News - 2024

വിശുദ്ധ നാട്ടിലെ മഗ്ദല വിസിറ്റര്‍ സെന്റര്‍ നവീകരണം പൂര്‍ത്തിയാക്കി തുറന്നു

പ്രവാചകശബ്ദം 21-04-2023 - Friday

ഗലീലി: ജെറുസലേമിലെ ഗലീലി മേഖലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മഗ്ദല വിസിറ്റര്‍ സെന്റര്‍ പുതു മാതൃകയില്‍ നവീകരണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ ഏപ്രില്‍ 15-ന് ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് മോണ്‍. പിയര്‍ബാറ്റിസ്റ്റ പിസബെല്ലയാണ് ഗലീലി മേഖലയിലെ സാന്താ മഗ്ദലന നഗരത്തില്‍ നിര്‍മ്മിച്ചിട്ടുള്ള സന്ദര്‍ശക കേന്ദ്രത്തിന്റെ കൂദാശയും, ഉദ്ഘാടനവും നിര്‍വഹിച്ചത്. നസ്രത്ത് മെത്രാന്‍ മോണ്‍. റാഫി നഫീര, ഇസ്രായേലിലെ ലത്തീന്‍ പാത്രിയാര്‍ക്കല്‍ വികാര്‍ മോണ്‍. ഗിയാസിന്റോ ബൌലോസ് മാര്‍ക്കൂസൊ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. മഗ്ദലന വിസിറ്റര്‍ സെന്ററിനെ കുറിച്ച് സെന്ററിന്റെ സ്ഥാപകനും, ഡയറക്ടറുമായ ഫാ. ജുവാന്‍ സൊളാനോ വിവരിച്ചു. വിശുദ്ധ നാട്ടിലേക്ക് എത്തുന്ന ക്രൈസ്തവ തീർത്ഥാടകരെ മഗ്ദലയിലേക്ക് സ്വാഗതം ചെയ്യുന്ന കേന്ദ്രമാണ് മഗ്ദല വിസിറ്റര്‍ സെന്ററെന്ന് ഫാ. സൊളാനോ പറഞ്ഞു.

ഇവിടെവെച്ചാണ് സന്നദ്ധ പ്രവര്‍ത്തകര്‍ സന്ദര്‍ശകരെ സ്വീകരിക്കുന്നതും, അവരുടെ തീര്‍ത്ഥാടനം ഒരുക്കുന്നതും, മഗ്ദലനയിലെ തീര്‍ത്ഥാടനത്തില്‍ അവരെ അനുഗമിക്കുന്നതെന്നും ഫാ. സൊളാനോ പറഞ്ഞു. മുന്‍പുണ്ടായിരുന്ന വിസിറ്റര്‍ സെന്‍റര്‍ ഒരു താല്‍ക്കാലിക കേന്ദ്രമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിക്കറ്റ് ഓഫീസ്, മാനേജറിന്റെ ഓഫീസ്, വെയര്‍ഹൗസ്, സുവനീര്‍ ഷോപ്പ്, കഫ്തീരിയ, ബാത്ത്റൂം തുടങ്ങിയവ അടങ്ങുന്നതാണ് പുതിയ സന്ദര്‍ശക കേന്ദ്രം. യേശുവിന്റെ അനുയായികളില്‍ ഒരാളായിരുന്ന മഗ്ദലന മറിയത്തിന്റെ ജന്മസ്ഥലമാണ് മഗ്ദല. ഒന്നാം നൂറ്റാണ്ടു മുതല്‍ക്കേ ഇതൊരു പുരാവസ്തു കേന്ദ്രമായി പരിഗണിക്കപ്പെട്ട് വരികയാണ്. മഗ്ദലയുടെ വെറും പത്ത് ശതമാനം മാത്രമാണ് ഇതുവരെ ഉദ്ഖനനം ചെയ്തിട്ടുള്ളു.

ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ മഗ്ദലയില്‍ എത്തുന്നുണ്ട്. 2019-ല്‍ 2,50,000-ത്തോളം സന്ദര്‍ശകരാണ് ഇവിടെ എത്തിയത്. കഴിഞ്ഞ വര്‍ഷം മധ്യ-പൂര്‍വ്വേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട 20 ആകര്‍ഷണ കേന്ദ്രങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ ട്രിപ്പ്‌അഡ്വൈസറിന്റെ പട്ടികയില്‍ മഗ്ദല വിസിറ്റര്‍ സെന്ററും ഇടംപിടിച്ചിരുന്നു. യുവജനങ്ങളെ ലക്ഷ്യംവെച്ചുകൊണ്ട് എന്‍കൗണ്ടര്‍ യൂത്ത്ഫെസ്റ്റ് എന്നൊരു പരിപാടിയും ഇക്കൊല്ലം മഗ്ദലന വിസിറ്റര്‍ സെന്‍റര്‍ പദ്ധതിയിടുന്നുണ്ട്.

More Archives >>

Page 1 of 837