News - 2024

മണിപ്പൂര്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്നത് സര്‍ക്കാര്‍ ഒത്താശയോടെയുള്ള കലാപം: ആരോപണവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍

പ്രവാചകശബ്ദം 13-05-2023 - Saturday

ഇംഫാല്‍: മണിപ്പൂരിലെ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ സര്‍ക്കാര്‍ ഒത്താശയോടെയാണെന്ന ഗുരുതര ആരോപണവുമായി മുംബൈയില്‍ സമാനമനസ്കരായ മതനിരപേക്ഷ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പത്രസമ്മേളനം. വിരമിച്ച ജസ്റ്റിസ് അഭെയ് തിപ്സെ, ഷക്കീര്‍ ഷെയിഖ്, ഡോള്‍ഫി ഡിസൂസ എന്നിവര്‍ നേതൃത്വം നല്‍കുന്ന യുണൈറ്റഡ് എഗൈന്‍സ്റ്റ് ഇന്‍ ജസ്റ്റിസ് ആന്‍ഡ്‌ ഡിസ്ക്രിമിനേഷന്‍ എന്ന സംഘടനയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മുംബൈയിലെ ‘സി.എസ്.എം.ടി’യില്‍ പത്രസമ്മേളനം സംഘടിപ്പിച്ചത്. മണിപ്പൂരിലെ ക്രിസ്ത്യന്‍ ഗോത്ര സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന അക്രമങ്ങളെ സംഘടന ശക്തമായ ഭാഷയില്‍ അപലപിച്ചു. കത്തോലിക്കാ വൈദികനായ ഫാ. ഫ്രേസര്‍ മസ്കാരന്‍ഹാന്‍സ് എസ്.ജെ, സാമൂഹ്യപ്രവര്‍ത്തകരായ ഇര്‍ഫാന്‍ എഞ്ചിനീയര്‍, സലിം ഖാന്‍, മാധ്യമപ്രവര്‍ത്തകനായ നിരഞ്ചന്‍ ടാക്ലെ എന്നിവരായിരുന്നു മുഖ്യ പ്രഭാഷകര്‍.

ഇന്ന് മണിപ്പൂര്‍ നേരിടുന്ന അപകടം ഒരുനാള്‍ നമ്മുടെ വീട്ടുവാതിക്കലും എത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയ കൂട്ടായ്മ, മറ്റ് സംസ്ഥാനങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് മുംബൈ നിവാസികളോട് അഭ്യര്‍ത്ഥിച്ചു. വിവിധ സംസ്ഥാനങ്ങളിലെ വലതുപക്ഷ സര്‍ക്കാരുകളുടെ ഉദയമാണ് ദേശവ്യാപകമായി മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അടിച്ചമര്‍ത്തല്‍ വര്‍ദ്ധിച്ചതിന്റെ കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത്. 2002-ല്‍ ഗുജറാത്തിലും, 2008-ല്‍ ഒഡീഷയിലെ കന്ധമാലിലും അക്രമങ്ങള്‍ നടന്ന സംസ്ഥാനങ്ങളിലെ ഗവണ്‍മെന്റുകള്‍ വരുത്തുന്ന ബോധപൂര്‍വ്വമായ കാലതാമസം, ഇത്തരം ആക്രമണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും പങ്കുണ്ടോ എന്ന് ചിന്തിക്കുവാന്‍ നമ്മളെ പ്രേരിപ്പിക്കുമെന്നു ഫാ. ഫ്രേസര്‍ പറഞ്ഞു. മണിപ്പൂരില്‍ സ്കൂളുകളും, കോളേജുകളും നടത്തുന്ന ജെസ്യൂട്ട് വൈദികര്‍ വരെ ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് ‘ആര്‍.എസ്.എസ്’മായി ബന്ധപ്പെട്ട് സംഘപരിവാറിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ‘വനവാസി കല്യാണ്‍ ആശ്രമം’ പ്രവര്‍ത്തകരുടെ മണിപ്പൂരിലേക്കുള്ള വരവ് വെറും ആകസ്മികത അല്ലെന്നു നാസിക്കില്‍ നിന്നുമുള്ള മാധ്യമപ്രവര്‍ത്തകനായ നിരഞ്ചന്‍ ടാക്ലെ പറഞ്ഞു. മണിപ്പൂരിലെ ഭൂരിപക്ഷ സമുദായമായ ഹിന്ദു മെയ്തി സമുദായത്തിന് പട്ടികവര്‍ഗ്ഗ പദവി നല്‍കുന്നതിനെതിരെയുള്ള ക്രിസ്ത്യന്‍ ഗോത്രവര്‍ഗ്ഗമായ കുക്കികളുടെയും, നാഗാകളുടെയും പ്രതിഷേധത്തെ സംഘടന പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. വിവാദമായ ഈ വിധിയാണ് മണിപ്പൂരില്‍ നിരവധി പേരുടെ കൊലപാതകത്തിനിടയാക്കിയ കലാപത്തിന് കാരണമായത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കിടെ അന്‍പതില്‍പരം ക്രൈസ്തവ ദേവാലയങ്ങളാണ് അക്രമികള്‍ അഗ്നിക്കിരയാക്കിയത്.

More Archives >>

Page 1 of 843