News - 2024

താലിബാന്‍ ഭരണത്തിന് കീഴില്‍ അഫ്ഗാന്‍ ക്രൈസ്തവരുടെ ദുരവസ്ഥ പ്രമേയമാക്കി ഡോക്യുമെന്ററി ചിത്രം

പ്രവാചകശബ്ദം 18-05-2023 - Thursday

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ക്രൈസ്തവരുടെ ദുരവസ്ഥ പ്രമേയമാക്കിയുള്ള 'ലീവ് നോ വൺ ബിഹൈൻഡ്' ഡോക്യുമെന്ററി ചലച്ചിത്രം പ്രദർശനത്തിന്. ക്രൈസ്തവ മനുഷ്യാവകാശ സംഘടനയായ ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ നേരിടേണ്ടി വന്ന പീഡനകള്‍ വിവരിക്കുന്നതിന്റെ നേര്‍ചിത്രമാണ് ഈ ദൃശ്യാവിഷ്ക്കാരം.

വിദേശികളുമായി ചേർന്ന് പ്രവർത്തിക്കുന്നത് തടയുക, വാഹനം ഓടിക്കുന്നതിനും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിനുമുള്ള വിലക്ക് തുടങ്ങിയ വിവിധ ഭീഷണികൾ തനിക്ക് താലിബാനിൽ നിന്നും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി സ്വീഡിഷ് കമ്മിറ്റിയുടെ സഹകരണത്തോടെ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിച്ചിരുന്ന ലൈല, ഡോക്യുമെന്ററി ചിത്രത്തിന്റെ ആദ്യത്തെ പൊതു പ്രദർശന വേദിയിൽ പറഞ്ഞു.

താലിബാന്‍റെ നിർദ്ദേശം അനുസരിക്കാതിരുന്നെങ്കിൽ കൊല്ലപ്പെടുമായിരുന്നുവെന്ന്‍ അവര്‍ വെളിപ്പെടുത്തി. കൈയിൽ ഒന്നുമില്ലാതെയാണ് ലൈലയും, ഭർത്താവും പലായനം ചെയ്തത്. അനധികൃതമായി മലനിരകളിലൂടെ അവർ പാക്കിസ്ഥാനിൽ എത്തിചേരുകയായിരിന്നു. തങ്ങൾക്കുണ്ടായിരുന്നത് എല്ലാം ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് പലായനം ചെയ്യേണ്ടി വന്നുവെന്ന് മറ്റൊരു ക്രൈസ്തവ അഭയാർത്ഥിയായ അലി ചിത്രത്തിൽ പറയുന്നു. അലിയുടെ ഏഴു കുട്ടികളിൽ ഒരാൾ ലുക്കീമിയ ബാധിതനാണ്. രോഗം ചികിത്സിക്കാൻ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ പിതാവിന് പാക്കിസ്ഥാനിലെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന തീവ്രവാദ ചിന്താഗതിയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെട്ട് മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തവർ തൊഴിലില്ലായ്മയും, ദാരിദ്ര്യവും അടക്കം വിവിധങ്ങളായ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. പാസ്പോർട്ട്, വിസ തുടങ്ങിയവയൊന്നും ഇവരിൽ പലർക്കും ഇല്ല. സിഎസ്ഡബ്യു പോലുള്ള സംഘടനകൾ നൽകുന്ന സഹായം കൊണ്ടാണ് ഇവർ ഇപ്പോൾ മുന്നോട്ടു പോകുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ കൂടുതല്‍ ലഭിക്കുന്നതിന് പ്രേരകമാകാന്‍ ഡോക്യുമെന്ററി ചലച്ചിത്രം സഹായിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ഇടവക തലങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് ആഹ്വാനം ചെയ്തിട്ടുണ്ട്.

Host a screening of Leave No One Behind

More Archives >>

Page 1 of 845