India - 2024
മാർ ജോസഫ് പവ്വത്തിലിന്റെ സഭാദർശനം സ്വീകരിക്കുവാൻ അവസരം ലഭിച്ച രൂപതയാണ് കാഞ്ഞിരപ്പള്ളി: മാർ ജോസ് പുളിക്കൽ
പ്രവാചകശബ്ദം 26-03-2023 - Sunday
കാഞ്ഞിരപ്പള്ളി: ദീർഘദർശിയായ മാർ ജോസഫ് പവ്വത്തിലിന്റെ സഭാ ദർശനം അതിന്റെ തനിമയിൽ സ്വീകരിക്കുവാൻ അവസരം ലഭിച്ച രൂപതയാണ് കാഞ്ഞിരപ്പള്ളിയെന്നത് അഭിമാനത്തോടെ സ്മരിക്കുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട മാർ ജോസഫ് പവ്വത്തിൽ അനുസ്മരണ സമ്മേളനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സുവിശേഷത്തിന്റെ ചൈതന്യം ജീവകാരുണ്യ സാമൂഹിക സേവന മേഖലയിലൂടെ പകർന്ന് രൂപതയുടെ സമഗ്ര വളർച്ചയ്ക്ക് അടിസ്ഥാനമിട്ടത് മാർ പവ്വത്തിലായിരുന്നുവെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. ബിഷപ്പ് മാർ മാത്യു അറയ്ക്കൽ അനുസ്മരണ സന്ദേശം നടത്തി.
രൂപത വികാരി ജനറാൾ റവ.ഡോ. ജോസഫ് വെള്ളമറ്റം സ്വാഗതമാശംസിച്ച സമ്മേളനത്തിൽ മാർ പവ്വത്തിൽ ചങ്ങനാശേരി മെത്രാപ്പോലീത്തയായി യാത്രയായതിനോടനുബന്ധിച്ച് രൂപത ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച സന്ദേശം വികാരി ജനറാൾ ഫാ. ബോ ബി അലക്സ് മണ്ണംപ്ലാക്കൽ വായിച്ചു. മാർ ജോസഫ് പവ്വത്തിലിനെക്കുറിച്ചുള്ള ഓർമകൾ അദ്ദേഹത്തോടൊപ്പം വിവിധ തല ങ്ങളിൽ ശുശ്രൂഷ ചെയ്ത ഫാ. മാത്യു ഏറത്തേടം, ഫാ. സേവ്യർ കൂടപ്പുഴ, ഫാ. ജയിംസ് തലച്ചെല്ലൂർ, ഫാ. തോമസ് പൂവത്താനിക്കുന്നേൽ, സിസ്റ്റർ ക്രിസ്റ്റി സിഎംസി, സിസ്റ്റ ർ ആനി ജോൺ എസ്എച്ച്, പ്രഫ.വി.ജെ. മാത്യു വെട്ടിയാങ്കൽ, നോബിൾ മാത്യു, ആൻസി വെട്ടിയാങ്കൽ എന്നിവർ പങ്കുവയ്ച്ചു. വികാരി ജനറാൾ റവ.ഡോ. കുര്യൻ താമരശേരി നന്ദിയർപ്പിച്ചു.