News

ശരീരം അഴുകാത്ത നിലയിൽ കാണപ്പെട്ട് വൈറലായ ചിത്രങ്ങളിലെ ഈ സിസ്റ്റര്‍ ആരാണ്? സിസ്റ്റർ വിൽഹെൽമിനയെ കുറിച്ച് അറിയാം

പ്രവാചകശബ്ദം 25-05-2023 - Thursday

മിസോറി: അമേരിക്കയിലെ മിസോറി സംസ്ഥാനത്ത് ശരീരം അഴുകാത്ത നിലയിൽ കാണപ്പെട്ട സന്യാസിനിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇതിന് പിന്നാലെ ഈ സിസ്റ്റര്‍ ആരാണെന്നും എന്താണെന്നുമുള്ള അനേകം ചോദ്യങ്ങളും ഉയരുന്നുണ്ട്. കത്തോലിക്ക സഭയില്‍ അഴുകാത്ത നിലയില്‍ കാണപ്പെട്ട അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. ബെനഡിക്ടൻ സിസ്റ്റേഴ്സ് ഓഫ് മേരി, ക്യൂൻ ഓഫ് ദ അപ്പോസ്തൽസ് എന്ന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയായ സിസ്റ്റർ വിൽഹെൽമിന ലങ്കാസ്റ്ററിന്റെ അഴുകാത്ത ശരീരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നത്. നാലുവർഷം മുമ്പ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട തങ്ങളുടെ സന്യാസ സമൂഹ സ്ഥാപകയുടെ ശരീരം അടക്കം ചെയ്ത പെട്ടി മെയ് പതിനെട്ടാം തീയതിയാണ് തുറന്നത്. വർഷങ്ങൾക്ക് ഇപ്പുറവും ശരീരം വലിയ കേടുപാടുകൾ സംഭവിക്കാതെ ഇരിന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നൂറുകണക്കിന് ആളുകളാണ് ഇവിടേക്ക് എത്തുന്നത്.

ഗ്രിഗോറിയൻ സംഗീതത്തിന് പേരുകേട്ട സന്യാസ സമൂഹം സ്ഥാപിച്ച ആഫ്രിക്കൻ വേരുകളുള്ള സ്ഥാപകയെപ്പറ്റി കൂടുതൽ അറിയാനുള്ള ആഗ്രഹമാണ് ആളുകൾ ഇപ്പോള്‍ പ്രകടിപ്പിക്കുന്നത്. 1924 ഏപ്രിൽ പതിമൂന്നാം തീയതി സെന്റ് ലൂയിസിലാണ് കത്തോലിക്കരായ മാതാപിതാക്കളുടെ 5 മക്കളിൽ രണ്ടാമത്തെ ആളായി മേരി എലിസബത്ത് ലങ്കാസ്റ്റർ (വിൽഹെൽമിന) ജനിക്കുന്നത്. ഒന്‍പതാമത്തെ വയസ്സിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണ സമയത്ത് മേരി എലിസബത്തിന് മിസ്റ്റിക്കൽ അനുഭവം ഉണ്ടായതായി ജീവചരിത്രത്തില്‍ പറയുന്നു. യേശു അവളെ തന്റെ സ്വന്തമാക്കാൻ ക്ഷണിച്ചു. ''ഞാൻ ഇല്ല എന്ന് എങ്ങനെ പറയും?" എന്നായിരിന്നു അവളുടെ ഉത്തരം.

പതിമൂന്നാം വയസ്സിൽ ഇടവകയിലെ വൈദികൻ സന്യാസ ജീവിതം തെരഞ്ഞെടുക്കാൻ പദ്ധതിയുണ്ടോയെന്ന് ചോദിച്ചപ്പോൾ, അതുവരെ പദ്ധതി ഒന്നും ആലോചനയിൽ ഇല്ലായിരുന്നെങ്കിലും, സന്യാസ ജീവിതം തെരഞ്ഞെടുക്കുന്നത് ഉചിതമായിരിക്കുമെന്ന് അവള്‍ക്ക് തോന്നി. ഇതേ തുടര്‍ന്നു ബാൾട്ടിമോറിലെ ഒബ്ലെറ്റ് സിസ്റ്റേഴ്സ് ഓഫ് പ്രോവിഡൻസ് സുപ്പീരിയറിന് മേരി കത്തെഴുതി. ആ കത്ത്, ഇപ്രകാരമായിരിന്നു.

“പ്രിയപ്പെട്ട മദർ സുപ്പീരിയർ, ഞാൻ 13 വയസ്സുള്ള ഒരു പെൺകുട്ടിയാണ്, എനിക്ക് ഒരു കന്യാസ്ത്രീയാകാൻ ആഗ്രഹമുണ്ട്. എത്രയും വേഗം നിങ്ങളുടെ കോൺവെന്റിൽ വരാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അടുത്ത മാസം ഗ്രേഡ് സ്കൂളിൽ നിന്ന് ബിരുദം നേടും. കോൺവെന്റിൽ ചേരുമ്പോള്‍ ഞാന്‍ എന്തെങ്കിലും കൊണ്ടുവരേണ്ടതുണ്ടോ, നിങ്ങൾക്കു ഞാന്‍ എന്താണ് കൊണ്ടുവരേണ്ടത് - ഇത് എനിക്കു അറിയണമെന്നുണ്ട്. നിങ്ങളെ ഞാൻ ശല്യപ്പെടുത്തുന്നില്ലെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ ഒരു കന്യാസ്ത്രീയാകാൻ ഞാൻ ആഗ്രഹിക്കുന്നു (തീർച്ചയായും ഞാൻ ഒരു കത്തോലിക്കയാണ്.) ദൈവം നിങ്ങളെയും നിങ്ങളുടെ കീഴിലുള്ളവരെയും അനുഗ്രഹിക്കട്ടെ“.

- മേരി എലിസബത്ത് ലങ്കാസ്റ്റർ.

എന്നാൽ പ്രായം വളരെ ചെറുപ്പം ആയതിനാൽ കാത്തിരിക്കാനാണ് മറുപടി ലഭിച്ചത്. മാതാപിതാക്കൾ ഒരുപാട് കഷ്ടപ്പെട്ട് കത്തോലിക്ക വിദ്യാഭ്യാസം മേരിക്ക് നൽകി. പ്രൊട്ടസ്റ്റൻറ് സമൂഹാംഗങ്ങളായ സമാന പ്രായക്കാരുടെ ഇടയിൽ നിന്നു കുത്തുവാക്കുകൾ നേരിട്ടുവെങ്കിലും അവൾ അതെല്ലാം സഹിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിന് പിന്നാലേ ഒബ്ലെറ്റ് സിസ്റ്റേഴ്സ് ഓഫ് പ്രോവിഡൻസിൽ മേരി എലിസബത്ത് ചേര്‍ന്നു. വ്രതവാഗ്ദാന സമയത്താണ് അവർ വിൽഹെൽമിന എന്ന പേര് സ്വീകരിക്കുന്നത്. വ്രത വാഗ്ദാനം നടത്തി ഏകദേശം 50 വർഷത്തോളം മേരി ഈ സന്യാസ സമൂഹത്തോടൊപ്പം ആയിരുന്നു.

രണ്ടാം വത്തിക്കാൻ സൂനഹദോസിന് ശേഷം സന്യാസ വസ്ത്രം ഉപയോഗിക്കുന്ന കാര്യത്തിൽ തന്റെ സന്യാസിനി സമൂഹം പോലും ഇളവ് നേടിയപ്പോഴും, സന്യാസ വസ്ത്രം ഉപയോഗിക്കണമെന്നുള്ള ശാഠ്യം സിസ്റ്റർ മേരി എലിസബത്തിന് ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ മണവാട്ടിയാണ് താൻ എന്നതിനെയാണ് സന്യാസ വസ്ത്രം സൂചിപ്പിക്കുന്നതെന്ന ശക്തമായ ബോധ്യം അവള്‍ക്കുണ്ടായിരിന്നു. പരമ്പരാഗത ലത്തീൻ കുർബാന അർപ്പിക്കുന്ന പ്രീസ്റ്റ്‌ലി ഫ്രറ്റേർണിറ്റി ഓഫ് സെന്റ് പീറ്ററിന്റെ സഹകരണത്തോടെയാണ് 1995ൽ സിസ്റ്റർ വിൽഹെൽമിനയുടെ സന്യാസിനി സമൂഹം നിലവിൽ വരുന്നത്.

വൈദികർക്കുവേണ്ടി പ്രാർത്ഥിക്കുന്നതിൽ പ്രത്യേക ഊന്നൽ നൽകിയും മരിയന്‍ വണക്കത്തിന് പ്രാധാന്യം നല്‍കിയുമാണ് സന്യാസ സമൂഹം നിലക്കൊള്ളുന്നത്. 2006ലാണ് പെൻസിൽവാനിയയിൽ നിന്ന് മെത്രാന്റെ ക്ഷണം സ്വീകരിച്ച് മിസോറിയിൽ സിസ്റ്റർ വിൽഹെൽമിനയുടെ സന്യാസിനി സമൂഹം എത്തുന്നത്. ദൈനംദിന പ്രാർത്ഥനയുടെ ഭാഗമായി സന്യാസിനികള്‍ ദിവസവും അഞ്ച് മണിക്കൂർ ഒരുമിച്ച് ഗാനങ്ങള്‍ ആലപിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. 2019 മെയ് 29നാണ് സിസ്റ്റർ വിൽഹെൽമിന സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെടുന്നത്. അതേസമയം സിസ്റ്റർ വിൽഹെൽമിനയുടെ ശരീരം അഴുകാത്തത് അത്ഭുതമാണെന്ന് കത്തോലിക്ക സഭ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിശദമായ പരിശോധനങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ സഭ നിലപാട് പ്രഖ്യാപിക്കുകയുള്ളൂ.

Tag: Who was Sister Wilhelmina Lancaster, whose body is now the center of attention in Missouri?, Sister Wilhelmina Lancaster incorrupt, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 847