News - 2024

നിക്കരാഗ്വേയില്‍ അന്യായ വിചാരണ നേരിടുന്ന ബിഷപ്പ് അല്‍വാരെസിനെ മോചിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ മെത്രാന്മാര്‍

പ്രവാചകശബ്ദം 10-02-2023 - Friday

ലണ്ടന്‍: നിക്കരാഗ്വേയില്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടത്തിന്‍ കീഴില്‍ അന്യായമായി വിചാരണ നേരിടുന്ന മതഗല്‍പ്പ രൂപതാധ്യക്ഷന്‍ ബിഷപ്പ് റോളണ്ടോ അല്‍വാരെസിനെ ഉടനടി മോചിപ്പിക്കണമെന്ന ആവശ്യവുമായി യൂറോപ്യന്‍ യൂണിയന്‍ മെത്രാന്‍ സമിതി. 2022 ഓഗസ്റ്റ് 19 മുതല്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ബിഷപ്പ് അല്‍വാരെസിനെ മോചിപ്പിക്കണമെന്ന് യൂറോപ്യന്‍ മെത്രാന്‍ സമിതിയുടെ (സി.ഒ.എം.ഇ.സി.ഇ) പ്രസിഡന്റ് കര്‍ദ്ദിനാള്‍ ജീന്‍-ക്ലോഡ് ഹോള്ളെറിച്ച് ആവശ്യപ്പെട്ടു. നിക്കരാഗ്വേന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് ബിഷപ്പ് കാര്‍ലോസ് എന്‍റിക്ക് ഹെരേര ഗുട്ടറസിനെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കത്തില്‍ കര്‍ദ്ദിനാള്‍ ഹോള്ളെറിച്ച് നിക്കരാഗ്വേയിലെ നിലവിലെ സാഹചര്യത്തില്‍ ആശങ്കയും ഖേദവും രേഖപ്പെടുത്തി.

രാഷ്ട്രത്തിന്റെ പരമാധികാരത്തിനും സുരക്ഷക്കും എതിരായി ഗൂഡാലോചന നടത്തി, വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങള്‍ക്കാണ് ബിഷപ്പ് അല്‍വാരെസ് വിചാരണ നേരിടുവാന്‍ പോകുന്നത്.

10 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചിരിക്കുന്ന വൈദികരായ ഫാ. റാമിറോ റെയ്നാള്‍ഡോ ടിജേരിനോ ഷാവേസ്, ഫാ. സാദിയേല്‍ അന്റോണിയോ യൂഗാരിയോസ് കാനോ, ഫാ. ജോസ് ലൂയിസ് ഡയസ് ക്രൂസ് എന്നിവരും, ഡീക്കനായ റാവൂള്‍ അന്റോണിയോ വെഗാ ഗോണ്‍സാലസും, ഡാര്‍വിന്‍ എസ്റ്റെലിന്‍ ലെയിവാ മാന്‍ഡോസ, മെല്‍ക്കിന്‍ അന്റോണിയോ സെന്റെനോ സെക്വീര എന്നീ സെമിനാരി വിദ്യാര്‍ത്ഥികളും, സെര്‍ജിയോ ജോസ് കാര്‍ഡെനാസ് ഫ്ലോറസ് എന്ന അത്മായനും വ്യാജ ആരോപണങ്ങളുടെ ഇരകളാണെന്നും കത്തില്‍ പറയുന്നുണ്ട്. കത്തോലിക്ക റേഡിയോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയതിനേയും, ദേവാലയങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിശ്വാസികളെ വിലക്കിയതിനേയും കത്തിലൂടെ ശക്തമായ ഭാഷയില്‍ കര്‍ദ്ദിനാള്‍ ഹോള്ളെറിച്ച് അപലപിച്ചു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിക്കരാഗ്വെയിലെ കത്തോലിക്കര്‍ നേരിട്ടുകൊണ്ടിരിക്കുന്ന മോശം സാഹചര്യത്തിന്റെ ഉദാഹരണങ്ങളാണ് ഇതെല്ലാമെന്നാണ് മെത്രാന്‍ പറയുന്നത്. നിക്കരാഗ്വേ സഭ വിശ്വാസത്തോട് കാണിക്കുന്ന പ്രതിബദ്ധതയെ “ആദരണീയം” എന്നാണ് കര്‍ദ്ദിനാള്‍ തന്റെ കത്തിലൂടെ വിശേഷിപ്പിച്ചത്. ഇത് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ സന്ദേശത്തോടുള്ള വിശ്വസ്തതയും, അയൽക്കാരന്റെ നന്മക്കായുള്ള സമര്‍പ്പണവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പെരുകിക്കൊണ്ടിരിക്കുന്ന പീഡന സാഹചര്യങ്ങളില്‍ മാതൃകയാക്കാവുന്ന സന്ദേശമാണെന്നും കര്‍ദ്ദിനാള്‍ തന്റെ കത്തിലൂടെ പറയുന്നു.

നിക്കരാഗ്വേയിലെ സഹോദരീ-സഹോദരന്മാര്‍ നേരിടുന്ന അനീതിക്കെതിരെ ഉയര്‍ന്നിട്ടുള്ള ശബ്ദത്തോടൊപ്പം തങ്ങളുടെ ശബ്ദവും ചേര്‍ക്കുന്നുവെന്നും, ബിഷപ്പ് അല്‍വാരെസിന്റേയും, മറ്റുള്ളവരുടെയും മോചനം സാധ്യമാക്കുന്നതിനായി യൂറോപ്യന്‍ സ്ഥാപനങ്ങള്‍ ശ്രമിക്കുമെന്നും പറഞ്ഞുകൊണ്ടാണ് കര്‍ദ്ദിനാള്‍ ഹോള്ളെറിച്ചിന്റെ കത്ത് അവസാനിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡതയെ ദുർബലമാക്കി, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന കുറ്റങ്ങളാണ് ബിഷപ്പ് റോളണ്ടോ അല്‍വാരെസിനു മേൽ ചുമത്തിയിരിക്കുന്നത്.


Related Articles »