News

മനുഷ്യ ജീവനെക്കാൾ വളർത്തുമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനെ രൂക്ഷമായി വിമർശിച്ച് ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 13-05-2023 - Saturday

വത്തിക്കാന്‍ സിറ്റി: മനുഷ്യ ജീവനെക്കാൾ വളർത്തുമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന ശൈലിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പ. "ദ ജനറൽ സ്റ്റേറ്റ് ഓഫ് ദ ബർത്ത് റേറ്റ്" എന്ന പേരിൽ വത്തിക്കാന് സമീപത്ത് കോൺസിലിയാസിയോൺ ഓഡിറ്റോറിയത്തിൽവെച്ച് നടന്ന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പാപ്പ. അടുത്തിടെ ഏകദേശം അന്‍പതു വയസ്സുള്ള ഒരു സ്ത്രീ 'എന്റെ കുട്ടി' എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഒരു നായയെ ആശീര്‍വദിക്കാൻ തന്റെ പക്കൽ കൊണ്ടുവന്നത് തന്നെ അത്ഭുതപ്പെടുത്തിയതായി ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ലോകത്തിൽ വിശപ്പ് അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ വലിയ സംഖ്യ ചൂണ്ടിക്കാണിച്ചുകൊണ്ട് താൻ ആ സ്ത്രീയെ ശകാരിച്ചതായും പാപ്പ പറഞ്ഞു. സമൂഹത്തിന്റെ ഭാവിക്ക് ജനസംഖ്യാ വർദ്ധനവിന് വലിയ പ്രാധാന്യമുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ ആവർത്തിച്ചു വ്യക്തമാക്കി.

രണ്ടുദിവസമായി നടന്ന കോൺഫറൻസിൽ ഇന്നലെ വെള്ളിയാഴ്ചയാണ് ഫ്രാൻസിസ് മാർപാപ്പ വിഷയത്തിലുള്ള തന്റെ ചിന്തകൾ പങ്കുവെച്ചത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും കോൺഫറൻസിൽ പങ്കെടുത്തു. കുറച്ച് കുഞ്ഞുങ്ങള്‍ മാത്രം ജനിക്കുമ്പോൾ, ജനങ്ങൾക്ക് പ്രത്യാശയില്ല എന്ന സൂചനയാണ് അത് നൽകുന്നതെന്ന് പാപ്പ പറഞ്ഞു. ഇത് സാമൂഹ്യ, സാമ്പത്തിക പ്രത്യാഘാതങ്ങൾ മാത്രമല്ല ഉണ്ടാക്കുന്നത്, മറിച്ച് ജനസംഖ്യയിൽ ഉണ്ടാകുന്ന കുറവ് ഭാവിയെ പറ്റിയുള്ള ആത്മവിശ്വാസം ദുർബലമാക്കുന്നു. സാമൂഹിക ജീവിതം ഇല്ലാത്തത് സ്വയം ആശ്രയിക്കാൻ പ്രേരണ നൽകുകയും അത് ഒറ്റപ്പെടലിൽ കലാശിക്കുകയും ചെയ്യുന്നു.

സമ്പന്നരായവർക്ക് മാത്രമേ സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ സാധിക്കുകയുളളൂ എന്നതാണ് ഇതിന്റെ അനന്തരഫലം. കുടുംബങ്ങൾക്കും, ജനനങ്ങൾക്കും, അവസരസമത്വത്തിനും വേണ്ടിയുള്ള ഇറ്റാലിയൻ മന്ത്രാലയത്തിന്റെ പിന്തുണയോടെ 'ഫൗണ്ടേഷൻ ഫോർ ബർത്ത്സ് ആൻഡ് ദ ഫാമിലി അസോസിയേഷൻസ് ഫോറം' ആണ് 'ദ ജനറൽ സ്റ്റേറ്റ് ഓഫ് ദ ബർത്ത് റേറ്റ് കോൺഫറൻസ്' സംഘടിപ്പിച്ചത്. ഇതിനുമുമ്പ് സമാനമായ രണ്ടു വാർഷിക കോൺഫറൻസുകൾ നടന്നിട്ടുണ്ട്. ഇത് രണ്ടാമത്തെ തവണയാണ് ഫ്രാൻസിസ് മാർപാപ്പ കോൺഫറൻസിൽ പങ്കെടുക്കുന്നത്. 2022ൽ ഇറ്റലിയിൽ 393,000 ശിശുക്കളാണ് ജനിച്ചത്. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കാണ്. ഇതേ വർഷം തന്നെ ഏഴു ലക്ഷത്തോളം ആളുകൾ രാജ്യത്ത് മരണമടഞ്ഞിരിന്നു.

More Archives >>

Page 1 of 843