News

ഐഎസ് കൊലപ്പെടുത്തിയ 21 കോപ്‌റ്റിക് രക്തസാക്ഷികള്‍ ഇനി ആഗോള കത്തോലിക്ക സഭയുടെ വിശുദ്ധരുടെ പട്ടികയിലും

പ്രവാചകശബ്ദം 12-05-2023 - Friday

വത്തിക്കാന്‍ സിറ്റി: ക്രിസ്ത്യൻ സഭകളുടെ ആത്മീയ കൂട്ടായ്മയുടെ അടയാളമായി കത്തോലിക്ക സഭയുടെ രക്തസാക്ഷിത്വ പട്ടികയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ കൊലപ്പെടുത്തിയ 21 കോപ്റ്റിക് ഓർത്തഡോക്സ് രക്തസാക്ഷികളെ ഉൾപ്പെടുത്തുമെന്ന് ഫ്രാൻസിസ് മാർപാപ്പ. കോപ്റ്റിക്ക് പാത്രിയാര്‍ക്കീസ് തവദ്രോസ് രണ്ടാമനുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം. ഒരേ അൾത്താരയിൽ ആഘോഷിക്കാനും രക്ഷകന്റെ ശരീരവും രക്തവും ഒരുമിച്ച് സ്വീകരിക്കാനും കഴിയുന്ന അനുഗ്രഹീതമായ ദിവസം വരെ, കോപ്റ്റിക്ക് രക്തസാക്ഷികളുടെ പ്രാർത്ഥനകൾ നമ്മുടെ സഭകളെ സൗഹൃദത്തിൽ വളരാൻ തുടർന്നും സഹായിക്കട്ടെയെന്നു പാപ്പ പറഞ്ഞു.

കൂടിക്കാഴ്ച്ചയ്ക്കിടെ പാത്രിയാര്‍ക്കീസ് തവദ്രോസ്, ഫ്രാൻസിസ് മാർപാപ്പയ്ക്ക് കോപ്റ്റിക് രക്തസാക്ഷികളുടെ തിരുശേഷിപ്പ് ഉള്‍പ്പെടുന്ന പേടകം കൈമാറി. രക്തസാക്ഷികൾ ജലത്താലും ആത്മാവിനാലും മാത്രമല്ല, രക്തത്താലും സ്നാനം ചെയ്യപ്പെട്ടുവെന്നു ഫ്രാൻസിസ് മാർപാപ്പ സ്മരിച്ചു. തങ്ങൾ അവരുടെ പ്രാർത്ഥനകൾ തേടുന്നുണ്ടെന്നും അത് അനുഗ്രഹമായി മാറുമെന്ന് വിശ്വസിക്കുന്നുവെന്നും കത്തോലിക്കരും ഈ രക്തസാക്ഷികളുടെ മാധ്യസ്ഥം തേടണമെന്ന് പാത്രിയാര്‍ക്കീസ് പറഞ്ഞു.

2015-ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ഇസ്ളാമിക സൂക്തങ്ങള്‍ ഉരുവിട്ട് ക്രൈസ്തവ കൂട്ടക്കൊല നടത്തിയത്. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ തീവ്രവാദികൾ പുറത്തുവിട്ടിരിന്നു. എന്നാൽ, ഇവരുടെ മൃതദേഹം ഏറെനാൾ അജ്ഞാതമായി തുടരുകയായിരിന്നു. 2018 ഒക്ടോബര്‍ മാസത്തില്‍ സിര്‍ട്ടെയുടെ സമീപപ്രദേശത്താണ് തലയറ്റ രീതിയില്‍ രക്തസാക്ഷികളുടെ ശരീരവശിഷ്ഠങ്ങൾ കണ്ടെത്തിയത്. ക്രിസ്തു വിശ്വാസത്തെ പ്രതി ജീവത്യാഗം ചെയ്ത ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തവദ്രോസ് രണ്ടാമൻ കോപ്റ്റിക് സഭയുടെ രക്തസാക്ഷികളായി ഉയർത്തി.

2021 ഫെബ്രുവരി മാസത്തില്‍ കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർക്കീസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വെബിനാറില്‍, കഴുത്തറുത്ത് കൊല്ലപ്പെട്ട 21 കോപ്റ്റിക് രക്തസാക്ഷികളും എല്ലാ ക്രൈസ്തവര്‍ക്കും വേണ്ടിയുള്ള വിശുദ്ധരാണെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞിരിന്നു. ഇത് രക്തത്താലുള്ള എക്യുമെനിസത്തിൻ്റെ യഥാർത്ഥ ഐക്യമാണെന്നു പാപ്പ അന്ന് പ്രസ്താവിച്ചതും ഏറെ മാധ്യമ ശ്രദ്ധ നേടി. അതേസമയം കത്തോലിക്കരല്ലാത്തവരെ റോമൻ രക്തസാക്ഷിത്വ പട്ടികയില്‍ ഉൾപ്പെടുത്തുന്നത് ഇതാദ്യമല്ല. 1054-ലെ വിഭജനത്തിന് ശേഷം സ്ലാവിക് സന്യാസിമാരായ തിയോഡോഷ്യസ്, പെസെർസ്കയിലെ ആന്‍റണി (11-ാം നൂറ്റാണ്ട്), പെർമിലെ സ്റ്റീഫൻ, റഡോനെജിലെ സെർജിയസ് (14-ാം നൂറ്റാണ്ട്) ഉള്‍പ്പെടെ നിരവധി ഓർത്തഡോക്സ് സഭാംഗങ്ങളായവരെ കത്തോലിക്ക വിശുദ്ധരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിന്നു.

More Archives >>

Page 1 of 843