News

വിശ്വാസത്തില്‍ നിന്നു അകന്നവര്‍ക്ക് ക്രിസ്തു സ്നേഹം പകരാന്‍ ദീര്‍ഘദൂര യാത്ര വകവെക്കാതെ ഒരു സന്യാസിനി

പ്രവാചകശബ്ദം 07-11-2024 - Thursday

റെയ്ക്ജാവിക്ക്: യൂറോപ്യന്‍ ദ്വീപ്‌ രാജ്യമായ ഐസ്ലാന്‍ഡിലെ കൊടും തണുപ്പിനെ പോലും വകവെക്കാതെ വിശ്വാസികളെ ദേവാലയവുമായി അടുപ്പിക്കുവാനും അവരുമായി സുവിശേഷം പങ്കുവെക്കുവാനും ക്രൊയേഷ്യന്‍ സ്വദേശിനിയായ കര്‍മ്മലീത്താ കന്യാസ്ത്രീയുടെ ത്യാഗം സമര്‍പ്പിത ജീവിതത്തിന്റെ ഉദാത്തമായ മാതൃകയാകുന്നു. അഞ്ഞൂറോളം കിലോമീറ്ററോളം വിസ്തൃതിയുള്ള തന്റെ ഇടവകയിലെ വിശ്വാസികളെ കാണുവാന്‍ ദിവസം തോറും 4 മണിക്കൂറാണ് സിസ്റ്റര്‍ സെലസ്റ്റീന ഗാവ്രിക്ക് സ്വന്തം ഡ്രൈവ് ചെയ്യുന്നത്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) ആണ് ക്രിസ്തുവിനെ പകരാന്‍ സിസ്റ്റര്‍ ഗാവ്രിക്ക് ഏറ്റെടുക്കുന്ന കഷ്ടപ്പാടുകള്‍ പുറം ലോകത്തെ അറിയിച്ചത്.

കഴിഞ്ഞ 20 വര്‍ഷങ്ങളായി കര്‍മ്മലീത്ത സാന്നിദ്ധ്യം ഐസ്ലാന്‍ഡില്‍ ഉണ്ടെങ്കിലും വെറും 4 കര്‍മ്മലീത്ത സന്യാസിനികള്‍ മാത്രമാണു രാജ്യത്തുള്ളത്. വ്യക്തിപരമായി ബന്ധപ്പെടുവാന്‍ കഴിയാത്തതിനാല്‍ നിരവധി വിശ്വാസികള്‍ ദേവാലയത്തില്‍ നിന്നും അകലുന്നത് കണ്ടിട്ടുണ്ടെന്നും ദേവാലയങ്ങളില്‍ ആളുകളെ കാണാത്തപ്പോള്‍, അവരെ അന്വേഷിച്ചു പോകുകയാണ് പതിവെന്നും എ.സി.എന്നുമായുള്ള അഭിമുഖത്തില്‍ സിസ്റ്റര്‍ ഗാവ്രിക്ക് പറഞ്ഞു. പ്രത്യേകിച്ച് കുട്ടികളുടെ ആത്മീയ രൂപീകരണത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് സിസ്റ്റര്‍ കാട്ടുന്നത്.

“ഒരു കുടുംബത്തില്‍ 7 വയസുള്ള കുഞ്ഞുണ്ടെന്ന് അറിയുകയാണെങ്കില്‍ ഞാന്‍ അവരുടെ വാതില്‍ക്കല്‍ മുട്ടും. നിങ്ങള്‍ക്ക് ഈ പ്രായത്തില്‍ ഒരു കുഞ്ഞുണ്ടെങ്കില്‍, കത്തോലിക്കനാണെങ്കില്‍, തന്റെ വിശ്വാസത്തേക്കുറിച്ച് കൂടുതല്‍ അറിയുവാനുള്ള അവകാശം അവനുണ്ട്” എന്നു അറിയിക്കുമെന്നും സിസ്റ്റര്‍ വിവരിച്ചു. കടുത്ത വെല്ലുവിളികള്‍ ഉണ്ടെങ്കിലും, കാര്‍മ്മലൈറ്റ്‌ സിസ്റ്റേഴ്സ് ഓഫ് ദി ഡിവൈന്‍ ഹാര്‍ട്ട് ഓഫ് ജീസസ് സന്യാസ സമൂഹാംഗമായ ഈ സന്യാസിനി തളരാന്‍ തയാറല്ല. മഞ്ഞു വീഴ്ച അടക്കമുള്ള പ്രതികൂലമായ കാലാവസ്ഥയില്‍ പോലും വിശ്വാസികളെ കാണുവാന്‍ സിസ്റ്റര്‍ പുറത്തുപോകും.

സിസ്റ്ററിന്റെ ഈ പ്രേഷിത ദൗത്യം കൂടുതല്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകുവാനും, ഇടവകയുടെ വിദൂര മേഖലയില്‍ പോലും എത്തിപ്പെടുന്നതിനുമായി എ.സി.എന്‍ സിസ്റ്ററിന് വാഹനം സംഭാവന ചെയ്തിരിന്നു. വിശ്വാസികളുടെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നതിന് സിസ്റ്റര്‍ മടിയില്ലായെന്നും യാത്ര സാധ്യമല്ലാത്ത അവസരങ്ങളില്‍ വീഡിയോ കോള്‍ വഴിയാണ് സിസ്റ്റര്‍ വിശ്വാസികളുമായി ബന്ധപ്പെടുന്നതെന്നും എ‌സി‌എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ സന്യാസ സമൂഹം ചൊവ്വയില്‍ മഠം തുറക്കുകയാണെങ്കില്‍, അവിടെ പോവാനും തങ്ങള്‍ തയ്യാറാണെന്നും സിസ്റ്റര്‍ ഗാവ്രിക്ക് പുഞ്ചിരിയോടെ പറഞ്ഞു. തനിക്ക് വാഹനം സമ്മാനിച്ചതിന് എ.സി.എന്നിനോട് സിസ്റ്റര്‍ നന്ദിയര്‍പ്പിച്ചു.

ഐസ്ലാന്‍ഡില്‍ ഒരു രൂപതയും (റെയ്ക്ജാവിക്ക്), അതിലെ 8 ഇടവകകളിലുമായി വെറും 14,000-ത്തോളം കത്തോലിക്കര്‍ മാത്രമാണുള്ളത്. ഓരോ ഉപഇടവകയും വളരെയേറെ ദൂരത്തായാണ് സ്ഥിതി ചെയ്യുന്നത്. നാലു ലക്ഷത്തില്‍ താഴെയുള്ള രാജ്യത്തിന്‍റെ ആകെ ജനസംഖ്യയുടെ ക്രൈസ്തവരില്‍ ഭൂരിഭാഗവും ഇവാഞ്ചലിക്കല്‍ ലൂഥറന്‍ വിശ്വാസികളാണ്.

( #Repost

Originally Published on 17 May 2023)

More Archives >>

Page 1 of 844