News - 2024

സുഡാനില്‍ യുദ്ധത്തിനിടെ സന്യാസിനികള്‍ ഉള്‍പ്പെടെ 800 പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച് കത്തോലിക്ക മനുഷ്യാവകാശ സംഘടന

പ്രവാചകശബ്ദം 25-05-2023 - Thursday

ഖാർത്തൂം: ആഭ്യന്തര യുദ്ധം ശക്തമായ സുഡാനിലെ ഖാർത്തൂം നഗരത്തില്‍ അകപ്പെട്ടുപോയ കത്തോലിക്ക സന്യാസിനികളെയും നൂറുകണക്കിന് ആളുകളെയും സംരക്ഷിക്കുവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തില്‍ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കത്തോലിക്ക മനുഷ്യാവകാശ സംഘടനയായ ‘ദി വള്‍നറബിള്‍ പീപ്പിള്‍ പ്രൊജക്റ്റ്’ (വി.പി.പി). തലസ്ഥാന നഗരമായ ഖാര്‍ത്തൂമിലെ യുദ്ധമുഖത്ത് അകപ്പെട്ടുപോയ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സമൂഹാംഗങ്ങളായ 3 സന്യാസിനികള്‍ ഉള്‍പ്പെടെ 800 പേരെ തങ്ങളുടെ അനുബന്ധ സംഘടനകളുടെ സഹായത്തോടെ യുദ്ധമുഖത്ത് നിന്നും രക്ഷിച്ച് തെക്കന്‍ സുഡാനില്‍ എത്തിക്കുവാന്‍ ‘വി.പി.പി’ക്ക് കഴിഞ്ഞു. ഇക്കഴിഞ്ഞ ഏപ്രില്‍ 29-നാണ് സിസ്റ്റര്‍ ക്രിസ്റ്റിനും സഹചാരികളായ രണ്ടു സന്യാസിനികളും സുഡാനി സായുധ സേനയും (എസ്.എ.എഫ്) അര്‍ദ്ധസൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസും (ആര്‍.എസ്.എഫ്) തമ്മിലുള്ള പോരാട്ടത്തിനിടയില്‍ അകപെട്ടിരിക്കുകയാണെന്ന കാര്യം പുറത്തുവന്നത്.

മൂന്നു സന്യാസിനികളും ഇപ്പോള്‍ തെക്കന്‍ സുഡാനില്‍ സുരക്ഷിതരായി കഴിയുന്നുണ്ടെന്ന് വി.പി.പി യുടെ സ്ഥാപകനും, പ്രസിഡന്റുമായ ജേസണ്‍ ജോണ്‍സ് മെയ് 21-ന് അറിയിച്ചു. ദൈവാനുഗ്രഹത്താല്‍ അവരിപ്പോള്‍ തെക്കന്‍ സുഡാനിലാണ്. വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ അധികം താമസിയാതെ തന്നെ അവര്‍ തങ്ങളുടെ മാതൃഭവനത്തില്‍ എത്തും. അന്നേ ദിവസം തന്നെ ഏതാണ്ട് എണ്ണൂറോളം ആളുകളെ രക്ഷിക്കുവാന്‍ തങ്ങള്‍ക്ക് കഴിഞ്ഞുവെന്നും, ദൗത്യത്തിനിടയില്‍ തങ്ങളുടെ അനുബന്ധ സംഘടനയിലെ ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ സ്നൈപ്പറുടെ വെടിയേറ്റ് കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്നും എ.സി.ഐ പ്രെന്‍സാക്ക് നല്‍കിയ അഭിമുഖത്തില്‍ ജോണ്‍സ് പറഞ്ഞു. തങ്ങളെ രക്ഷിക്കാന്‍ പദ്ധതിയൊരുക്കിയ ദൈവത്തിനും, ‘വി.പി.പി’ക്കും രക്ഷപ്പെട്ട സിസ്റ്റര്‍മാരില്‍ ഒരാളായ ലൂസി നന്ദി അറിയിച്ചു.

സന്യാസിനികളെ പലപ്പോഴും സഹായിച്ചിട്ടുള്ള അമേരിക്കന്‍ സ്വദേശിയാണ് ഇവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തങ്ങളുമായി ബന്ധപ്പെട്ടതെന്നും, ഉടന്‍ തന്നെ തങ്ങളുടെ സംഘം ഒരു പദ്ധതി തയ്യാറാക്കുകയായിരുന്നെന്നും, ആ സമയം സന്യാസിനികളില്‍ രണ്ടു പേര്‍ രോഗബാധിതരായിരുന്നുവെന്നും ജോണ്‍സ് പറഞ്ഞു. “ഏതാണ്ട് 72 മണിക്കൂര്‍ കൊണ്ടാണ് ദൗത്യം പൂര്‍ത്തിയായത്. സന്യാസിനികള്‍ക്ക് വേണ്ട മരുന്നും മറ്റ് സാധനങ്ങളും എത്തിച്ച് കൊടുക്കുന്നതിനിടയിലാണ് തൊട്ടടുത്ത കെട്ടിടം ബോംബ് ആക്രമണത്തില്‍ തകര്‍ന്നത്". അധികം താമസിയാതെ തന്നെ കന്യാസ്ത്രീമാരെ അവിടെ നിന്നും മാറ്റുകയായിരുന്നുവെന്നും ജോണ്‍സ് വെളിപ്പെടുത്തി. 2019 ഏപ്രില്‍ 11-ന് പ്രസിഡന്റ് ഒമര്‍ ഹസ്സന്‍ അഹമദ് അല്‍-ബഷീറിനെ അട്ടിമറിച്ച് സുഡാനി ആര്‍മി അധികാരം കൈയടക്കിയത് മുതലാണ്‌ സുഡാനില്‍ സമാധാനം ഇല്ലാതായത്. സമീപകാലത്തായി ആഭ്യന്തര യുദ്ധം വളരെ രൂക്ഷമായിരിക്കുകയാണ്.

More Archives >>

Page 1 of 847