India - 2024
മാർ ജേക്കബ് തൂങ്കുഴിയുടെ മെത്രാഭിഷേക സുവർണ ജൂബിലിയാഘോഷം 20ന്
പ്രവാചകശബ്ദം 16-05-2023 - Tuesday
തൃശൂർ: മാർ ജേക്കബ് തൂങ്കുഴിയുടെ മെത്രാഭിഷേക സുവർണ ജൂബിലിയാഘോഷവും അതിരൂപത ദിനവും 20ന് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് സംഘാടക സമിതി ചെയർമാൻ മോൺ. ജോസ് കോനിക്കര പത്രസമ്മേളനത്തിൽ പറഞ്ഞു. 20ന് ഉച്ചയ്ക്ക് രണ്ടിന് മാർ ജേക്കബ് തൂങ്കുഴിയുടെ മുഖ്യ കാർമികത്വത്തിൽ ലൂർദ് ക ത്തീഡ്രലിൽ കൃതജ്ഞതാ ബലിയർപ്പിക്കും. കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ സന്ദേശം നൽകും.
വൈകുന്നേരം 4.30ന് ലൂർദ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ മുഖ്യാതിഥിയായിരിക്കും. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും.മാർ അപ്രേം മെത്രാപ്പോലീത്ത, മാർ ടോണി നീലങ്കാവിൽ, മന്ത്രി കെ. രാജൻ, മേയർ എം.കെ. വർഗീസ്, ടി.എൻ. പ്രതാപൻ എംപി, മോൺ. ജോസ് കോനിക്കര എന്നിവർ പ്രസംഗിക്കും. മറ്റു രൂപതകളിൽനിന്നുള്ള ബിഷപ്പുമാരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
1956 ഡിസംബർ 22ന് തലശേരി രൂപതയിൽ വൈദികനായ മാർ ജേക്കബ് തൂങ്കുഴി 1973 മേയ് ഒന്നിന് മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പായി. 1995 മുതൽ താമരശേരിയിലും 1997 മുതൽ തൃശൂർ അതിരൂപതയിലും സേവനമനുഷ്ഠിച്ചു.മേരിമാതാ മേജർ സെമിനാരി, ജൂബിലി മിഷൻ മെഡിക്കൽ കോളജ്, ജ്യോതി എൻജിനീയറിംഗ് കോളജ്, പാലയൂർ മഹാതീർഥാടനം, ബിഎഡ് ട്രെയിനിംഗ് കോളജ് എന്നി വയുടെ തുടക്കക്കാരനാകാനും മാർ ജേക്കബ് തൂങ്കുഴിക്ക് കഴിഞ്ഞുവെന്ന് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. മേരി റെജീന പറഞ്ഞു. പത്രസമ്മേളനത്തിൽ പബ്ലിസിറ്റി ചെയർമാൻ ഫാ. സിംസൻ ചിറമ്മൽ, ജനറൽ കൺവീനർ ഡോ. ഇഗ്നേഷ്യസ്, പബ്ലി സിറ്റി കൺവീനർ ജോർജ് ചിറമ്മൽ എന്നിവരും പങ്കെടുത്തു.