News - 2025
മധ്യപ്രദേശില്‍ ക്രൈസ്തവ ആരാധനാലയം അഗ്നിയ്ക്കിരയാക്കി; ചുവരില്‍ 'റാം' എന്നെഴുതിയും ബൈബിള്‍ കത്തിച്ചും അക്രമം
പ്രവാചകശബ്ദം 13-02-2023 - Monday
നർമ്മദാപുരം: മധ്യപ്രദേശിലെ നർമ്മദാപുരം ജില്ലയിൽ ഒരു കൂട്ടം അക്രമികള്‍ ക്രൈസ്തവ ആരാധനാലയം അഗ്നിയ്ക്കിരയാക്കി. നർമ്മദാപുരംജില്ലയിലെ ഗോത്രവർഗ ആധിപത്യമുള്ള സുഖ്താവ ബ്ലോക്കിലെ ചൗകി പുര ഗ്രാമത്തിലെ ക്രിസ്ത്യൻ പ്രാർത്ഥനാലയത്തിലെ ഫർണിച്ചറുകളും മറ്റ് വസ്തുക്കളും അക്രമത്തില്‍ കത്തി നശിച്ചു. ചുവരിൽ 'റാം' എന്ന് എഴുതിയതും നാട്ടുകാർ കണ്ടെത്തി. ജില്ല ആസ്ഥാനത്ത് നിന്നു 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ദേവാലയത്തില്‍ ഇന്നലെ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കെത്തിയ വിശ്വാസികളാണ് അക്രമം നടന്നതായി കണ്ടെത്തിയത്.
അജ്ഞാതരായ പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 295 (ഏതെങ്കിലും വർഗത്തിന്റെ മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയത്തെ മുറിവേൽപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുക) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചുവരെഴുത്തില്‍ 'റാം' എന്നു എഴുതിയതിനാല്‍ അക്രമത്തിന് പിന്നില്‍ തീവ്രഹിന്ദുത്വവാദികളാണെന്ന് നിരീക്ഷിക്കപ്പെടുന്നു. വിശുദ്ധ ബൈബിള്‍ ഉള്‍പ്പെടെയുള്ളവ അഗ്നിയ്ക്കിരയാക്കിയതില്‍ ഉള്‍പ്പെടുന്നു. ജനൽ വല അഴിച്ചാണ് അക്രമികള്‍ ആരാധനാലയത്തിലേക്ക് പ്രവേശിച്ചതെന്ന് നർമ്മദാപുരം പോലീസ് സൂപ്രണ്ട് ഗുരുകരൻ സിംഗ് പറഞ്ഞു. സംഭവത്തില്‍ അക്രമികളെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന ആവശ്യവുമായി വിശ്വാസി സമൂഹം സംഘടിക്കുകയാണ്.