News

അമേരിക്കയിലെ ലോസ് ഏഞ്ചൽസ് അതിരൂപത സഹായ മെത്രാൻ വെടിയേറ്റ് കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 19-02-2023 - Sunday

ലോസ് ഏഞ്ചൽസ്: അമേരിക്കയിലെ ലോസ് ഏഞ്ചൽസ് അതിരൂപതയുടെ സഹായ മെത്രാൻ ഡേവിഡ് ഒ കോണൽ വെടിയേറ്റ് കൊല്ലപ്പെട്ടു. വർഷങ്ങളായി അതിരൂപതയിലെ കുടിയേറ്റക്കാർ, ദരിദ്രർ, സൗത്ത് ലോസ് ഏഞ്ചൽസില്‍ തോക്ക് അക്രമത്തിന് ഇരയായവർ എന്നിവരുടെ ഇടയിലെ സേവനത്തിലൂടെ പ്രസിദ്ധനായ അദ്ദേഹം ഇന്നലെ ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണി (ഇന്ത്യന്‍ സമയം ഇന്ന് ഞായറാഴ്ച പുലര്‍ച്ചെ 2:30)യോടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് അക്രമത്തിന് പിന്നില്ലെന്ന് വ്യക്തമല്ല. ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഹസീൻഡ ഹൈറ്റ്‌സിലെ ജാൻലു അവന്യൂവിലെ 1500 ബ്ലോക്കിലെ വീടിനുള്ളിലാണ് മെത്രാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെഞ്ചിൽ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയതെന്നും സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നതായും പോലീസ് സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇനിയും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

2015-ൽ ഫ്രാൻസിസ് മാർപാപ്പയാണ് അറുപത്തിയൊന്‍പതുകാരനായ ഒകോണലിനെ ലോസ് ആഞ്ചലസ് അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്. 45 വർഷത്തിലേറെയായി അദ്ദേഹം ലോസ് ഏഞ്ചൽസില്‍ സേവനമനുഷ്ഠിച്ചിരിന്നു. സാൻ ഗബ്രിയേൽ പാസ്റ്ററൽ റീജിയണിന്റെ എപ്പിസ്‌കോപ്പൽ വികാരിയായും ഒ'കോണൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോസ് ഏഞ്ചൽസ് ആര്‍ച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ട സഹായ മെത്രാൻ ഡേവിഡ് ഒകോണൽ അപ്രതീക്ഷിതമായി അന്തരിച്ചുവെന്നും തന്റെ സങ്കടം പറയാൻ വാക്കുകള്‍ കിട്ടുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു.

വൈദികനായും പിന്നീട് ലോസ് ഏഞ്ചൽസിൽ ബിഷപ്പായും നാൽപ്പത്തിയഞ്ച് വർഷക്കാലം ബിഷപ്പ് ഡേവിഡ് സേവനം ചെയ്തു. നമ്മുടെ പരിശുദ്ധ അമ്മയോട് വലിയ സ്നേഹം പുലർത്തിയിരുന്ന ആഴമായ പ്രാർത്ഥനയുടെ ആളായിരുന്നു അദ്ദേഹം. ദരിദ്രരോടും കുടിയേറ്റക്കാരോടും ഐക്യമുള്ള ഹൃദയമുള്ള വ്യക്തിയായിരുന്നു അദേഹം. ഓരോ മനുഷ്യ ജീവന്റെയും വിശുദ്ധിയും അന്തസ്സും ബഹുമാനിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിന് അഭിനിവേശമുണ്ടായിരുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് ജോസ് എച്ച് ഗോമസ് അനുസ്മരിച്ചു. സംഭവത്തെ കുറിച്ച് വരും മണിക്കൂറുകളിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് സൂചന.

Tag: Los Angeles Auxiliary Bishop David O'Connell shot and killed, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »