India - 2024

'ഡ്രൈവിംഗ് പള്ളിക്കൂട'മൊരുക്കി പൊന്നൂക്കര സെന്റ് ജോസഫ് ദേവാലയം

ദീപിക 28-02-2023 - Tuesday

തൃശൂർ: ഒരു നാടിനെ മുഴുവൻ വളയം പിടിക്കാനും ഇരുചക്രവാഹനമോടിക്കാനും പഠിപ്പിക്കുന്ന ഡ്രൈവിംഗ് പള്ളിക്കൂടമൊരുക്കി പൊന്നൂക്കര സെന്റ് ജോസഫ് ദേവാലയം. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടു തുടങ്ങിയ പരിശീലനത്തിൽ 110 പേരാണു ലൈസൻസ് സ്വന്തമാക്കിയത്. 45 പേർ ലേണിംഗ് ലൈസൻസ് നേടി പരിശീലനത്തിലാണ്. പഠിക്കാനെത്തുന്നവരിൽ 90 ശതമാനവും വീട്ടമ്മമാരും വിദ്യാർഥിനികളും.

പൊന്നൂക്കര ഗ്രാമത്തിന്റെ ഡ്രൈവിംഗ് വിപ്ലവമാണു സെന്റ് ജോസഫ് ദേവാലയത്തിലെ വികാരി ഫാ. ജിമ്മി കല്ലിങ്കൽകുടിയിലും പള്ളിക്കമ്മിറ്റിക്കാരും നടപ്പാക്കിയത്. 'ഡ്രൈവിംഗ് ചലഞ്ച്' എന്ന പേരിൽ ജാതിമതഭേദമന്യേ എല്ലാവർക്കും അവസരമൊരുക്കി. പുത്തൂർ ഫൊറോനയ്ക്ക് കീഴിലുള്ള പള്ളിയിൽ ആറുമാസം മുമ്പാണു പരിശീലനം ആരംഭിച്ചത്.

ഇടവകക്കാരുമായി ആലോചിച്ചപ്പോൾ വീട്ടമ്മമാർ അടക്കമുള്ളവർ ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. ജോലിയുള്ളവരും വീട്ടമ്മമാരും സമയത്തിന്റെ അസൗകര്യവും മറ്റുചിലർ പണച്ചെലവും ചൂണ്ടിക്കാട്ടി. വാഹനമോടിക്കാൻ അറിയാമെങ്കിലും ലൈസൻസ് ഇല്ലാത്തവരുമുണ്ടായിരുന്നു. 18 തികഞ്ഞ ആർക്കും എപ്പോൾ വേണമെങ്കിലും ചുരുങ്ങിയ ചെലവിൽ ഡ്രൈവിംഗ് പഠിക്കാൻ പള്ളിക്കൂട്ടായ്മ അവസരമൊരുക്കി. എച്ചും എട്ടും പഠിക്കാൻ പള്ളിയങ്കണവും വിട്ടുനൽകി. രാവിലെ ആറുമുതലാണു ഡ്രൈവിംഗ് പരിശീലനം.

ഡ്രൈവിംഗ് പഠിക്കാൻ താത്പര്യമുള്ളവരെ വിളിച്ചുകൂട്ടി ബോധവത്കരണ ക്ലാസ് നല്കി. തൃശൂരിലെ കിഷ്, മരത്താക്കരയിലുള്ള ടോപ് ഗിയർ, പുത്തൂരിലെ ലേണേഴ്സ് ഡ്രൈവിംഗ് സ്കൂളുകളാണു കുറഞ്ഞ ചെലവിൽ പഠിപ്പിക്കാൻ തയാറായത്. തൃശൂർ ആർടിഒയുമായി ബന്ധപ്പെട്ടപ്പോൾ രണ്ടുപേരെ അയച്ചു റോഡ് സുരക്ഷയെ ക്കുറിച്ചു ക്ലാസെടുത്തു. ഇരിങ്ങാലക്കുട, തൃശൂർ ആർടിഒകളുടെ കീഴിലാണു ലേണേഴ്സ്, ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തിയത്. ആദ്യ ബാച്ചിൽ ലൈസൻസ് കിട്ടിയവർക്കു പള്ളി തിരുനാളിനോടനുബന്ധിച്ച് ആർടിഒ നേരിട്ടെത്തിയാണു നല്കിയത്.


Related Articles »