News

ആയിരം വർഷത്തിലേറെ പഴക്കമുള്ള ഹീബ്രു ബൈബിളിന് റെക്കോര്‍ഡ് തുക: ലേലത്തിൽ ലഭിച്ചത് 314 കോടി രൂപ

പ്രവാചകശബ്ദം 18-05-2023 - Thursday

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സമ്പൂർണ്ണ ഹീബ്രു ബൈബിളിന് ലേലത്തിൽ ലഭിച്ചതു റെക്കോര്‍ഡ് തുക. ന്യൂയോർക്കിൽ നടന്ന ലേലത്തിൽ 38.1 മില്യൺ ഡോളര്‍ അഥവാ 314,38,40,550 ഇന്ത്യൻ രൂപയാണ് ലേല തുകയായി ലഭിച്ചത്. ലേലം നടന്നതോടെ ആയിരം വർഷത്തിലേറെ പഴക്കമുള്ള ഈ ബൈബിൾ ഇതുവരെ ലേലത്തിൽ വിറ്റ ഏറ്റവും മൂല്യവത്തായ കയ്യെഴുത്തുപ്രതിയെന്ന റെക്കോർഡില്‍ ഒന്നാമതായി. റൊമാനിയയിലെ മുൻ അമേരിക്കന്‍ അംബാസഡറായ ആൽഫ്രഡ് എച്ച് മോസസാണ് പുരാതന ബൈബിള്‍ വാങ്ങിയത്.12 കിലോഗ്രാം തൂക്കമുള്ള മൃഗത്തോലിലുള്ള 792 പേജുകളിലായാണ് അപൂർവമായ സമ്പൂർണ ഹീബ്രു ബൈബിൾ തയാറാക്കിയിരിക്കുന്നത്.

ഒൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ പത്താം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള കോഡെക്‌സ് സാസൂൺ എന്നറിയപ്പെടുന്ന ഈ ഗ്രന്ഥം ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമേറിയതും സമ്പൂർണ്ണവുമായ ഹീബ്രു ബൈബിളാണ്. രണ്ട് ലേലക്കാർ തമ്മിൽ നടന്ന ലേല പോരാട്ടത്തിന് ശേഷമാണ് ബൈബിളിന് റെക്കോര്‍ഡ് തുക ലഭിച്ചത്. ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ ഈ അമൂല്യ ഗ്രന്ഥം സ്വന്തമാക്കിയതില്‍ ഏറെ സന്തോഷവാനാണെന്ന് മോസസ് ലേലത്തിന് പിന്നാലെ പറഞ്ഞു. ടെൽ അവീവിലെ യഹൂദ മ്യൂസിയത്തിന് വേണ്ടിയാണ് ആൽഫ്രഡ് പുരാതന വിശുദ്ധ ഗ്രന്ഥം സ്വന്തമാക്കിയതെന്ന് ലേല നടത്തിപ്പുകാരായ സോഥെബീസ് പിന്നീട് അറിയിച്ചു.

1994 -ൽ ലിയോനാർഡോ ഡാവിഞ്ചിയുടെ കോഡെക്‌സ് ലെയ്‌സെസ്റ്റർ കൈയെഴുത്തുപ്രതി ആയിരുന്നു ഇതുവരെ ലേലത്തിൽ പോയ ഏറ്റവും ചെലവേറിയ ഗ്രന്ഥം. അന്ന് 30.8 മില്യൺ ഡോളറിനായിരുന്നു അത് വിറ്റു പോയത്. ആ റെക്കോഡ് നേട്ടമാണ് ഇപ്പോൾ പുരാതന ഹീബ്രു ബൈബിള്‍ മറികടന്നത്. ഇതുവരെ ലേലത്തിൽ വരുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ഹീബ്രു ബൈബിളെന്ന് സോഥെബീസിന്റെ പ്രതിനിധി ഷാരോൺ മിന്റ്സ് പറഞ്ഞിരിന്നു. ബൈബിള്‍ വൈകാതെ തന്നെ ഇസ്രായേലില്‍ എത്തിക്കുമെന്നാണ് സൂചന.

More Archives >>

Page 1 of 845