Saturday Life In Christ - 2025

നാം തിരിച്ചറിയാതെ പോകുന്ന ഒന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍: ആഴമേറിയ കുമ്പസാരത്തിന് ഇതാ ഒരു സഹായി

പ്രവാചകശബ്ദം 22-06-2023 - Thursday

സ്വര്‍ഗ്ഗീയ പിതാവ് ആത്മാവിന്റെ വിശുദ്ധീകരണത്തിന് വേണ്ടി നമ്മുക്കായി ഒരുക്കിയിരിക്കുന്ന കുമ്പസാരമെന്ന പരിപാവനമായ കൂദാശ ഈ നാളുകളില്‍ സ്വീകരിക്കാന്‍ നമ്മുക്ക് തയാറെടുക്കാം. പലപ്പോഴും അറിവില്ലായ്മ കൊണ്ടും നിസംഗത കൊണ്ടും നാം വിട്ടുകളയുന്ന ഒന്നാം പ്രമാണത്തിലെ ഗൗരവകരമായ പാപങ്ങളെ കുറിച്ചുള്ള വിചിന്തനമാണ് ഈ ലേഖനത്തില്‍ നല്‍കുന്നത്.

ഇതിലെ ഓരോ പാപങ്ങളെയും കുറിച്ച് ഓര്‍ത്ത് ആഴമായി അനുതപിക്കുവാനും ഹൃദയം തുറന്ന്‍ അവ ഏറ്റുപറഞ്ഞു കുമ്പസാരം നടത്തുവാനും നമ്മുക്ക് പ്രത്യേകം ശ്രമിക്കാം. രഹസ്യ സ്വഭാവത്തോട് കൂടി പേപ്പറില്‍ നമ്മുടെ പാപങ്ങള്‍ എഴുതി കുമ്പസാരത്തിന് കൊണ്ടുപോകുന്നത് ഏറ്റുപറച്ചില്‍ കൂദാശ അതിന്റെ പൂര്‍ണ്ണതയോടെ സ്വീകരിക്കാന്‍ ഏറെ സഹായകരമാണ്. ആഴമേറിയ അനുതാപത്തോടെ ഈ ലേഖനത്തില്‍ പറയുന്ന ഓരോ പാപങ്ങളെയും തിരിച്ചറിയാം, ഉടനെ തന്നെ അനുരജ്ഞന കൂദാശ സ്വീകരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യാം.

* പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും കൂടി ദൈവമായ കർത്താവിനെ ആരാധിക്കേണ്ടതിനുപകരം ഹൃദയത്തിൽ ദൈവത്തിനു കൊടുക്കേണ്ട സ്ഥാനം അന്യദൈവങ്ങൾക്കോ വ്യക്തികൾക്കോ വസ്തുക്കൾക്കോ, മറ്റ് എന്തിനെങ്കിലുമോ നൽകുന്നത് വിഗ്രഹാരാധനയാണ്.

A) സാത്താൻ വിഗ്രഹമായെങ്കിൽ: ‍

1. സാത്താൻസേവ നടത്തിയിട്ടുണ്ടോ ? (2 തെസ. 2:3-10, ഹെബ്രാ. 6:4-8)

2. സാത്താൻസഭയിൽ അംഗമായിട്ടുണ്ടോ?

3. കറുത്ത കുര്‍ബാന / ബ്ലാക്ക് മാസിൽ പങ്കെടുത്തിട്ടുണ്ടോ?

4. ഇത്തരക്കാരുടെ ആരാധനയ്ക്കായി തിരുവോസ്തി മോഷ്ടിച്ചു നൽകിയിട്ടുണ്ടോ?

5. അത്തരക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോ?

6. ഓജോ ബോർഡ് ഉപയോഗിച്ചിട്ടുണ്ടോ? അതിനായി മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ?

7. സാത്താനികമായ മ്യൂസിക് ആസ്വദിച്ചിട്ടുണ്ടോ? അത് കേള്‍ക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ?

8. സാത്താനെ ചിത്രീകരിക്കുന്ന അടയാളങ്ങളോ, ചിത്രങ്ങളോ പതിച്ച ലോക്കറ്റുകൾ, മോതിരങ്ങൾ, സ്റ്റിക്കറുകൾ, വസ്ത്രങ്ങൾ എന്നിവ ധരിച്ചിട്ടുണ്ടോ?

9. ഇത്തരം സംഘടനകളുമായുള്ള ഏതെങ്കിലും തരത്തിലുള്ള ബന്ധങ്ങൾ, നിർദ്ദേശങ്ങൾ അനുസരിക്കൽ / അവരുടെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കുന്നത് തുടങ്ങിയ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തിട്ടുണ്ടോ?

B) അന്യദൈവങ്ങൾ വിഗ്രഹമായെങ്കിൽ

1. ഏക സത്യദൈവമായ യേശു ക്രിസ്തുവല്ലാതെ ഏതെങ്കിലും ദൈവസങ്കല്‍പ്പങ്ങളെ ആരാധിച്ചിട്ടുണ്ടോ?

2. അവയോടു അടുപ്പം/ ആഭിമുഖ്യം കാണിച്ചിട്ടുണ്ടോ? (പുറ.23:13).

3. അത്തരത്തിലുള്ള ദൈവീക സങ്കല്‍പ്പങ്ങളെ വണങ്ങിയിട്ടുണ്ടോ?

4. വിഗ്രഹങ്ങളെ ആരാധിച്ചിട്ടുണ്ടോ?

5. അവയ്ക്ക് നേർച്ചകാഴ്ച്ചകളും വഴിപാടുകളും നേരിട്ടോ മറ്റുള്ളവർ വഴിയോ സമർപ്പിക്കൽ നടത്തിയിട്ടുണ്ടോ? (ജ്ഞാനം 14:8-11, 27:30, റോമ. 1:23).

6. അത്തരത്തില്‍ വിജാതീയ ആരാധന നടത്തുവാന്‍ ആരെയെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ?

7. വിഗ്രഹങ്ങൾക്കർപ്പിച്ച വസ്തുക്കൾ ആദരപൂര്‍വ്വം ഉപയോഗിച്ചിട്ടുണ്ടോ? (1 കോറി: 10:14-21).

8. മന്ത്രവാദം, കൂടോത്രം, ക്ഷുദ്രവിദ്യ, ചാത്തന്‍സേവ എന്നിവയിലാശ്രയിച്ച് മന്ത്രവാദികൾ, കൂടോത്രക്കാർ, വെളിച്ചപ്പാട്, മുസലിയാര്, സേവക്കാർ, കണിയാന്മാർ, ജാതകം എഴുതുന്നവർ, പ്രശ്‌നം വയ്‌പുകാർ, ജ്യോത്സ്യന്മാർ, കൈനോട്ടക്കാര്‍, മുഖലക്ഷണം നോക്കി പറയുന്നവര്‍ - തുടങ്ങിയവരെ സമീപിക്കുകയോ അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുകയോ ചെയ്‌തിട്ടുണ്ടോ? (ലേവ്യ. 20:6, നിയമാ 18:9-14).

9. ഇത്തരക്കാർ പൂജിച്ചുതന്ന മന്ത്രത്തകിട്, ഏലസ്സ്, ലോക്കറ്റുകൾ, ചരട്, എണ്ണ തുടങ്ങിയവയോ ആനവാൽ മോതിരം, ഭാഗ്യക്കല്ലുകൾ മുതലായവയോ ശരീരത്തിൽ ധരിക്കുകയോ, കൈവശം വയ്ക്കുകയോ ചെയ്‌തിട്ടുണ്ടോ? (ഹെബ്രാ. 13:18-20).

10. ഇത്തരത്തില്‍ ലഭിച്ചതു ധരിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ?

11. കൂടോത്രം അടക്കമുള്ള ഏതെങ്കിലും തരത്തിലുള്ള ദുരാചാരങ്ങൾ നടത്തുകയോ, അതിനായി ആഗ്രഹിക്കുകയോ, ആരെയെങ്കിലും അതിനായി പ്രേരിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടോ?

12. കൂടോത്രവുമായി ബന്ധപ്പെട്ട വസ്തുക്കളോ, പഞ്ചലോഹങ്ങൾ കൊണ്ടുള്ള വസ്തുക്കളോ, മന്ത്രവാദികൾ, കണിയാന്മാർ തുടങ്ങിയവർ പൂജിച്ച ഏതെങ്കിലും വസ്തുക്കൾ, വീട്ടിലോ, പറമ്പിലോ, സ്ഥാപനങ്ങളിലോ കുഴിച്ചിടുകയോ, കൈവശം വയ്ക്കുകയോ ചെയ്‌തിട്ടുണ്ടോ? (നിയ 7:25-26).

13. ദൈവത്തിൽ ആശ്രയിക്കേണ്ടതിനുപകരം വാരഫലം, രാഹുകാലം, കൈനോട്ടം, മുഹൂർത്തം, നാൾനോട്ടം, നക്ഷത്രഫലം, ജാതകം, മഷിനോട്ടം, പക്ഷിശാസ്ത്രം, കവടി നിരത്തൽ, ജ്യോതിഷം, മുഖലക്ഷണം, ശകുനം, നിമിത്തം, ഗ്രഹനില തുടങ്ങിയ അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും വിശ്വസിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ടോ? ഇതിനായി മറ്റുള്ളവരെ പ്രേരിപ്പിച്ചിട്ടുണ്ടോ? (പ്രഭാ. 34:5).

14. പ്രപഞ്ചശക്തികളായ സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ, വായു, കടൽ, നദികൾ, അഗ്നി, മൃഗങ്ങൾ, ഇഴജന്തുക്കൾ, പക്ഷികൾ തുടങ്ങിയ സൃഷ്ടികളെ പൂജിച്ചിട്ടുണ്ടോ? വണങ്ങിയിട്ടുണ്ടോ? (നിയ 4:19)

15. അന്ധവിശ്വാസങ്ങൾ - പൂച്ച വിലങ്ങനെ ചാടുന്നത്, പല്ലി ചിലയ്ക്കുക, വലതുകാൽവെച്ചു കയറുന്നത്, ഒന്നു പിഴച്ചാൽ മൂന്ന്, നിറകുടം, കാലിക്കുടം, മൂന്നു പേർ ഒരുമിച്ചുപോയാൽ, നാലാമത്തെ പെണ്ണ്, കണികാണൽ, കൈനീട്ടം, ഒന്നാം തീയതി കയറുന്ന വ്യക്തി, തുടങ്ങിയ അന്ധവിശ്വാസങ്ങളിലും ദുരാചാരങ്ങളിലും വിശ്വസിച്ചിട്ടുണ്ടോ? ആശ്രയിച്ചിട്ടുണ്ടോ? (റോമ. 14:23).

16. വീടിന്റെ അതിരുകള്‍ വിലക്കിയിട്ടുണ്ടോ?

17. വിശുദ്ധര്‍ക്കു അമിത പ്രാധാന്യം നല്‍കിയിട്ടുണ്ടോ?

18. ദൈവത്തെക്കാള്‍ അധികം വിശുദ്ധരെ ഭയപ്പെടുകയോ വണങ്ങുകയോ ചെയ്തിട്ടുണ്ടോ?

(സക്രാരിയിലെ ദിവ്യകാരുണ്യത്തെ വണങ്ങാതെ, വിശുദ്ധരുടെ രൂപങ്ങള്‍ മാത്രം വണങ്ങിപോകുന്നത് അടക്കമുള്ള തെറ്റുകള്‍).

19. ദൈവത്തില്‍ വിശ്വാസമില്ലായ്മ കാണിച്ചിട്ടുണ്ടോ?

20. കൂദാശകളില്‍ വിശ്വാസമില്ലായ്മ കാണിച്ചിട്ടുണ്ടോ? അവയെ പരിഹസിച്ചിട്ടുണ്ടോ?

21. പ്രത്യേക മാസങ്ങള്‍, കാലങ്ങള്‍, തീയതികള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയിട്ടുണ്ടോ?

C) ഹൃദയത്തിലുള്ള വ്യക്തിവിഗ്രഹങ്ങൾ

1. ദൈവപ്രീതിയെക്കാൾ മനുഷ്യപ്രീതിക്കു പ്രാധാന്യം കൽപിച്ചിട്ടുണ്ടോ?

2. വ്യക്തിപൂജ - കുട്ടിദൈവങ്ങൾ, അവതാരങ്ങളെന്ന് അവകാശപ്പെടുന്നവർ, സിനിമാതാരങ്ങൾ, കായികതാരങ്ങൾ, രാഷ്ട്രീയനേതാക്കൾ തുടങ്ങിയവർ വിഗ്രഹങ്ങൾ ആയിട്ടുണ്ടോ?

3. പ്രസ്ഥാനങ്ങൾ, പ്രത്യയ ശാസ്ത്രങ്ങൾ, അധികാരികൾ, ജീവിതപങ്കാളി, മക്കൾ, മറ്റു കുടുംബാംഗങ്ങൾ, കൂട്ടുകാർ, തുടങ്ങിയ ബന്ധങ്ങൾ വിഗ്രഹങ്ങളായിട്ടുണ്ടോ?

4. അഹങ്കാരം - (അഹംഭാവം - 'ഞാൻ' എന്ന ഭാവം) 'ഞാൻ' സ്വയം വിഗ്രഹമാകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടോ?

5. അധികാരം, സ്ഥാനമാനങ്ങൾ, സൗന്ദര്യം, ആരോഗ്യം, വിദ്യാഭ്യാസം, സമ്പത്ത്, കഴിവുകൾ, കുടുംബമഹിമ, തുടങ്ങിയവ ഓർത്തുള്ള അഹങ്കാരം / മുൻകോപം / മർക്കടമുഷ്ടി, പിടിവാശി എന്നിവ ഉണ്ടായിട്ടുണ്ടോ?

6. സ്വന്തം അഭിപ്രായങ്ങളും തീരുമാനങ്ങളും മുറുകെപ്പിടിച്ച് അന്യരെ അവഗണിച്ചിട്ടുണ്ടോ?

7. ധാര്‍ഷ്ട്യ സ്വഭാവത്തോടെ പെരുമാറിയിട്ടുണ്ടോ?

8. മറ്റുള്ളവരെ പരിഹസിക്കുന്ന സ്വഭാവം / കുറ്റം വിധിക്കൽ, കുറ്റംപറച്ചിൽ എന്നിവ നടത്തിയിട്ടുണ്ടോ?

9. തിരുത്തലുകൾ സ്വീകരിക്കാനുള്ള എളിമയില്ലായ്മ കാണിച്ചിട്ടുണ്ടോ?

10. പൊങ്ങച്ചം / സ്വയം പുകഴ്ത്തൽ / സ്വാർത്ഥ സ്നേഹം എന്നിവ ഉണ്ടായിട്ടുണ്ടോ?

11. സ്വന്തം ഇഷ്ടങ്ങൾക്കു മാത്രം പ്രാധാന്യം കൊടുത്ത് മറ്റുള്ളവരെ അവഗണിച്ചിട്ടുണ്ടോ?

12. നേട്ടങ്ങൾ ദൈവദാനമാണെന്നറിഞ്ഞ് നന്ദി പറയാതെ സ്വന്തം മേന്മയായി കരുതി അഹങ്കരിച്ചിട്ടുണ്ടോ? (1 കോറി. 4:7, ലൂക്കാ. 17:10)

13. മറ്റുള്ളവരെ സഹായിച്ചിട്ട് അത് മേന്മയായി അവതരിപ്പിച്ചു അംഗീകാരം നേടാന്‍ ശ്രമിച്ചിട്ടുണ്ടോ?

D) വസ്തു/ സമ്പത്ത് വിഗ്രഹങ്ങളായ പാപങ്ങള്‍

1. പണം, വരുമാനമാർഗ്ഗങ്ങൾ - ജോലി, കൃഷിയിടം, ബിസിനസ് എന്നിവ വിഗ്രഹങ്ങളായി മാറിയിട്ടുണ്ടോ?

2. ദൈവത്തേക്കാള്‍ ഒന്നാം സ്ഥാനം മറ്റ് എന്തെങ്കിലും നല്‍കിയിട്ടുണ്ടോ?

3. ധൂർത്ത് / ആഡംബരം / സുഖലോലുപത /മേക്കപ്പ്, വസ്ത്രധാരണം, ഇഷ്ടഭക്ഷണം, ആഭരണങ്ങൾ, വാഹനങ്ങൾ, പാർപ്പിടം തുടങ്ങിയവ വിഗ്രഹങ്ങളായിട്ടുണ്ടോ?

4. ലഹരിവസ്തുക്കൾ - ദൈവം വിലക്കിയ മദ്യപാനം, മയക്കുമരുന്ന്, കഞ്ചാവ്, പുകവലി, പാൻമസാല, മുറുക്ക്, ചീട്ടുകളി, പൊടിവലി തുടങ്ങിയ വിഗ്രഹങ്ങളായി ആസക്തിയായി മാറിയിട്ടുണ്ടോ?

5. സിനിമാഭ്രമം - ടെലിവിഷൻ, മൊബൈൽഫോൺ, ഇന്റർനെറ്റ്, സമൂഹ മാധ്യമങ്ങള്‍ മാധ്യമങ്ങൾ എന്നിവയുടെ നിയന്ത്രണമില്ലാത്ത ഉപയോഗം ഉണ്ടായിട്ടുണ്ടോ? നിയന്ത്രണമില്ലാത്ത ഉപയോഗം അടിമത്തമാണ്, വിഗ്രഹാരാധനയാണ്.

6. മറ്റുള്ളവരെ ദുശീലങ്ങളിലേക്ക് ആകര്‍ഷിച്ചിട്ടുണ്ടോ? അതിനായി അവരെ പ്രേരിപ്പിച്ചിട്ടുണ്ടോ?

➜ E) ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഗൗരവകരമായ പാപങ്ങള്‍

1. ദൈവത്തെ സ്നേഹിക്കാതിരിന്നിട്ടുണ്ടോ?

2. ദൈവം ദാനമായി തന്ന കഴിവുകള്‍ ഉപയോഗിക്കാതിരിന്നിട്ടുണ്ടോ?

3. അനുഗ്രഹമായി അവിടുന്ന് തന്ന കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ വിമുഖത കാണിച്ചിട്ടുണ്ടോ?

4. ദൈവത്തിന് പ്രത്യേകം പ്രതിഷ്ഠിച്ചിരിക്കുന്നവരെ (മെത്രാന്‍മാര്‍, വൈദികര്‍, കന്യാസ്ത്രീകള്‍, പ്രേഷിതര്‍, വചനപ്രഘോഷകര്‍) നിന്ദിച്ചിട്ടുണ്ടോ?

5. അവരുടെ സല്‍പ്പേരിന് കളങ്കം വരുത്തിയിട്ടുണ്ടോ?

6. പള്ളിയുമായി കേസുകള്‍/ തര്‍ക്കങ്ങള്‍ നടത്തിയിട്ടുണ്ടോ?

മേല്‍ വിവരിച്ചിരിക്കുന്ന ഓരോ ചോദ്യങ്ങളിലും നമ്മുക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ ഓരോന്നും കുമ്പസാരത്തില്‍ നമ്മുക്ക് അനുതാപത്തോടെ പങ്കുവെക്കാം. അവയ്ക്കു പരിഹാരം അനുഷ്ഠിക്കാം.

(വരും ദിവസങ്ങളില്‍ 'പ്രവാചകശബ്ദം' പോര്‍ട്ടലില്‍, ഓരോ പ്രമാണങ്ങളെയും സംബന്ധിച്ചുള്ള വിവിധ പാപങ്ങള്‍ വിവരിച്ചുക്കൊണ്ടുള്ള വിശദമായ കുമ്പസാര സഹായി പ്രസിദ്ധീകരിക്കുന്നതാണ്).


Related Articles »