India - 2024

കെട്ടിടത്തില്‍ നിന്ന് കന്യാസ്ത്രീ വീണ സംഭവം: പ്രചരണം തെറ്റിദ്ധാരണാജനകമെന്ന് എം‌എസ്‌ജെ സമൂഹം

പ്രവാചകശബ്ദം 24-05-2023 - Wednesday

കൊച്ചി: ആലുവയില്‍ ലിറ്റിൽ ഫ്‌ളവർ മിഷൻ പ്രോവിൻസ് അംഗമായ സന്യാസിനി കെട്ടിടത്തില്‍ നിന്ന് വീണ സംഭവത്തില്‍ തെറ്റിദ്ധാരണാജനകമായ പ്രചരണം നടക്കുന്നതായി മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് സന്യാസിനി സമൂഹം. വിഷയത്തില്‍ മാധ്യമങ്ങളില്‍ തെറ്റിദ്ധാരണജനകമായ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണ് സന്യാസിനി സമൂഹം പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. അപകടത്തില്‍പ്പെട്ട സി. ഹിതയുടെ ആരോഗ്യനിലയിൽ പുരോഗതി ഉള്ളതായാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നതെന്നും പോലീസ് അന്വേഷണത്തോട് സന്യാസ അധികാരികൾ പൂർണ്ണമായും സഹകരിച്ചുവരുന്നുവെന്നും എം‌എസ്‌ജെ സന്യാസിനി സമൂഹം അറിയിച്ചു.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം: ‍

MSJ (മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ്) സന്യാസിനി സമൂഹത്തിന്റെ ലിറ്റിൽ ഫ്‌ളവർ മിഷൻ പ്രോവിൻസ് അംഗമായ സി. ഹിത MSJ (മേഴ്‌സി തോമസ് -55 വയസ്) 23. 05. 2023 ഉച്ചകഴിഞ്ഞ് മൂന്നുമണി കഴിഞ്ഞപ്പോൾ ആലുവയിലുള്ള MSJ സന്യാസിനി സമൂഹത്തിന്റെ മിഷൻ ഹൗസിന്റെ മുറ്റത്ത് വീണു കിടക്കുന്ന നിലയിൽ കാണപ്പെടുകയുണ്ടായി. ഉത്തർപ്രദേശിലെ ബനാറസിന് അടുത്ത് MSJ സന്യാസിനീ സമൂഹം നടത്തിവരുന്ന ആശുപത്രിയിൽ ദീർഘകാലമായി നഴ്സ് ആയി ജോലി ചെയ്തുവന്നിരുന്ന സി. ഹിത ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് കേരളത്തിലേയ്ക്ക് തിരിച്ചെത്തിയത്.

മേൽപ്പറഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 2. 45 വരെ മറ്റു സന്യാസിനിമാർക്ക് ഒപ്പമുണ്ടായിരുന്ന സി. ഹിത മൂന്നുമണിക്കുള്ള പ്രാർത്ഥനയ്ക്ക് എത്താതായപ്പോൾ അന്വേഷിച്ചു ചെന്ന സഹസന്യാസിനിമാരാണ് അവരെ ആ നിലയിൽ കണ്ടെത്തിയത്. രണ്ടു നിലയുള്ള കോൺവെന്റ് കെട്ടിടത്തിന്റെ ടെറസിൽനിന്ന് അബദ്ധത്തിൽ വീണതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. അബോധാവസ്ഥയിലായിരുന്ന സി. ഹിതയെ ഉടൻ തന്നെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. രണ്ടാം ദിവസമായ ഇന്ന് ആരോഗ്യനിലയിൽ പുരോഗതി ഉള്ളതായാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്.

അപകടത്തിന്റെ പശ്ചാത്തലത്തിൽ നടന്നുവരുന്ന പോലീസ് അന്വേഷണത്തോട് സന്യാസ അധികാരികൾ പൂർണ്ണമായും സഹകരിച്ചുവരുന്നു. പ്രിയ സഹസന്യാസിനിക്ക് സംഭവിച്ച അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതോടൊപ്പം സുഖപ്രാപ്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. പ്രസ്തുത വിഷയത്തിൽ തെറ്റിദ്ധാരണാജനകവും ദുസ്സൂചനകളോട് കൂടിയതുമായ ചില പ്രചരണങ്ങൾ ശ്രദ്ധയിൽ പെടുകയുണ്ടായിട്ടുണ്ട്. അത്തരം നീക്കങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

പ്രോവിൻഷ്യൽ സുപ്പീരിയർ,

ലിറ്റിൽ ഫ്‌ളവർ പ്രൊവിൻസ്, ലക്നൗ.

More Archives >>

Page 1 of 527