News - 2024

വ്യാജ മതനിന്ദ ആരോപണം: പാക്കിസ്ഥാനില്‍ ഇരുപത്തിരണ്ടു വയസ്സുള്ള ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷ

പ്രവാചകശബ്ദം 02-06-2023 - Friday

ലാഹോര്‍: പാക്കിസ്ഥാനില്‍ വ്യാജ മതനിന്ദ ആരോപണത്തിന് ഇരയായ ഇരുപത്തിരണ്ടു വയസ്സുള്ള ക്രിസ്ത്യന്‍ യുവാവിന് കോടതി വധശിക്ഷ വിധിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നോമാന്‍ മസി എന്ന യുവാവിന് ബാഹല്‍പൂര്‍ കോടതി വധശിക്ഷ വിധിച്ചത്. നോമന്‍ മാസി, മതനിന്ദ നടത്തിയെന്നതിന് തെളിവ് ഹാജരാക്കുവാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിട്ടിട്ടും വധശിക്ഷ വിധിക്കുകയായിരുന്നുവെന്നു നോമന്റെ അഭിഭാഷകനായ ലാസര്‍ അള്ളാ രഖാ വെളിപ്പെടുത്തി. "വിധിയില്‍ തീര്‍ത്തും നിരാശനാണ്. കാരണം അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല, നോമന് എതിരെ യാതൊരു തെളിവുമില്ല, പോലീസ് ഹാജരാക്കിയ സാക്ഷികളില്‍ ഒരാള്‍ക്ക് പോലും നോമന് എതിരെയുള്ള ആരോപണം സ്ഥിരീകരിക്കുവാന്‍ കഴിഞ്ഞിട്ടില്ലായെന്നും അള്ളാ രഖാ മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

യുവാവിന്റെ വിചാരണ ഇക്കഴിഞ്ഞ ജനുവരിയില്‍ അവസാനിച്ചതാണ്. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് കോടതി വിധിപ്രസ്താവം മാറ്റിവെക്കുകയായിരുന്നു. പ്രവാചകനായ മുഹമ്മദിന്റെ അവഹേളിച്ചുവെന്നാണ് യുവാവിനെതിരെയുള്ള ആരോപണം. കേസില്‍ നിരവധി വൈരുദ്ധ്യങ്ങള്‍ ഉണ്ടായിട്ട് പോലും ബഹവല്‍പൂര്‍ അഡീഷണല്‍ ജഡ്ജി മുഹമ്മദ്‌ ഹഫീസ് ഉര്‍ റഹ്മാന്‍ വധശിക്ഷ വിധിച്ചതിനെ ‘നീതിയുടെ കൊലപാതകം’ എന്നാണ് അള്ളാ രഖാ വിശേഷിപ്പിച്ചത്. വിധിയുടെ പകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍ തന്നെ അപ്പീലിന് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ജൂലൈ 1-ന് അറസ്റ്റിലായ നോമനെതിരെ സമര്‍പ്പിച്ചിരിക്കുന്ന എഫ്.ഐ.ആര്‍ തീര്‍ത്തും വസ്തുത വിരുദ്ധമാണെന്നു നോമന്റെ പിതാവും ശുചീകരണ തൊഴിലാളിയുമായ അസ്ഘര്‍ മസി പറഞ്ഞു. ഒരു പാര്‍ക്കില്‍വെച്ച് പുലര്‍ച്ചെ 3:30-ന് നോമന്‍ചില ആളുകള്‍ക്ക് പ്രവാചകനിന്ദാപരമായ ചിത്രങ്ങള്‍ കാണിച്ചുവെന്നാണ് ആരോപണം. പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാനിയമത്തിനെതിരെ ആഗോളതലത്തില്‍ തന്നെ പ്രതിഷേധം വ്യാപകമാണ്. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിന് വേണ്ടി മതനിന്ദ നിയമം രാജ്യത്തു വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ ഏറ്റവും പുതിയ പട്ടികയില്‍ ഏഴാമതാണ് പാക്കിസ്ഥാന്റെ സ്ഥാനം.

More Archives >>

Page 1 of 849