News

ആര്‍ച്ച് ബിഷപ്പ് നിക്കോളാസ് തെവേനിന്‍ ഒമാന്റെ ചരിത്രത്തിലെ പ്രഥമ അപ്പസ്തോലിക് ന്യൂണ്‍ഷോ

പ്രവാചകശബ്ദം 26-05-2023 - Friday

വത്തിക്കാന്‍ സിറ്റി/ മസ്ക്കറ്റ്: ഒമാനിലെ പ്രഥമ അപ്പസ്തോലിക ന്യൂണ്‍ഷോയായി ഫ്രഞ്ച് മെത്രാപ്പോലീത്ത നിക്കോളാസ് തെവേനിനെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. പരിശുദ്ധ സിംഹാസനവുമായി അപ്പസ്തോലിക ബന്ധം സ്ഥാപിക്കുന്ന 184-മത് രാഷ്ട്രമാണ് ഒമാന്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് വത്തിക്കാനും സുല്‍ത്താനേറ്റ് ഓഫ് ഒമാനും തമ്മില്‍ സമ്പൂര്‍ണ്ണ നയതന്ത്ര ബന്ധം സ്ഥാപിച്ച്, വത്തിക്കാനില്‍ ഒമാന്‍ എംബസി സ്ഥാപിക്കുന്നത്. പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്രബന്ധ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പാപ്പ ഒമാനിലേക്ക് ഒരു അപ്പസ്തോലിക പ്രതിനിധിയെ നിയമിക്കുന്നത്.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍, പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇക്കാലയളവില്‍ വത്തിക്കാനുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന നൂറാമത് രാഷ്ട്രം കൂടിയാണ് ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രമായ ഒമാന്‍. 2019 മുതല്‍ ഈജിപ്തിലെ അപ്പസ്തോലിക പ്രതിനിധിയും, അറബ് ലീഗ് പ്രതിനിധിയുമായി സേവനം ചെയ്തുവരികയായിരുന്നു തെവേനിന്‍ മെത്രാപ്പോലീത്ത. സെന്റ് മാര്‍ട്ടിന്‍ സമൂഹാംഗമായി 1989-ല്‍ തിരുപ്പട്ട സ്വീകരണം നടത്തിയ അദ്ദേഹം 1994 മുതലാണ് വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തില്‍ അംഗമാകുന്നത്.

ഇന്ത്യ - നേപ്പാള്‍, കോംഗോ, ബെല്‍ജിയം-ലക്സംബര്‍ഗ്‌, ലെബനന്‍, ക്യൂബ, ബള്‍ഗേറിയ എന്നിവിടങ്ങളിലെ അപ്പസ്തോലിക കാര്യാലയങ്ങളില്‍ സെക്രട്ടറിയും, ഉപദേഷ്ടാവുമായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 2005 മുതല്‍ 2009 വരെ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റ്സിലെ റിലേഷന്‍ വിത്ത് സ്റ്റേറ്റ്സ് വിഭാഗത്തില്‍ സേവനം ചെയ്തു. 2009-ലാണ് അദ്ദേഹം പൊന്തിഫിക്കല്‍ ഹൗസ്ഹോള്‍ഡില്‍ ചേരുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ സ്വകാര്യ-പൊതു കൂടിക്കാഴ്ചകളുടെ ചുമതല നിര്‍വഹിക്കുന്ന വിഭാഗത്തിന്റെ തലവനുമായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 2013-ല്‍ ഗ്വാട്ടിമാലയിലെ അപ്പസ്തോലിക പ്രതിനിധിയായി നിയമിക്കപ്പെട്ട മെത്രാപ്പോലീത്ത 2019-ല്‍ ഈജിപ്തിലെ അപ്പസ്തോലിക പ്രതിനിധിയായി നിയമിക്കപ്പെട്ടു.

ബിഷപ്പ് പാവ്ലോ മാര്‍ട്ടിനെല്ലി തലവനായുള്ള സൗത്ത് അറേബ്യ അപ്പസ്തോലിക വികാരിയത്തിന്റെ ഭാഗമാണ് ഒമാന്‍ സഭ. ഒമാനിലെ കത്തോലിക്ക സഭയില്‍ നാല് ഇടവകകളിലായി 12 വൈദികരാണ് ശുശ്രൂഷ ചെയ്യുന്നത്. ഒമാനിലെ സഭയില്‍ 1,40,000­-ത്തോളം അംഗങ്ങളാണ് ഉള്ളത്. യെമനില്‍വെച്ച് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിന്റെ മോചനവുമായി ബന്ധപ്പെട്ടാണ് വത്തിക്കാനും ഒമാനുമായി കൂടുതല്‍ അടുക്കുന്നത്. ഫാ. ടോം മോചിതനായതിന് പിന്നാലെ എത്തിയത് ഒമാനിലായിരിന്നു. 1950-ല്‍ 25 രാഷ്ട്രങ്ങളും, 1978-ല്‍ 84 രാഷ്ട്രങ്ങളുമായി നയതന്ത്രബന്ധമുണ്ടായിരുന്ന വത്തിക്കാന് ഇന്ന് 184 രാഷ്ട്രങ്ങളുമായി നയതന്ത്രബന്ധമുണ്ട്.

More Archives >>

Page 1 of 847