് വേണ്ടിയുള്ള ആർത്തിയാണ് ഇതുപോലെയുള്ള പല അതിക്രമങ്ങൾക്കും പിന്നിൽ എന്ന് പാപ്പാ കൂട്ടിച്ചേർത്തു. കോംഗോയിലെ സംഘർഷങ്ങൾക്ക് കാരണമാകുന്നവരോട്, പീഡനങ്ങൾക്കിരയായ മനുഷ്യരുടെ നിലവിളി ശ്രവിക്കുവാനും, ദൈവത്തിന്റെയും മനഃസാക്ഷിയുടെയും സ്വരം ശ്രവിച്ച്, മാനസാന്തരപ്പെടാനും പാപ്പ ആവശ്യപ്പെട്ടു. ആയുധങ്ങൾ കൈവെടിയാനും, ദുർബലരായ മനുഷ്യരുടെ ജീവിതം തകർത്തുകൊണ്ട് ധനസമ്പാദനം നടത്തുന്നത് അവസാനിപ്പിക്കുവാനും പരിശുദ്ധ പിതാവ് ഏവരെയും ആഹ്വാനം ചെയ്തു.

അക്രമങ്ങൾ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ പാപ്പ, നമ്മുടേത് യുദ്ധത്തിന്റെയല്ല, സമാധാനത്തിന്റെ ദൈവമാണെന്ന് ആവര്‍ത്തിച്ചു. അക്രമങ്ങളെയും വെറുപ്പിനെയും കൈവെടിയുവാൻ, ഹൃദയത്തെ നിർമ്മലമാക്കേണ്ട ആവശ്യമുണ്ടെന്ന് പാപ്പ ഓര്‍മ്മപ്പെടുത്തി. തന്നെ കുരിശിലേറ്റിയവരോട് ക്ഷമിച്ച യേശുവിന്റെ നാമത്തിൽ, ഹൃദയങ്ങളിൽ നിന്ന് വെറുപ്പിന്റെ ആയുധങ്ങൾ നീക്കം ചെയ്യേണ്ടതുണ്ടെന്നും പാപ്പ പറഞ്ഞു. നല്ലൊരു ഭാവി കെട്ടിപ്പടുക്കുന്നതിനും, സമാധാനം സ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ നിന്ന് പിന്നോക്കം പോകാനുള്ള പ്രലോഭനങ്ങളുടെ മുന്നിൽ വഴങ്ങിക്കൊടുക്കാനുള്ള തോന്നലിനോട് അരുത് എന്ന് പറയാനുള്ള കഴിവാണ് രണ്ടാമത് വേണ്ടതെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

സമാധാനത്തിന്റെ ഒരു നല്ല നാളെ ആകാശത്തിൽനിന്ന് വീണു കിട്ടില്ല, അതിനായി അധ്വാനിക്കേണ്ട ആവശ്യമുണ്ട്. സ്വന്തം കൂട്ടത്തോട് മാത്രം ചേർന്ന് നിന്നോ, സ്വന്തം താല്പര്യങ്ങൾക്കുവേണ്ടി നിന്നുകൊണ്ടോ ഭാവിയെ പടുത്തുയർത്താനാകില്ല. ക്രൈസ്തവ വിശ്വാസ പ്രകാരം ഒരേ പിതാവിന്റെ മക്കളെന്ന നിലയിൽ എല്ലാവരോടും ഒരുമിച്ച് പ്രവർത്തിച്ച് മുന്നേറാനും പാപ്പ ആഹ്വാനം ചെയ്തു. അനുരഞ്ജനത്തിന് നാം സമ്മതം നൽകേണ്ടതുണ്ട്. മറ്റുള്ളവരോട് ക്ഷമിച്ചുകൊണ്ട്, ആയുധങ്ങൾ ഉപേക്ഷിച്ച്, ക്രിസ്തു മരണത്തിന്റെ ഉപകരണമായിരുന്ന കുരിശിനെ എപ്രകാരം ജീവന്റെ വൃക്ഷമാക്കി മാറ്റിയോ അതുപോലെ, മറ്റുള്ളവരോട് ക്ഷമിച്ചുകൊണ്ട്, നമ്മളും ജീവന്റെ വൃക്ഷങ്ങളായി മാറേണ്ടതുണ്ട്. മറ്റുള്ളവരെ ശിക്ഷിക്കാൻ ആഗ്രഹിക്കാതിരിക്കുകയും, പ്രതികാരം ചെയ്യാതിരിക്കുകയും മാത്രം പോരാ, അനുരഞ്ജനപ്പെടുകയും ക്ഷമിക്കുകയും വേണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

കിഴക്കൻ കോംഗോയിൽ നിന്നുള്ള കുട്ടികൾ തങ്ങളുടെ കുടുംബങ്ങളെ കൊല്ലാൻ ഉപയോഗിച്ച വെട്ടുകത്തികളും കത്തികളും പാപ്പയുടെ സാന്നിധ്യത്തില്‍ ക്രിസ്തുവിന്റെ കുരിശിന്റെ ചുവട്ടിൽ അനുരജ്ഞനത്തിന്റെ പ്രതീകമായി സമര്‍പ്പിച്ചത് അനേകരുടെ കണ്ണില്‍ ഈറനണിയിച്ചു.കിഴക്കൻ ഡിആർസിയിലെ അക്രമം ഗുരുതരമായ മാനുഷിക പ്രതിസന്ധിയാണ് ഇക്കാലയളവില്‍ ഉണ്ടാക്കിയത്. 5.5 ദശലക്ഷത്തിലധികം ആളുകൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്‌തു, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ആഭ്യന്തര കുടിയൊഴിപ്പിക്കല്‍ ഒന്നായാണ് കോംഗോയിലെ സാഹചര്യത്തെ ഏവരും നോക്കികാണുന്നത്. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ കിഴക്കൻ കോംഗോയുടെ നിയന്ത്രണത്തിനായി 120-ലധികം സായുധ സംഘങ്ങൾ പോരാടുകയാണ്. കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, കൊള്ളയടിക്കൽ തുടങ്ങീ നിരവധി അക്രമങ്ങള്‍ രാജ്യത്തു പതിവ് സംഭവമാണ്.

Tag: Catholic News, Pope Francis, Pope Francis in Democratic Republic of Congo, Victims of Violence, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »