Events

ആഗസ്റ്റ്‌ മാസ സെക്കന്‍റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനില്‍ ശക്തരായ ആത്മീയ ശുശ്രൂഷകര്‍‍ ഒന്നു ചേരുന്നു; ആയിരങ്ങള്‍ക്ക് ആത്മനിറവേകാന്‍ അവധിക്കാല കണ്‍വെന്‍ഷന്‍

ജോസ് കുര്യാക്കോസ് 02-08-2016 - Tuesday

നവീകരണ രംഗത്തെ ശക്തരായ 4 വ്യക്തിത്വങ്ങള്‍ ഒന്നുചേരുന്ന ആഗസ്റ്റ്‌ മാസ കണ്‍വെന്‍ഷന്‍ അഭിഷേകത്തിന്‍റെ ആത്മമാരി ദൈവജനത്തിലേക്ക് ഒഴുക്കും. ആരോഗ്യ കാരണങ്ങളാല്‍ വിശ്രമജീവിതം തെരഞ്ഞെടുത്ത ആര്‍ച്ച്‌ ബിഷപ്പ് കെവിന്‍ മക്ഡോണാള്‍ഡ് വര്‍ഷം മുഴുവന്‍ തിരക്കുള്ള വ്യക്തിയായി മാറിയിരിക്കുന്നു. തന്‍റെ റിട്ടയര്‍മെന്‍റും ഇപ്പോഴുള്ള ശക്തമായ നവീകരണ ശുശ്രൂഷകളും "വിളിക്കുള്ളിലും വിളി"യായി കാണുന്ന ആര്‍ച്ച്‌ ബിഷപ്പിന്‍റെ സാന്നിധ്യം ഓരോ മാസവും വര്‍ദ്ധിച്ചു വരുന്ന English Community ക്ക് അഭിഷേകത്തിന്‍റെ പുതിയ വാതിലുകള്‍ തുറന്നുകൊടുക്കും.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍‍ പരിശുദ്ധാത്മാവിന്‍റെ കൊടുങ്കാറ്റുയര്‍ത്തിയ വിന്‍സെന്‍ഷ്യന്‍ വൈദികന്‍ ഫാ. ആന്‍റണി പറങ്കിമാലില്‍ സെക്കന്‍റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനില്‍ ദൈവവചനത്തിന്‍റെ പ്രവാചക ശബ്ദമായി മാറും. കത്തോലിക്കാ സഭയിലെ രോഗശാന്തി ശുശ്രൂഷകരുടെ മുന്‍നിരയിലേക്ക് ദൈവാത്മാവ് വഴി നടത്തുന്ന ബ്രദര്‍ സാബു ആറുതൊട്ടിയില്‍ രോഗശാന്തി ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുമ്പോള്‍, അത്ഭുതകരമായ രോഗശാന്തികള്‍ക്ക് ബഥേല്‍ സാക്ഷ്യം വഹിക്കും.

യുവതീ യുവാക്കള്‍ക്കൊപ്പം പോളണ്ടിലെ യുവജന സമ്മേളനം കഴിഞ്ഞു എത്തിച്ചേരുന്ന ഫാ. സോജി ഓലിക്കല്‍ 8 am മുതല്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. "ഹോളി ഫെയര്‍ കാത്തലിക് വര്‍ഷിപ്പ് കമ്മ്യൂണിറ്റി" നേതൃത്വം നല്‍കുന്ന Praise & Worship ഈ കണ്‍വെന്‍ഷന്‍റെ പ്രത്യേകതയായിരിക്കും. 20-ല്‍ അധികം ശുശ്രൂഷകര്‍ ഒന്നുചേര്‍ന്ന് മെയിന്‍ സ്റ്റേജില്‍ ഒരു മണിക്കൂറോളം ദൈവജനത്തെ സ്വര്‍ഗീയ സംഗീതത്തിന്‍റെ അഭിഷേകത്തിലേക്ക് വഴി നടത്തും.

അതിശക്തമായ ആത്മീയ ശുശ്രൂഷകളാണ് ഈ കാലയളവില്‍ സെഹിയോന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. Belfort, Ireland രാജ്യങ്ങളില്‍ കുട്ടികള്‍ക്കായി നടന്ന ശുശ്രൂഷകള്‍ നൂറുകണക്കിന് കുട്ടികള്‍ക്ക് യേശുവിനെ രുചിച്ചറിയുവാന്‍ കാരണമായി. യുവതീയുവാക്കള്‍ക്കായി നടന്ന Swindon SOE, ടീനേജ് കുട്ടികള്‍ക്കായി നടന്ന Huntigton SOE തുടങ്ങിയവ അനേകം കുടുംബങ്ങള്‍ക്ക് അനുഗ്രഹ കാരണമായി മാറി.

World Youth day trip, Orissa Mission അമേരിക്കന്‍ യുവതീയുവാക്കള്‍ ഒന്നുചേരുന്ന അട്ടപ്പാടി Retreat, കേരളത്തില്‍ നടക്കുന്ന Fire and Glory Conference തുടങ്ങിയവ അവധിക്കാല ശുശ്രൂഷകളുടെ ആകര്‍ഷണങ്ങളാണ്. ഡാര്‍ലിങ്ടണിലും ലണ്ടനിലും നടത്തപ്പെടുന്ന യുവതീയുവാക്കളുടെ ധ്യാനങ്ങള്‍ Sehionuk Website-ല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

പാലാ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ ഡയറക്ടറായിരുന്ന ഫാ. ജോസഫ് സ്രാമ്പിക്കല്‍ ‍സീറോമലബാര്‍ സഭയുടെ പ്രഥമ മെത്രാനായി കടന്നു വരുമ്പോള്‍ യൂറോപ്പിന്‍റെ നവ സുവിശേഷവത്ക്കരണത്തിന് ആക്കം കൂടുമെന്നതില്‍ സംശയമില്ല. യേശുക്രിസ്തുവിന്‍റെ രണ്ടാം വരവിനായി ലോകത്തെ ഒരുക്കാന്‍ പരിശുദ്ധാത്മാവ് അനേകരെ ആഹ്വാനം ചെയ്യുന്നു. നഷ്ടപ്പെടുന്ന ആത്മാക്കളെ വീണ്ടെടുക്കാന്‍, ആയിരങ്ങളുടെ കണ്ണീരൊപ്പി പ്രത്യാശ പകരാന്‍ നമുക്ക് ഒന്നുചേര്‍ന്ന്‍ അദ്ധ്വാനിക്കാം. ഈ അവധിക്കാലത്തിന്‍റെ പ്രത്യേക തേജസ്സായി സെക്കന്‍റ് സാറ്റര്‍ഡേ കണ്‍വെന്‍ഷന്‍ മാറട്ടെ.

സ്വര്‍ഗ്ഗാരോപണ തിരുനാളിന്‍റെ പ്രാര്‍ത്ഥനാ മംഗളങ്ങളോടെ ഏവരേയും യേശു നാമത്തില്‍ സെക്കന്‍റ് സാറ്റര്‍ഡേ കണ്‍വെന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നു

കണ്‍വെന്‍ഷന്‍ സെന്ററിന്റെ അഡ്രസ്സ്:

Bethel Convention Centre

Kelvin Way,

West Bromwich,

Birmingham B70 7JW