News
പീഡിത ക്രൈസ്തവരുടെ താങ്ങും തണലുമായ ഹംഗറിയിലേക്ക് ഫ്രാന്‍സിസ് പാപ്പ: സന്ദര്‍ശനത്തിന് ഇനി 10 നാള്‍ മാത്രം
പ്രവാചകശബ്ദം 18-04-2023 - Tuesday
വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ നാല്പത്തിയൊന്നാമത് അപ്പസ്തോലികയാത്ര യൂറോപ്പിലെ ഹംഗറിയിലേക്ക് ഏപ്രിൽ 28 ന് ആരംഭിക്കും. മൂന്നുദിവസം നീണ്ടുനിൽക്കുന്ന അപ്പസ്തോലിക യാത്ര ഏപ്രിൽ 30 ന് പര്യവസാനിക്കും. ഇറാഖും സിറിയയും അടക്കം ക്രൈസ്തവര്‍ ഏറ്റവുമധികം പീഡനം നേരിടുന്ന രാജ്യങ്ങളിലേക്ക് നിരവധിയായ സഹായങ്ങള്‍ എത്തിക്കുന്ന ഹംഗറി ആഗോള തലത്തില്‍ ക്രൈസ്തവ സമൂഹത്തിനു ഇടയില്‍ ശ്രദ്ധയാകര്‍ഷിച്ച രാജ്യമാണ്. 'ക്രിസ്തു നമ്മുടെ ഭാവി' എന്ന ആപ്തവാക്യമാണ് സന്ദർശനത്തിനായി ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്. വിശുദ്ധ പോൾ ആറാമൻ പാപ്പയ്ക്കും, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്കും, ബെനഡിക്ട് പതിനാറാമൻ പാപ്പായ്ക്കും ശേഷം ഹംഗറി സന്ദർശനം നടത്തുന്ന നാലാമത്തെ പത്രോസിന്റെ പിന്‍ഗാമിയാണ് ഫ്രാൻസിസ് പാപ്പ.
ഏപ്രിൽ 28 ന് ഇറ്റാലിയൻ പ്രാദേശികസമയം രാവിലെ 8.10 ന് യാത്ര പുറപ്പെടുന്ന പാപ്പയും വത്തിക്കാന്‍ പ്രതിനിധി സംഘവും, ഏകദേശം രണ്ടു മണിക്കൂറിനുള്ളില്‍ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ എത്തിച്ചേരും. രാജ്യത്തിന്റെ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പാപ്പ രാഷ്ട്രത്തലവന്മാരുമായും, നയതന്ത്ര ഉദ്യോഗസ്ഥരുമായും ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തും. തുടർന്ന് അതേ ദിവസം ഉച്ചകഴിഞ്ഞു വിശുദ്ധ സ്തേഫാനോസിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തില്‍വെച്ച് ഹംഗറിയിലെ വിവിധ രൂപതകളിൽനിന്നുള്ള മെത്രാന്മാർ, വൈദികർ, ഡീക്കന്മാർ, സമർപ്പിതർ, പ്രേഷിതപ്രവർത്തകർ എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തും.
ഏപ്രിൽ 29 ശനിയാഴ്ച സന്ദർശനത്തിന്റെ രണ്ടാം ദിവസത്തിലെ ആദ്യ പരിപാടി പാവങ്ങളും, അഭയാർത്ഥികളായുമുള്ള കൂടിക്കാഴ്ചയാണ്. ഹംഗറിയിലെ വിശുദ്ധ എലിസബത്തിന്റെ ദേവാലയമാണ് ഈ സൗഹൃദകൂടിക്കാഴ്ച്ചയ്ക്കു വേദിയാകുക. തുടർന്ന് അതേദിവസം സായാഹ്നത്തിൽ യുവജനങ്ങളുമായും പാപ്പ കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിന്റെ അവസാനദിവസമായ ഏപ്രിൽ 30 ഞായാറാഴ്ച രാവിലെ കോസുത് ലയോസ് ചത്വരത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഇതില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അന്നേദിവസം വൈകുന്നേരം നാലുമണിക്ക് സാംസ്‌കാരിക, സർവകലാശാല അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഔദ്യോഗിക യാത്രയയപ്പ് ഏറ്റുവാങ്ങിയ ശേഷം പാപ്പ വത്തിക്കാനിലേക്ക് മടങ്ങും.
2010-ല്‍ അധികാരത്തില്‍ വന്നതിനു ശേഷം പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ നേതൃത്വത്തിലുള്ള ഹംഗറി ഗവണ്‍മെന്റ് ക്രിസ്തീയ മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. പീഡിത ക്രൈസ്തവരെ പ്രത്യേകം സഹായിക്കുവാൻ ഒരു ഭരണവിഭാഗം തന്നെ രൂപീകരിച്ച രാജ്യം കൂടിയാണ് ഹംഗറി. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ അപലപിച്ചും ക്രിസ്തീയ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുമുള്ള ഹംഗറിയിലേക്ക് ഫ്രാന്‍സിസ് പാപ്പ എത്തുമ്പോള്‍ രാജ്യം വീണ്ടും ആഗോള ശ്രദ്ധ നേടുമെന്നാണ് കരുതപ്പെടുന്നത്.