India - 2024

സന്യാസ അവഹേളനത്തിനെതിരെ ശക്തമായ താക്കീതുമായി കണ്ണൂരില്‍ പ്രതിഷേധ മാര്‍ച്ച്

പ്രവാചകശബ്ദം 21-03-2023 - Tuesday

കണ്ണൂർ: ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന കക്കുകളി നാടകത്തിനെതിരേയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നതിനെതിരായും മലബാർ ക്രൈസ്തവ സമൂഹത്തിന്റെ നേതൃത്വത്തിൽ കണ്ണൂര്‍ കളക്ടറേറ്റിലേക്കു നടത്തിയ മാർച്ചും പ്രതിഷേധ സംഗമവും നടത്തി. സന്യാസത്തെ അധിക്ഷേപിക്കുന്നതിനായി ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നതായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സമർപ്പിതർ ഇല്ലായിരുന്നുവെങ്കിൽ കേരളത്തിലെ തെരുവുകളിൽ എത്രയോ ബാല്യങ്ങൾ അലഞ്ഞുതിരിഞ്ഞേനെയെന്നും കക്കുകളി എഴുതിയവരോ, അഭിനയിച്ചവരോ എന്നെങ്കിലും ഇതിന്റെ കണക്കെടുത്തിട്ടുണ്ടോയെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

മഠത്തിന്റെ അകത്തളങ്ങളിലേക്കു വന്നാൽ സന്യാസത്തിന്റെ മഹത്വങ്ങൾ കാണാം. സന്യാസത്തിന്റെ ചിന്താധാര തെറ്റാണെന്നു പറഞ്ഞാൽ കാറൽ മാർക്സിന്റെ കമ്യൂണിസവും തെറ്റാണെന്നു പറയാൻ കഴിയും. കാറൽ മാർക്സിന്റെ ആശയം എല്ലാം എല്ലാവർക്കും പൊതുവായി ഉപയോഗിക്കുക, അധ്വാനത്തിലൂടെ കൈവരുന്നത് തുല്യമായി വീതിക്കുക എന്നതാണ്. ഈ ആശയം ക്രൈസ്തവ സന്യാസിമാരിൽനിന്നു കടമെടുത്തതാണ്. കക്കുകളി എന്ന നാടകം കണ്ടാൽ സന്യാസം ആവിയായി പോകുമെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. കക്കുകളിയല്ല, എന്തു കളി കളിച്ചാലും സന്യാസത്തിന്റെ അടിത്തറ ഇളക്കാൻ സാധ്യമല്ലെന്നു ബിഷപ് പറഞ്ഞു.

പ്രതിഷേധ സംഗമത്തിൽ കെസിവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ. ജിൻസ് വാളിപ്ലാക്കൽ ആമുഖാവതരണവും സിസ്റ്റർ ആൻസി പോൾ എസ്എച്ച് ആമുഖപ്രസംഗവും നടത്തി. റവ. ഡോ. ടോം ഓലിക്കരോട്ട് വിഷയാവതരണം നടത്തി. സിസ്റ്റർ ഡോ. വന്ദന എംഎസ്എംഐ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത്, ബത്തേരി രൂപത പ്രതിനിധി ഫാ. ചാക്കോ ചേലമ്പറമ്പിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.


Related Articles »