News - 2024

ഹെയ്തിയില്‍ വൈദികനെ തട്ടിക്കൊണ്ടുപോയി: മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികള്‍

പ്രവാചകശബ്ദം 10-02-2023 - Friday

പോര്‍ട്ട് ഒ പ്രിന്‍സ്: കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയില്‍ ക്രിസ്ത്യന്‍ വൈദികനെ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികള്‍ തട്ടിക്കൊണ്ടു പോയി. ഫെബ്രുവരി 7-ന് രാവിലെ തലസ്ഥാന നഗരമായ പോര്‍ട്ട്‌-ഒ-പ്രിന്‍സില്‍ നിന്നും 20 മൈല്‍ വടക്കായി സ്ഥിതി ചെയ്യുന്ന കാസലിലെ മിഷ്ണറി കമ്മ്യൂണിറ്റി സന്ദര്‍ശിക്കുവാന്‍ പോകുന്ന വഴിക്കാണ് ക്ലരീഷ്യന്‍ മിഷ്ണറി സമൂഹാംഗമായ ഫാ. അന്റോയിന്‍ മക്കെയര്‍ ക്രിസ്റ്റ്യന്‍ നോവയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയതെന്നു ക്ലരീഷ്യന്‍ മിഷ്ണറീസ് ഇന്‍ഡിപെന്‍ഡന്റ് ഡെലിഗേഷന്‍ ഫോര്‍ ആന്റിലെസ് റിപ്പോര്‍ട്ട് ചെയ്തു. തട്ടിക്കൊണ്ടു പോയവര്‍ തങ്ങളുടെ സുപ്പീരിയറുമായി ബന്ധപ്പെട്ടുവെന്നും ഫാ. മക്കെയറിന്റെ മോചനത്തിനായി പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്ലരീഷ്യന്‍ മിഷ്ണറി സമൂഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കാമറൂണ്‍ സ്വദേശിയായ ഫാ. മക്കെയര്‍ കഴിഞ്ഞ ഒരുവര്‍ഷമായി കാസലിലെ സെന്റ്‌ മൈക്കേല്‍ ദി ആര്‍ച്ച് ഏഞ്ചല്‍ ഇടവകയിലെ പാറോക്കിയല്‍ വികാരിയായി സേവനം ചെയ്തു വരികയാണ്. സായുധ അക്രമി സംഘങ്ങളുടെ കൈകളിലാണ് രാഷ്ട്രത്തിന്റെ നിയന്ത്രണമെന്നും കത്തോലിക്ക സ്കൂളുകളും, ആശുപത്രികളും നിരന്തരം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കമില്ലിയന്‍ വൈദികനായ ഫാ. അന്റോണിയോ മെനെഗോണ്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വത്തിക്കാന്‍ ന്യൂസ് ഏജന്‍സിയായ ഏജന്‍സിയ ഫിദെസിന് ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അപ്രതീക്ഷിതമായ ആക്രമണങ്ങള്‍ ഹെയ്തിയിലുടനീളം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇത് അരക്ഷിതാവസ്ഥക്കും, ഭയത്തിനും, പട്ടിണിക്കും, നിരാശക്കും കാരണമായി കൊണ്ടിരിക്കുകയുമാണെന്ന് ഫാ. മെനെഗോണ്‍ പറഞ്ഞു.

ഭക്ഷണം, ഇന്ധനം, മരുന്നുകള്‍ തുടങ്ങിയ അവശ്യസാധനങ്ങളുടെ വില മൂന്നിരട്ടിയായി വര്‍ദ്ധിച്ചു കഴിഞ്ഞുവെന്ന്‍ ചൂണ്ടിക്കാട്ടിയ ഫാ. മെനെഗോണ്‍, അക്രമികളായ യുവജനങ്ങള്‍ എല്ലാം നശിപ്പിക്കുകയും, കൊള്ളയടിക്കുകയും, ഇന്ധന ഡിപ്പോകളും, സൂപ്പര്‍മാര്‍ക്കറ്റുകളും, ദേവാലയങ്ങളും, കാരിത്താസ് ഫുഡ് ബാങ്കുകളും അഗ്നിക്കിരയാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണെന്നും, ഇന്ധനവും വൈദ്യുതിയും, ഭക്ഷണവും, മരുന്നുകളും ഇല്ലാത്തതിനാല്‍ ആശുപത്രികള്‍ ഓരോന്നായി അടച്ചു പൂട്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ജൊവെനെല്‍ മോയിസ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്‍ ഉണ്ടായ അരക്ഷിതാവസ്ഥയും ഭൂകമ്പവും ഹെയ്തി ജനതയുടെ ദുരിതങ്ങളുടെ ആക്കം കൂട്ടി.


Related Articles »