News - 2024

ക്രിസ്തുവിനെ കുറിച്ച് പുതിയ സിനിമ നിര്‍മ്മിക്കുമെന്ന് വിഖ്യാത സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോര്‍സെസ്; പ്രഖ്യാപനം മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചക്കു പിന്നാലെ

പ്രവാചകശബ്ദം 01-06-2023 - Thursday

വത്തിക്കാന്‍ സിറ്റി: യേശു ക്രിസ്തുവിനെ കുറിച്ച് പുതിയ സിനിമ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവുമായി ലോക പ്രശസ്ത അമേരിക്കന്‍ സിനിമ സംവിധായകനും, തിരക്കഥാകൃത്തും, നടനുമായ മാര്‍ട്ടിന്‍ സ്കോര്‍സെസ്. കാന്‍സ്‌ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുത്ത ശേഷം ഇറ്റലിയില്‍ സന്ദര്‍ശനത്തിനെത്തിയ സ്കോര്‍സെസ് പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് തന്റെ പുതിയ സിനിമയേക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. കലാകാരന്മാരോടുള്ള ഫ്രാന്‍സിസ് പാപ്പയുടെ അഭ്യര്‍ത്ഥനയോട് തനിക്കറിയാവുന്ന വിധത്തില്‍ പ്രതികരിച്ചുവെന്നും യേശുവിനെ കുറിച്ചുള്ള സിനിമയുടെ തിരക്കഥ തയറാക്കുകയാണെന്നും ഇക്കഴിഞ്ഞ ശനിയാഴ്ച ‘ദി ഗ്ലോബല്‍ ഈസ്തെറ്റിക്സ്‌ ഓഫ് ദി കാത്തലിക് ഇമാജിനേഷന്‍’ എന്ന പ്രമേയവുമായി വത്തിക്കാനില്‍ നടന്ന റോം കോണ്‍ഫന്‍സില്‍ സ്കോര്‍സെസ് പറഞ്ഞു. ഇത് തന്റെ അടുത്ത ചിത്രമായിരിക്കാമെന്നും അദ്ദേഹം സൂചന നല്‍കി.

ജെസ്യൂട്ട് പ്രസിദ്ധീകരണമായ ‘ലാ സിവില്‍റ്റാ കത്തോലിക്കാ’യും, ജോര്‍ജ്ജ്ടൌണ്‍ സര്‍വ്വകലാശാലയും സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. ഇതിനിടക്കുള്ള തങ്ങളുടെ സംഭാഷണത്തിനിടെ തന്റെ സിനിമകളെ കുറിച്ചും വ്യക്തിജീവിതത്തില്‍ ഉണ്ടായ കാര്യങ്ങളെ കുറിച്ചും സ്കോര്‍സെസ് ലാ സിവില്‍റ്റാ കത്തോലിക്കായുടെ എഡിറ്ററായ അന്റോണിയോ സ്പഡാരോയോട് പറഞ്ഞു. ‘നമുക്ക് യേശുവിനെ കാണാം’ എന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം തന്നെ സ്പര്‍ശിച്ചുവെന്നും, പിയര്‍ പാവ്ലോ പാസോലിനിയുടെ ‘ദി ഗോസ്പല്‍ അക്കോര്‍ഡിംഗ് റ്റു സെന്റ്‌ മാത്യു’ എന്ന സിനിമ തന്നെ ആകര്‍ഷിച്ചതായും സ്കോര്‍സെസ് പറഞ്ഞതായി സ്പാഡാരോ പറഞ്ഞു.



ഇദ്ദേഹം ഒരുക്കിയ പതിനേഴാം നൂറ്റാണ്ടില്‍ ജപ്പാനിലെ ജെസ്യൂട്ട് ക്രിസ്ത്യാനികള്‍ നേരിട്ട മതപീഡനങ്ങളെക്കുറിച്ച് പറയുന്ന ‘സൈലന്‍സ്’ എന്ന 2016-ലെ സിനിമയും ഏറെ ശ്രദ്ധ നേടിയിരിന്നു. ക്രിസ്തുവിനെ കുറിച്ചുള്ള സ്കോര്‍സെസിന്റെ പുതിയ സിനിമയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ക്രിസ്തു കേന്ദ്രീകൃതമായ സിനിമ യാഥാര്‍ത്ഥ്യമാക്കുമെന്ന ലോക പ്രശസ്ത സിനിമ സംവിധായകന്റെ പ്രഖ്യാപനത്തെ വിശ്വാസി സമൂഹം ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. സ്കോര്‍സെസിന് പുറമേ, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കവികളും എഴുത്തുകാരുമായി 40 പേര്‍ ശനിയാഴ്ച നടന്ന കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

More Archives >>

Page 1 of 849