News - 2024
പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ വീണ്ടും ആക്രമണം
പ്രവാചകശബ്ദം 20-04-2023 - Thursday
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഇസ്ലാമാബാദിലെ ഖോഖാര്‍ പട്ടണ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ ദേവാലയത്തിനെതിരെ ആക്രമണം. ഇക്കഴിഞ്ഞ ഞായറാഴ്ച ഖോഖാര്‍ പട്ടണത്തിലെ വോയിസ് ഓഫ് ജീസസ് പ്രൊട്ടസ്റ്റന്‍റ് ദേവാലയമാണ് ആക്രമിക്കപ്പെട്ടത്. ഏപ്രില്‍ 16 സായാഹ്ന പ്രാര്‍ത്ഥനക്കിടെ 40 പേരടങ്ങുന്ന സായുധ സംഘം ദേവാലയത്തിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയും, കല്ലേറ് നടത്തുകയുമായിരുന്നു. ദേവാലയത്തിന്റെ പുറം ഭിത്തിയില്‍ വെടിയുണ്ടയുടെ മൂന്നോളം പാടുകള്‍ ദൃശ്യമാണ്. ഗേറ്റും ജനാലകളും തകര്‍ക്കപ്പെട്ടു. ആക്രമണത്തോടെ ഒന്‍പതോളം ക്രിസ്ത്യന്‍ ദേവാലയങ്ങളുള്ള മേഖലയിലെ ക്രിസ്ത്യാനികള്‍ കടുത്ത ഭീതിയിലാണ്. ദേവാലയത്തിന് ചുറ്റും പോലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തന്റെ മകളേയും കൊണ്ട് മകന്‍ വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് മോട്ടോര്‍ സൈക്കിളില്‍ എത്തിയവര്‍ അവരെ പിന്തുടര്‍ന്നെന്നും തന്റെ ഇളയ സഹോദരനും മകനും അവരെ തടയുവാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്‍ മല്‍പ്പിടുത്തമുണ്ടായതിന് പിന്നാലെയാണ് അവര്‍ മറ്റുള്ളവരെ വിളിച്ച് ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ ശ്രമിച്ചതെന്നും പ്രാദേശിക വചനപ്രഘോഷകന്‍ യൂനസ് മസിഹ വിവരിച്ചു. പരിസര പ്രദേശങ്ങളിലുള്ള ക്രൈസ്തവ സ്ത്രീകള്‍ പ്രാര്‍ത്ഥനക്ക് വരുന്ന വഴി ഇതുപോലെ മുന്‍പും ഉണ്ടായിട്ടുണ്ടെന്ന്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ആക്രമണം നടത്തിയ കൂടുതല്‍ ആളുകളുടെ പേരുകള്‍ പോലീസിനു കൈമാറിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
അറുപതോളം ക്രിസ്ത്യന്‍ കുടുംബങ്ങളാണ് ദേവാലയത്തിന് ചുറ്റും ഉള്ളത്. ദേവാലയ പരിസരത്ത് സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് മതപരമായ പ്രശ്നമല്ലായെന്ന ഖന്നാ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായ തന്‍വീര്‍ ഹുസൈന്‍ കയാനിയുടെ നിലപാടില്‍ പ്രതിഷേധവുമായി ക്രിസ്റ്റ്യന്‍ എവേക്കനിംഗ് മൂവ്മെന്റിന്റെ പ്രസിഡന്റായ ഷഹസാദ് സൊഹാത്ര രംഗത്തെത്തി. മറ്റുള്ള മതക്കാരുടെ വിഷമങ്ങളെ കുറിച്ച് അവര്‍ ചിന്തിക്കുന്നില്ലായെന്നും റമദാനില്‍ പോലും ഒറ്റക്ക് കഴിയുവാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളതെന്നും സൊഹാത്ര പറഞ്ഞു. ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ സഭാ നേതാക്കളും, മനുഷ്യാവകാശ പ്രവര്‍ത്തകരും നേരത്തെ തന്നെ ആശങ്ക രേഖപ്പെടുത്തിയിരിന്നു.