India - 2025
മാർ ജേക്കബ് തൂങ്കുഴി മെത്രാഭിഷേക സുവർണ്ണ ജൂബിലി സ്മാരക ആദ്യ ഭവനം വെഞ്ചിരിച്ചു
പ്രവാചകശബ്ദം 12-05-2023 - Friday
തൃശ്ശൂർ: തൃശ്ശൂർ അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജേക്കബ് തൂങ്കുഴിയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച്, അതിരൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ സാന്ത്വനത്തിന്റെ നേതൃത്വത്തിൽ പണിയുന്ന 50 വീടുകളിൽ ആദ്യത്തെ ഭവനം കുരിയച്ചിറയിൽ ആശിർവദിച്ചു. കുരിയച്ചിറ ഇടവകയാണ് ഈ ഭവനത്തിന്റെ നിർമ്മാണം സ്പോൺസർ ചെയ്തത്. കരിയച്ചിറ സ്പോൺസർ ചെയ്യുന്ന മൂന്നു ഭവനങ്ങളിലൊന്നാണിത്. തൃശ്ശൂർ അതിരൂപതയിലെ ജാതിമതഭേദമെന്യേ ഭവനരഹിതരും വീടില്ലാത്തവരുമായ അർഹിക്കുന്ന കുടുംബങ്ങളെ തിരഞ്ഞെടുത്തു ഭവനങ്ങൾ നൽകുവാനുള്ള പദ്ധതിയാണ് സാന്ത്വനം ഏറ്റെടുത്തിരിക്കുന്നത്.
അതിരൂപതയിലെ ഇടവകകളുടെയും സന്യാസ ഭവനങ്ങളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും വ്യക്തികളുടെയും ജാതിമതഭേദമെന്യേയുള്ള സമൂഹത്തിന്റെയും സഹകരണത്തോടുകൂടിയാണ് ഈ പദ്ധതി നടപ്പിലാക്കിവരുന്നത്. ധാരാളം സന്മനസ്സുള്ള ആളുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന രീതിയിലാണ് ജൂബിലി സ്മാരകമായ സാന്ത്വന ഭവനപദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഇതിനകം ഈ സുവർണ്ണ ജൂബിലി സ്മാരക ഭവന പദ്ധതിയിൽ ഇരുപതോളം വീടുകൾക്ക് സ്പോൺസർഷിപ്പ് ലഭിച്ചിട്ടുണ്ട്. മെയ് 20ന് നടക്കുന്ന ജൂബിലിആഘോഷത്തോടനുബന്ധിച്ച് ബാക്കിയുള്ള 30 വീടുകൾക്കുള്ള പണം കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സാന്ത്വനം.