News
മണിപ്പൂർ: തമസ്കരിക്കപ്പെടുന്ന വാസ്തവങ്ങൾ
കെസിബിസി ജാഗ്രത കമ്മീഷന്‍ 03-06-2023 - Saturday
മണിപ്പൂരിൽ വംശീയ കലാപത്തിന്റെ മറവിൽ നടന്നത് ക്രൈസ്തവ വേട്ടയാണ് എന്ന് കൂടുതൽ വ്യക്തമാകുന്ന വെളിപ്പെടുത്തലുകളാണ് ഈ ദിവസങ്ങളിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മതത്തിന്റെപേരിൽ പ്രാദേശിക സമൂഹങ്ങൾക്കിടയിൽ നികത്താനാവാത്ത വിള്ളലുകൾ സൃഷ്ടിച്ച് താൽക്കാലിക നേട്ടം കൊയ്യാനുള്ള ഭരണകക്ഷി നീക്കങ്ങൾ കൂടുതൽ വ്യക്തമാവുകയാണ്. വളരെ ഗൗരവമായി പരിഗണിക്കേണ്ട ഈ വിഷയത്തിൽ ഇപ്പോഴും മറഞ്ഞുകിടക്കുന്ന ചില വാസ്തവങ്ങൾ മറനീക്കി വെളിച്ചത്തു കൊണ്ടുവരാനുള്ള കെസിബിസി ജാഗ്രത കമ്മീഷന്റെ പരിശ്രമത്തിന്റെ ഭാഗമാണ് ഈ ലേഖനം.
ഒരിക്കലുമുണ്ടാകാത്തവിധമുള്ള പ്രശ്നങ്ങൾ ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോൾ തിരിച്ചുവരാനാകാത്ത വിധത്തിലുള്ള അശാന്തിയിലേയ്ക്ക് നിപതിച്ചുകൊണ്ടിരിക്കുന്ന ഒരുകൂട്ടം ജനങ്ങളെയാണ് മണിപ്പൂരിൽ കാണാനാവുക. നൂറ്റാണ്ടുകൾക്ക് മുമ്പ് മുതൽ കണ്ടുകൊണ്ടിരുന്നതിന് സമാനമായതും അതിന്റെ തുടർച്ചയുമായ പ്രാദേശികവും സാമുദായികവുമായ പ്രശ്നങ്ങളാണ് അവിടെ ഉണ്ടായതെന്നുള്ള ആഖ്യാനങ്ങൾ ഇപ്പോഴും ഒരുകൂട്ടം മാധ്യമങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. വംശങ്ങൾ തമ്മിലുള്ള കുടിപ്പകയും മാത്സര്യബുദ്ധിയും മാത്രമാണ് ഇതുവരെക്കണ്ട ആഭ്യന്തര കലഹത്തിനും ജീവനാശങ്ങൾക്കും പിന്നിലെന്ന് സ്ഥാപിക്കാൻ അനേകർ കിണഞ്ഞ് പരിശ്രമിക്കുന്നു.
എന്നാൽ, സൂക്ഷ്മമായി നിരീക്ഷിച്ചാൽ അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതുസംബന്ധിച്ചുള്ള പ്രചരണങ്ങളും തമ്മിൽ പൊരുത്തക്കേടുകൾ ഏറെയുണ്ടെന്ന് വ്യക്തമാകും. മെയ്തെയി വിഭാഗത്തിന് പട്ടിക വർഗ്ഗ പദവി നൽകുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങളാണ് കലാപകാരണമായത് എന്നതാണ് പലരുടെയും ധാരണ. കുക്കി, മെയ്തെയി വിഭാഗങ്ങൾ തമ്മിലുള്ള വൈരമാണ് അടിസ്ഥാനകാരണമെന്നും പൊതുവെ കരുതപ്പെടുന്നു. ഈ രണ്ടു വിശദീകരണങ്ങൾക്കപ്പുറം മറ്റൊന്നും ചർച്ച ചെയ്യപ്പെടാതിരിക്കാൻ മാധ്യമ സിൻഡിക്കേറ്റുകളും ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. കുക്കി വിഭാഗവും സർക്കാരും തമ്മിലുള്ള ഭിന്നതയ്ക്ക് പിന്നിൽ ചൂണ്ടിക്കാണിക്കപ്പെടുന്ന ചില കാരണങ്ങളുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി അവർ നേരിടുന്ന ചില ആരോപണങ്ങളുണ്ട്.
കുക്കികൾ ഉൾപ്പെടുന്ന ഗോത്രവർഗ്ഗക്കാർ കഞ്ചാവ്, ഓപ്പിയം പോപ്പി മുതലായവ കൃഷി ചെയ്യുന്നവരാണെന്നും അവർക്കിടയിൽ വ്യാപകമായ അനധികൃത കുടിയേറ്റം നടക്കുന്നു എന്നുള്ളതുമാണ് അവർ നേരിട്ടുകൊണ്ടിരിക്കുന്ന ആരോപണങ്ങളിൽ പ്രധാനം. ഗോത്രവർഗ്ഗക്കാരെ ഒന്നടങ്കം തെറ്റുകാരാക്കി ചിത്രീകരിച്ചുകൊണ്ടുള്ള ഇത്തരം ആരോപണങ്ങൾ വലിയ അസ്വസ്ഥതയ്ക്ക് കാരണമായിട്ടുണ്ട്. വന നിയമങ്ങളിൽ ഭേദഗതി വരുത്തിയും, റീ സർവേ നടത്തിയും പതിറ്റാണ്ടുകൾ പഴക്കമുള്ള ഗോത്ര ഗ്രാമങ്ങൾ കുടിയൊഴിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സർക്കാർ നടപടികളാണ് ഗോത്രവർഗ്ഗക്കാർ, പ്രത്യേകിച്ച് കുക്കികൾ ഭരണകൂടത്തിനെതിരെ തിരിയാനുള്ള മറ്റൊരു കാരണം.
മെയ് 17 ന് മണിപ്പൂർ സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അനധികൃത കുടിയേറ്റം, പോപ്പി കൃഷി, മയക്കുമരുന്ന് വ്യാപനം എന്നിവയ്ക്കെതിരായി സ്വീകരിച്ച നടപടികളാണ് കലാപത്തിന് കാരണമെന്നു വ്യക്തമാക്കുന്നുണ്ട്. മണിപ്പൂരിലെ പ്രശ്നങ്ങൾക്ക് കാരണം ഇന്റലിജൻസ് - സുരക്ഷാ വീഴ്ച ആണെന്നും മുഖ്യമന്ത്രി ബിരേൻസിംഗ് മെയ് 21 ന് പറഞ്ഞിരുന്നു. എന്നാൽ, മെയ് അവസാന ആഴ്ചയിൽ മണിപ്പൂർ സന്ദർശിക്കുന്നതിന് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞത് മെയ്തെയി വിഭാഗങ്ങൾക്ക് പട്ടികവർഗ്ഗ സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദ്ദേശമാണ് പ്രശ്ന കാരണമെന്നാണ്.
രാജ്യവ്യാപകമായി അത്തരമൊരു ആശയം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര ഭരണകൂടത്തിന്റെയും ബിജെപി നേതൃത്വത്തിന്റെയും ഭാഗത്തുനിന്ന് ആരംഭം മുതലുണ്ട്. ആർഎസ്എസിന്റെ മുഖപത്രമായ ഓർഗനൈസറിൽ മെയ് പതിനാറിന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആരോപിക്കുന്നത് മണിപ്പൂർ കലാപത്തിന് പിന്നിൽ ക്രൈസ്തവ സഭകളാണ് എന്നാണ്. തികഞ്ഞ അവാസ്തവമായതിനാൽത്തന്നെ ആ ആരോപണം സംഘപരിവാർ അനുഭാവികൾ ഒഴികെ ആരും മുഖവിലയ്‌ക്കെടുത്തില്ല. ഇത്തരം വ്യാജ പ്രചരണങ്ങളും, യഥാർത്ഥ വിഷയത്തെ വഴിമാറ്റിവിടാനുള്ള ശ്രമങ്ങളും ആരംഭം മുതൽ കാണപ്പെടുന്നതിൽനിന്ന് ഇക്കാര്യത്തിലുള്ള സംഘപരിവാർ സംഘടനകളുടെ താൽപ്പര്യം വ്യക്തമാണ്.
അക്രമണങ്ങളുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾ
കുക്കി സമുദായത്തിൽ പെട്ടവരെ അക്രമികളും അധർമ്മികളും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുകയും ഒപ്പം, സംഭവിച്ചുകൊണ്ടിരിക്കുന്നവയ്ക്ക് മറ്റൊരു ഭാഷ്യം നൽകുകയും, നിരവധി വാസ്തവങ്ങളെ തമസ്കരിക്കുകയും ചെയ്തുകൊണ്ടാണ് മണിപ്പൂരിലെ സംഭവവികാസങ്ങൾക്ക് മറ്റൊരു നിറവും പരിവേഷവും ചിലർ നൽകിക്കൊണ്ടിരിക്കുന്നത്. അതിന് ആനുപാതികമായി സംസ്ഥാന സർക്കാർ കലാപകാരികളും ഭീകരവാദികളും എന്ന് മുദ്രകുത്തി ആ വിഭാഗത്തെ അടിച്ചമർത്താൻ പരിശ്രമിക്കുകയും ചെയ്യുന്നു.
അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് മെയ് 28 ന് കുക്കി സമുദായത്തിൽ പെട്ട നാൽപ്പതോളംപേരെ സംസ്ഥാന സുരക്ഷാ സേന വധിച്ചതായി മുഖ്യമന്ത്രി എൻ. ബിരേൻസിംഗ് വെളിപ്പെടുത്തിയ ഏറ്റുമുട്ടൽ. എന്നാൽ, മണിപ്പൂരിൽ രൂക്ഷമായ കലാപ സാഹചര്യമോ അതിനെതിരായ നീക്കങ്ങൾ നടത്തേണ്ട ആവശ്യമോ നിലവിൽ ഇല്ല എന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (CDS) ജനറൽ അനിൽ ചൗധരി വെളിപ്പെടുത്തിയതും ഇതേ ദിവസങ്ങളിൽത്തന്നെയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മണിപ്പൂർ സന്ദർശനത്തിന് തൊട്ടു മുമ്പ് നടന്ന പ്രസ്തുത ആക്രമണം ആസൂത്രിതമാണോ എന്ന ബലമായ സംശയം പൊതുവേയുണ്ട്. കുക്കി വിഭാഗത്തിൽ പെട്ട അക്രമികൾ സാധാരണ ജനങ്ങളെ ആക്രമിക്കുകയും സുരക്ഷാ സൈന്യം തിരിച്ചടിക്കുകയുമാണ് ഉണ്ടായത് എന്നാണ് മുഖ്യമന്ത്രി നൽകിയ വിശദീകരണം. നാൽപ്പത് കുക്കികളെ സേന വധിച്ചതായും മുഖ്യമന്ത്രി വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ, ഇംഫാലിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം, മെയ് 28 ന് അക്രമഭീഷണി നേരിട്ടിരുന്ന കുക്കി ഗ്രാമങ്ങളുടെ സുരക്ഷിതത്വ ചുമതലയുണ്ടായിരുന്നവരിൽ നാൽപ്പതോളം പേർ വധിക്കപ്പെട്ടതിന് പുറമെ, ചുരാചന്ദ്പൂർ ജില്ലയിലെ സുഗ്നു എന്ന സ്ഥലത്ത് കത്തോലിക്കാ സമൂഹം താമസിച്ചിരുന്ന ഒരു പ്രദേശം മുഴുവനോടെയും, അവരുടെ ദേവാലയവും, നൂറിൽ പരം ഗോത്രവർഗ്ഗ കുടുംബങ്ങൾ താമസിച്ചിരുന്ന ഒരു കോളനിയിലെ അറുപതോളം വീടുകളും, ഒരു ഹൈസ്‌കൂളും തീയിട്ട് നശിപ്പിക്കപ്പെട്ടു. സമീപത്തുള്ള മറ്റൊരു ഗ്രാമത്തിലെ നൂറ്റമ്പതോളം വീടുകളും അന്ന് അഗ്നിക്കിരയായി. ആക്രമണം നടന്നത് പ്രധാനമായും കുക്കി ഗോത്ര വംശജർക്ക് എതിരെയെങ്കിലും സർക്കാരിന്റെയും മുഖ്യധാരാ മാധ്യമങ്ങളുടെയും ഭാഷ്യം നേരെ മറിച്ചായിരുന്നു.
കഞ്ചാവ് - പോപ്പി കൃഷികൾ
കുക്കികൾ ഉൾപ്പെടെയുള്ള ഗോത്ര വർഗ്ഗക്കാർ മയക്കുമരുന്ന് ഇടപാടുകാരും, ഓപ്പിയം കൃഷി ചെയ്യുന്നവരുമാണ് എന്ന ആരോപണമാണ് കഴിഞ്ഞ കുറച്ചുകാലമായി ഭരണകൂടം ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. മണിപ്പൂരിന്റെ വനമേഖലകളിൽ പോപ്പി കൃഷി ചെയ്യപ്പെടുന്നുണ്ട് എന്നുള്ളത് വാസ്തവമാണ്. പലപ്പോഴായി പോലീസും സൈന്യവും ആയിരക്കണക്കിന് ഹെക്ടർ കൃഷി നശിപ്പിക്കുകയും ഉണ്ടായിട്ടുണ്ട്. 2017 നും 2018 നും ഇടയിൽ മാത്രം 18664 ഏക്കർ സ്ഥലത്തെ പോപ്പി കൃഷി പോലീസ് നശിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മയക്കുമരുന്ന് ഇടപാടുകാർ ഗോത്ര വംശജരായ ചിലരിലൂടെ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും പോപ്പി കൃഷിയെയും മയക്കുമരുന്ന് ഇടപാടുകളെയും ഏറ്റവുമധികം എതിർക്കുന്നത് തദ്ദേശീയർ തന്നെയാണ് എന്നുള്ളതാണ് വാസ്തവം.
തൗബൽ ജില്ലയിലെ സുഗ്നു നിയോജകമണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ, കൻഗുജം രൺജിത് സിംഗ് 2022 ജൂലൈ 25 ന് മണിപ്പൂർ നിയമസഭയിൽ ഉയർത്തിയ ആവശ്യം ശ്രദ്ധേയമാണ്. പോപ്പി കൃഷിക്കും, മയക്കുമരുന്ന് കള്ളക്കടത്തിനും എതിരെ ശക്തമായ നിയമനിർമ്മാണം വേണം എന്നതായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. നിയമലംഘനം നടത്തുന്നവർക്ക് വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കുന്ന വിധത്തിലായിരിക്കണം പുതിയ നിയമം എന്നും അദ്ദേഹം നിർദ്ദേശിക്കുകയുണ്ടായി.
ഭരണകൂടം നടത്തിക്കൊണ്ടിരുന്ന പ്രചാരണങ്ങളുടെ പൊള്ളത്തരവും, പോപ്പി കൃഷി സംബന്ധിച്ച വാസ്തവങ്ങളും മനസ്സിലാക്കിയിട്ടുള്ള ശരാശരി ഗോത്ര വംശജരുടെ ശബ്‍ദമായിരുന്നു കൻഗുജം രൺജിത് സിംഗ് നിയമസഭയിൽ ഉയർത്തിയത്. ചില വർഷങ്ങൾക്ക് മുമ്പ് ഇംഫാൽ എയർപോർട്ട് വഴി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടിക്കപ്പെട്ട സാഹചര്യത്തിൽ "മയക്കുമരുന്നിന് എതിരായ യുദ്ധം" പ്രഖ്യാപിച്ച ഭരണകൂടം തുടർ നടപടികളിൽ പരാജയപ്പെട്ടതിലെ മണിപ്പൂർ ജനതയുടെ നിരാശയും എംഎൽഎ അന്ന് നിയമസഭയിൽ വ്യക്തമാക്കുകയുണ്ടായി. ഏതുവിധത്തിലാണ് മണിപ്പൂരിലെ വനമേഖലകളിൽ പോപ്പി കൃഷിക്ക് വഴിയൊരുങ്ങുന്നത് എന്നും അദ്ദേഹം അന്ന് വിശദീകരിച്ചിരുന്നു. കാര്യങ്ങൾ കൂടുതൽ ഗുരുതരമായതിനാൽ NDPS Act (Narcotic Drugs and Psychotropic Substances Act) 1985 അനുസരിച്ചുള്ള നടപടിക്രമങ്ങൾ ഫലപ്രദമല്ലെന്നും, കൂടുതൽ ശക്തമായ മറ്റൊരു നിയമം ആവശ്യമാണെന്നും അദ്ദേഹം അവിടെ സ്ഥാപിച്ചു.
ലാവോസ്, തായ്‌ലൻഡ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന "ഗോൾഡൻ ട്രയാംഗിൾ" എന്ന് അറിയപ്പെടുന്ന പ്രദേശം മയക്കുമരുന്ന് കടത്തിന് കുപ്രസിദ്ധമാണ്. മണിപ്പൂർ ഉൾപ്പെടെയുള്ള നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ വനമേഖലകളിൽ നടക്കുന്ന പോപ്പി കൃഷിക്ക് പിന്നിലും ഈ മേഖലയിലെ പ്രമുഖ മയക്കുമരുന്ന് ഇടപാടുകാരാണ് എന്നുള്ളത് വളരെ വ്യക്തമാണ്. വർഷങ്ങൾക്ക് മുമ്പ്, 2007 ഏപ്രിൽ മാസത്തിൽ അമേരിക്കയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് (The Chinese Connection: Cross-border Drug Trafficking between Myanmar and China) ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ഇക്കാര്യങ്ങൾ മനസിലാക്കിയിരുന്ന അമേരിക്ക, മ്യാൻമർ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് ഉൽപ്പാദനം നടത്തിയിരുന്ന പശ്ചാത്തലത്തിൽ ഭാഗികമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയും അതിന്റെ ഫലമായി ഘട്ടംഘട്ടമായി മയക്കുമരുന്ന് ഉൽപ്പാദനം കുറയുകയും ചെയ്തു. തുടർന്ന് ചൈനയും മയക്കുമരുന്ന് ഉൽപ്പാദനവും വ്യാപനവും നിയന്ത്രണവിധേയമാക്കാൻ നടപടികൾ സ്വീകരിച്ചു. പിന്നീടാണ് മ്യാന്മറിന്റെ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങൾ ശക്തമാകുന്നത്. മണിപ്പൂർ ഉൾപ്പെടെയുള്ള നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ ചില സംഘങ്ങളെ മയക്കുമരുന്ന് ഉൽപ്പാദനത്തിനായി അവർ ഉപയോഗിക്കുന്നു എന്നുള്ളത് അന്തർദേശീയ തലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒരു വാസ്തവമാണ്.
ഇത്തരമൊരു പശ്ചാത്തലത്തിൽ പോപ്പി കൃഷിയും മയക്കുമരുന്ന് കടത്തും നിയന്ത്രിക്കപ്പെടേണ്ടത് അനിവാര്യമാണെങ്കിലും, ഗോത്രവർഗ്ഗക്കാരെ ഒന്നടങ്കം മയക്കുമരുന്ന് കൃഷിക്കാരായി ചിത്രീകരിച്ചുകൊണ്ടുള്ള നീക്കങ്ങൾ അത്യന്തം അപലപനീയമാണ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക പ്രദേശവാസികളുടെയും സാധാരണക്കാരായ മണിപ്പൂർ ജനതയുടെയും ആവശ്യമാണ്. അവരിൽ ഒരു വിഭാഗത്തെക്കൊണ്ട് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യിക്കുന്ന അന്തർദേശീയ മാഫിയകളെയും, താഴ്‌വരയിലുള്ള ഇടനിലക്കാരെയും കണ്ടെത്തി പ്രതിരോധിക്കുകയും അതിനാവശ്യമായ നിയമനിർമ്മാണങ്ങൾ നടത്തുകയുമാണ് ഇവിടെ ആവശ്യം. എന്നാൽ, ഇവിടെ ഭരണകൂടം പ്രതിപക്ഷത്ത് നിർത്തിയിരിക്കുന്നത് ഗോത്രവർഗ്ഗക്കാരെ മുഴുവനോടെയും അവരെ മാത്രവുമാണ്. ആ നീക്കം അത്യന്തം ദോഷകരമായ പ്രത്യാഘാതങ്ങൾക്കിടയാക്കി.
നീതിരഹിതമായ കുടിയിറക്ക്
തുടർന്ന് നടന്ന കുടിയിറക്ക് നീക്കങ്ങളാണ് സ്ഥിതിഗതികളെ കൂടുതൽ വഷളാക്കിയത്. മലയോരമേഖലകളിലും, മലമ്പ്രദേശങ്ങളിലും ഒട്ടേറെ ഭവനങ്ങളും ചില ദേവാലയങ്ങളും പൊളിച്ചുനീക്കപ്പെടുകയും നിരവധി ഗ്രാമങ്ങൾ കുടിയിറക്കപ്പെടുകയും ചെയ്തു. അനധികൃത കയ്യേറ്റം, നിയമവിരുദ്ധ നിർമ്മിതി, അനധികൃത കുടിയേറ്റം തുടങ്ങിയ കാരണങ്ങളാണ് കുടിയിറക്കിനും പൊളിച്ചുനീക്കലിനും കാരണമായി ഭരണകൂടം ചൂണ്ടിക്കാണിച്ചത്. ഇത്തരം നീക്കങ്ങൾ പലതും പ്രകോപനപരവും മുന്നറിയിപ്പുകൾ കൂടാതെയുള്ളതുമായിരുന്നു. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് പണിത ഈസ്റ്റ് ഇംഫാൽ ജില്ലയിലെ മൂന്ന് ക്രൈസ്തവ ദേവാലയങ്ങൾ അപ്രതീക്ഷിതമായാണ് ഏപ്രിൽ 11 ന് വലിയ സന്നാഹങ്ങളോടെ എത്തിയ അധികൃതർ പൊളിച്ചുനീക്കിയത്. റവന്യൂ ഭൂമിയിലാണ് പള്ളികൾ പണിതത് എന്നായിരുന്നു സർക്കാർ വാദം. കോടതി വിധിയെ തുടർന്ന് പള്ളികൾ ഒഴിഞ്ഞുകൊടുക്കുന്നതിൽ ദേവാലയധികൃതർക്ക് എതിർപ്പ് ഉണ്ടായിരുന്നില്ലെങ്കിലും അതിനുള്ള തയ്യാറെടുപ്പുകൾക്കുള്ള സാവകാശം നൽകാതെ രാത്രിയിലെത്തി പൊളിച്ചത് ജനരോഷത്തിന് വഴിയൊരുക്കി.
ഏപ്രിൽ പതിനൊന്നിന് തന്നെ ലാങ്ഗോൾ വനമേഖലയിലെ ചില വീടുകളും ഇത്തരത്തിൽ പൊളിച്ചുനീക്കുകയുണ്ടായി. 2022 നവംബറിൽ വനംവകുപ്പ് ഒരു നോട്ടിഫിക്കേഷൻ വഴിയായി ചുരാചന്ദ്പൂർ ജില്ലയിലെ 38 ഗ്രാമങ്ങൾ അനധികൃതമാണെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, കഴിഞ്ഞ ഫെബ്രുവരി 21 ന് ചുരാചന്ദ്പൂർ ജില്ലയിലെ കെ. സോങ്ജങ് ഗ്രാമം ഒഴിപ്പിക്കുകയുണ്ടായി. ഒഴിപ്പിക്കപെട്ടതും ഒഴിപ്പിക്കൽ ഭീഷണി നേരിടുന്നതുമായ 38 ഗ്രാമങ്ങളും കുക്കികളുടേതാണ്. ആയിരത്തിലേറെ അംഗസംഖ്യയുള്ള എല്ലാ ഗ്രാമങ്ങൾക്കും 50 - 60 വർഷങ്ങൾക്ക് മുകളിൽ പഴക്കമുണ്ട്. അനധികൃത കുടിയേറ്റം എന്ന വിശേഷണം നൽകി പൊളിച്ചുനീക്കപ്പെടുന്നത് തലമുറകളോളമായി ഗോത്ര ജനത ജീവിച്ചുപോരുന്ന ഗ്രാമങ്ങളാണ് എന്നുള്ളതാണ് വാസ്തവം. അക്കാലത്ത് ഗ്രാമങ്ങൾക്ക് അംഗീകാരം നൽകിയത് അതിനുള്ള അധികാരമില്ലാത്ത ഉദ്യോഗസ്ഥനാണ് എന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം.
ഇത്തരം കുടിയിറക്കു നോട്ടീസുകൾക്ക് ആധാരമായി മാറിയിരിക്കുന്നത് ചില സമീപകാല സർവേകളാണ്. വേണ്ടത്ര ആധികാരികതയോ ഹിൽ ഏരിയ കമ്മിറ്റിയുടെയും മറ്റും അനുമതിയോ ഇല്ലാത്ത ഈ സർവേ നടപടിക്കെതിരെ ബിജെപി എംഎൽഎമാർ ഉൾപ്പെടെ രംഗത്ത് വന്നിട്ടുണ്ട്. പൗലീൻലാൽ ഹോകിപ് എന്ന ബിജെപി എംഎൽഎ കഴിഞ്ഞ ഏപ്രിൽ 12 ന് സംസ്ഥാന വനം പരിസ്ഥിതി മന്ത്രി ബിശ്വജിത് സിങ്ങിന് നൽകിയ കത്തിൽ ഈ നടപടികളെ ചോദ്യം ചെയ്തിരുന്നു. വനംവകുപ്പിന്റെ അനീതി നിറഞ്ഞ ഇത്തരം നടപടികൾ വലിയ പൊതുജന രോഷത്തിന് കാരണമായിട്ടുണ്ടെന്ന് കത്തിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കുടിയൊഴിപ്പിക്കാനുള്ള തീരുമാനം തെറ്റാണെന്നും വ്യക്തത ലഭിക്കുന്നതുവരെ നടപടിക്രമങ്ങളും സർവേയും നിർത്തിവയ്ക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നു.
അനധികൃത കുടിയേറ്റമാണ് ഗോത്രവർഗ്ഗക്കാരും അവരുടെ ഗ്രാമങ്ങളും നേരിടുന്ന മറ്റൊരു ആരോപണം. പ്രമുഖ ഗോത്രവർഗ്ഗങ്ങളായ കുക്കി, നാഗ തുടങ്ങി ചെറുതും വലുതുമായ 33 ഗോത്രവർഗ്ഗങ്ങളാണ് മണിപ്പൂരിലെ മലമ്പ്രദേശങ്ങളിൽ ഉള്ളത് എന്നാണ് കണക്കുകൾ. സമീപ ഇന്ത്യൻ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും, മ്യാൻമറിലും ഇവയിൽ പല ഗോത്രങ്ങളും ഉണ്ട്. അത്തരത്തിൽ ഒരേ ഗോത്രത്തിലുള്ളവർ പല കാരണങ്ങളാലും അതിർത്തി കടന്ന് മണിപ്പൂരിലെ മലമ്പ്രദേശങ്ങളിൽ എത്തിച്ചേരാൻ സാധ്യതകളുണ്ട്. അതേസമയം വനമേഖലകളിൽ അധിവസിക്കുന്ന ഗോത്രവർഗ്ഗക്കാരുടെ യഥാർത്ഥ ജനസംഖ്യയിൽ സർക്കാരിന് അവ്യക്തതയുണ്ട് എന്നുള്ളതും വാസ്തവമാണ്. അതിന് കാരണങ്ങൾ പലതാണ്.
മണിപ്പൂരിലെ ഇൻകംടാക്സ് ചീഫ് കമ്മീഷണർ ആയിരുന്ന കച്ചൂയി തിമോത്തി സിമിക് (IRS) വിലയിരുത്തുന്നത് പ്രകാരം, മണിപ്പൂരിലെ മലമ്പ്രദേശങ്ങളിലെ ഗോത്രവർഗ്ഗങ്ങൾക്കിടയിൽ ഇതുവരെയും ശരിയായ വിധത്തിൽ ജനസംഖ്യാ കണക്കെടുപ്പ് നടന്നിട്ടില്ല. 2001 ലെ സർവേ കാലഘട്ടത്തിൽ നാഗ സായുധ സേനയും സൈന്യവും തമ്മിലുള്ള പോരാട്ടം നടന്നിരുന്നതിനാൽ ഉദ്യോഗസ്ഥർക്ക് പല ഗ്രാമങ്ങളിലും എത്തിച്ചേരാൻ കഴിയുമായിരുന്നില്ല. മണിപ്പൂർ സർക്കാരിന്റെ അനാസ്ഥയും, ജനങ്ങളുടെ അജ്ഞതയും അനേകർ കണക്കിൽപ്പെടാത്ത പോകാൻ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതേ കാരണത്താൽ തന്നെ ശരിയായ ഒരു കണക്കെടുപ്പ് ഇനിയെങ്കിലും നടത്തിയാൽ മലമ്പ്രദേശങ്ങളിലെ ഉൾഗ്രാമങ്ങളിലെ ജനസംഖ്യ ഇനിയും ഉയരുമെന്ന് തീർച്ചയാണ്. നിരക്ഷരത, മരണനിരക്കിന്റെ കുറവ്, വികസനമില്ലായ്മ തുടങ്ങിയവയും അത്തരം ഗ്രാമങ്ങളിലെ ജനസംഖ്യ കുത്തനെ ഉയർത്തിയിട്ടുണ്ട് എന്നും തിമോത്തി സിമിക് പറയുന്നു. അതേസമയം, പുറമെനിന്നുള്ള അനധികൃത കുടിയേറ്റത്തിനുള്ള സാധ്യതകൾ അദ്ദേഹം നിരാകരിക്കുന്നു.
പ്രതിഷേധങ്ങൾക്ക് പിന്നിൽ
ഇത്തരത്തിൽ വിവിധ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ കടുത്ത അരക്ഷിതാവസ്ഥയിലായിരുന്നു മണിപ്പൂരിലെ ഗോത്രജനവിഭാഗങ്ങൾ. പ്രത്യേകിച്ച് കുക്കി വംശജരാണ് കഴിഞ്ഞ ചില മാസങ്ങളായി ഭരണകൂട നടപടികൾക്കൊണ്ട് പൊറുതിമുട്ടിയിരുന്നത്. പ്രധാനമായും വ്യാപകമായി നേരിട്ടുകൊണ്ടിരുന്ന കുടിയിറക്ക് ഭീഷണിയുടെ പശ്ചാത്തലത്തിൽ, നിരവധി പ്രതിഷേധ പരിപാടികൾ പലപ്പോഴായി നടന്നിരുന്നു. കഴിഞ്ഞ മാർച്ച് 10 ന് ചുരാചന്ദ്പൂർ, ഉക്ക്റുൾ, കാങ്‌പോക്പി, തെങ്നൗപാൽ, ജിരിബാം, ടാമെങ്ലോങ്ങ് തുടങ്ങി നിരവധി ജില്ലകളിൽ ആയിരക്കണക്കിന് പേർ അണിനിരന്ന പ്രതിഷേധ റാലികൾ നടന്നിരുന്നു. ബിജെപി സർക്കാർ തങ്ങൾക്കെതിരെ നീക്കങ്ങൾ നടത്തുന്നതായുള്ള തിരിച്ചറിവിലാണ് അവർ പ്രതിഷേധത്തിന് അണിനിരന്നത്. കുടിയിറക്കിന് എതിരെയുള്ള മുദ്രാവാക്യങ്ങളാണ് അവർ മുഴക്കിയത്. കുക്കികൾ ഉൾപ്പെടുന്ന ഇൻഡിജെനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറമാണ് റാലിക്ക് ആഹ്വാനം ചെയ്തത്.
അതിന് പിറ്റേദിവസം, മാർച്ച് 11 ന് കുക്കി നാഷണൽ ആർമിയും, സോമി റെവല്യൂഷനറി ആർമിയും സർക്കാരുമായുണ്ടായിരുന്ന വെടിനിർത്തൽ കരാറിൽനിന്ന് മണിപ്പൂർ സർക്കാർ പിന്മാറി. കേന്ദ്ര, സംസ്ഥാന സർക്കാരുകളും രണ്ട് പ്രാദേശിക സമാന്തര സായുധ സേനകളും തമ്മിലുണ്ടായിരുന്ന ആ കരാർ 2008 മുതൽ പ്രാബല്യത്തിലുണ്ടായിരുന്നതാണ്. മാർച്ച് പത്തിന് നടന്ന റാലികൾക്ക് പിന്നിലെ പ്രേരക ശക്തി അവരായിരുന്നു എന്നാണ് സർക്കാർ ഉന്നയിച്ച ആരോപണം. മാസങ്ങളായി ഗോത്രവിഭാഗക്കാർ ഉന്നയിച്ചുകൊണ്ടിരുന്ന ഇത്തരം ആശങ്കകളുമായി ബന്ധപ്പെട്ട് പിന്നീടും പ്രതിഷേധങ്ങൾ പലതും നടന്നിരുന്നു. പരാതികളിൽ സർക്കാർ പരിഹാരം കണ്ടെത്താത്തതിൽ പ്രതിഷേധിച്ച് ഏപ്രിൽ 28 വെള്ളിയാഴ്ച ചുരാചന്ദ്പൂർ ജില്ലയിൽ ഇൻഡിജെനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം ബന്ദ് ആഹ്വാനം ചെയ്തിരുന്നു. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ഇത്തരം വിവിധ പ്രശ്നങ്ങളും അനുബന്ധ പ്രതിഷേധങ്ങളും സംസ്ഥാനമൊട്ടാകെ പടർന്നുകൊണ്ടിരുന്നത് വിവിധ സംഭവങ്ങളിൽനിന്ന് വ്യക്തമാണ്. ഏപ്രിൽ അവസാന ആഴ്ച വരെയും മേൽപ്പറഞ്ഞ പ്രതിസന്ധികൾക്കു പരിഹാരം കണ്ടെത്താനാണ് കുക്കി ഗോത്ര വംശജർ പരിശ്രമിച്ചത്.
ഏപ്രിൽ 20 നാണ്, മെയ്തെയികളിൽ ഒരു വിഭാഗം പേർ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഉന്നയിച്ചുകൊണ്ടിരുന്ന, പട്ടികവർഗ്ഗ സംവരണം എന്ന ആവശ്യത്തിന് അനുകൂലമായ ഒരു ഹൈക്കോടതി നിർദ്ദേശം സംസ്ഥാന സർക്കാരിന് ലഭിക്കുന്നത്. എന്നാൽ, മെയ്തെയികളിൽ തന്നെ ഒരു വിഭാഗം പട്ടികവർഗ്ഗ സംവരണത്തിന് എതിരാണ് എന്നുള്ളത് മറ്റൊരു വാസ്തവമാണ്. കോടതി നിർദ്ദേശം പ്രകാരം, സംസ്ഥാന സർക്കാർ നാല് ആഴ്ചകൾക്കുള്ളിൽ ഈ വിഷയം അനുഭാവപൂർവ്വം പരിഗണിക്കുകയും കേന്ദ്ര സർക്കാരിന് ശുപാർശ നൽകുകയും വേണ്ടിയിരുന്നു. എന്നാൽ ഈ ഹൈക്കോടതി ഇടപെടലിനെ മെയ് 17 ന് സുപ്രീംകോടതി തള്ളിപ്പറയുകയും നിശിതമായി വിമർശിക്കുകയും ചെയ്തു. ഏപ്രിൽ 20 ലെ ഹൈക്കോടതി നിർദ്ദേശം നിലവിലുണ്ടായിരുന്ന കലുഷിതമായ അവസ്ഥയെ അൽപ്പംകൂടി രൂക്ഷമാക്കി എന്നുള്ളത് വാസ്തവമാണ്. എന്നാൽ, തുടർന്ന് സംഭവിച്ചവയ്ക്ക് കാരണം മെയ്തെയികൾക്ക് പട്ടികവർഗ്ഗ സംവരണം ലഭിച്ചേക്കാം എന്ന കുക്കികളുടെ ആശങ്കയാണെന്ന് വിലയിരുത്താനാവില്ല. അതിനാൽത്തന്നെ മെയ് മൂന്ന് മുതൽ സംഭവിച്ച സംഘർഷം ഒരു വംശീയ കലാപമാണ് എന്ന് കരുതുന്നതിൽ യുക്തിയില്ല. എന്നാൽ, മണിപ്പൂരിൽ സംഭവിച്ചതും ഇപ്പോഴും തുടരുന്നതും വംശീയ സംഘർഷമാണ് എന്ന് സ്ഥാപിച്ചെടുക്കാൻ അനേകർ കഠിനമായി പ്രയത്നിച്ചുകൊണ്ടിരിക്കുന്നു.
മണിപ്പൂരിലെ അക്രമസംഭവങ്ങൾ
മണിപ്പൂരിൽ കഴിഞ്ഞ മെയ് മൂന്ന് മുതൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങൾ വെളിപ്പെടുത്തുന്ന ചില യഥാർത്ഥ്യങ്ങളുണ്ട്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ, രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടം എന്നതിനപ്പുറമുള്ള ചില മാനങ്ങൾ അക്രമ പരമ്പരകൾക്കുണ്ട് എന്ന് വ്യക്തമാകും. മെയ്തെയി ഭൂരിപക്ഷ മേഖലകളിലാണ് കൂടുതലും ആക്രമണങ്ങൾ നടന്നത് എന്നതിനാൽ, മുന്നൂറിലേറെ ക്രൈസ്തവ ദേവാലയങ്ങൾ തകർക്കപ്പെട്ടതിൽ 247 എണ്ണവും മെയ്തെയി ക്രൈസ്തവരുടെ പള്ളികളാണ്. ഇത്രമാത്രം പള്ളികൾ തകർക്കപ്പെട്ടെങ്കിലും മെയ്തെയി ക്രൈസ്തവർ ആരും കൊല്ലപ്പെടാതിരുന്നതിനാലാണ് ഈ വിഷയം മാധ്യമശ്രദ്ധയിൽ പെടാതെ പോയത്.
വ്യക്തമായ ആസൂത്രണം അക്കാര്യത്തിലുണ്ടായിരുന്നു എന്നുള്ളത് വ്യക്തമാണ്. അക്രമസംഭവങ്ങൾക്ക് ശേഷം, മെയ്തെയി ഭൂരിപക്ഷ മേഖലകളിൽനിന്ന് കുക്കികൾ പിൻവാങ്ങിയതിനാൽ, അവരുടെ ജീവൻ ഏറെക്കുറെ സുരക്ഷിതമാണെങ്കിലും മെയ്തെയി ഹിന്ദുക്കൾക്കിടയിൽ തന്നെ തുടരാൻ നിർബ്ബന്ധിതരായ മെയ്തെയി ക്രൈസ്തവർ കടുത്ത ഭീഷണിയിലാണ് കഴിയുന്നത്. ഭീതികൂടാതെ ജീവിക്കണമെങ്കിൽ മതപരിവർത്തനം നടത്തണമെന്ന സമ്മർദ്ദം അവർക്കുമേൽ വർധിച്ചുകൊണ്ടിരിക്കുന്നു.
വലിയ സംഘങ്ങളായെത്തിയ "അരംബായ് തെങ്കോൾ", "മെയ്തെയി ലീപൂൺ" തുടങ്ങിയ മെയ്തെയി ഗ്രൂപ്പുകളിലെ അംഗങ്ങളാണ് കുക്കികൾക്ക് എതിരെയുള്ള അക്രമങ്ങൾക്ക് നേതൃത്വം നൽകിയതിലെ പ്രധാനികൾ. പലപ്പോഴായി അവർ പോലീസ് സ്റ്റേഷൻ കൊള്ളയടിക്കുകയും ആയുധങ്ങൾ കൈവശപ്പെടുത്തുകയും ചെയ്തിരുന്നു. മെയ് 28 നാണ് ഏറ്റവുമൊടുവിൽ അവർ പോലീസ് സ്‌റ്റേഷൻ ആക്രമിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. തങ്ങൾക്കിടയിലെ ഒരു വിഭാഗം ക്രൈസ്തവ വിശ്വാസികളായി തുടരുന്നത് മെയ്തെയി സംസ്കാരത്തിന് ദോഷകരമാണ് എന്ന ആശയ പ്രചാരണം ഇത്തരം സംഘടനകൾ കുറച്ചുകാലമായി നടത്തിവന്നിരുന്നു. എന്നാൽ, മെയ്തെയി സംസ്കാരത്തിന്റെ ഔദ്യോഗിക മതമായ സനാമഹിസം, അഥവാ, മെയ്തെയിസം പിന്തുടരുന്ന മെയ്തെയികൾ കേവലം പതിനാല് ശതമാനം മാത്രമാണ് എന്നുള്ളതാണ് വാസ്തവം.
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ മണിപ്പൂർ രാജാവായിരുന്ന പാംഹെയ്‌ബ ഹിന്ദുമതം സ്വീകരിച്ചതോടെയാണ് ഭൂരിഭാഗം മെയ്തെയികളും ഹിന്ദുമത വിശ്വാസികളായത്. 1990 കളുടെ ആരംഭത്തിൽ സനാമഹിസത്തിലേയ്ക്ക് തിരിച്ചുപോകാനായുള്ള തീവ്ര യത്നങ്ങൾ പീപ്പിൾസ് ലിബറേഷൻ ആർമി (മണിപ്പൂർ) യുടെ നേതൃത്വത്തിൽ നടന്നിരുന്നു. അക്കാലത്ത് യാഥാസ്ഥിതികരായ മെയ്തെയികൾ ഹിന്ദു, ക്രിസ്ത്യൻ, മുസ്ളീം മതവിശ്വാസങ്ങളെ ഒരുപോലെ എതിർത്തിരുന്നെങ്കിൽ, മെയ്തെയികൾക്കിടയിൽ ഹിന്ദുത്വവാദം ശക്തമായിരിക്കുന്ന പ്രതിഭാസമാണ് ഇപ്പോൾ കാണപ്പെടുന്നത്. അതിന് പിന്നിലെ സംഘപരിവാർ - ബിജെപി ഇടപെടലുകളും അടിയൊഴുക്കും വ്യക്തമാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനം വളർത്തിക്കൊണ്ടുവന്ന് ഉറപ്പുള്ള വോട്ട് ബാങ്കാക്കി മണിപ്പൂരിനെ മാറ്റിയെടുക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് ഇത്തരം നീക്കങ്ങൾ എന്ന് സ്വാഭാവികമായും സംശയിക്കാം.
കഴിഞ്ഞ മെയ് മൂന്നിന് ശേഷം നൂറ്റി അറുപത്തിൽപ്പരം പേർ ഇതിനകം കൊലചെയ്യപ്പെട്ടു എന്നാണ് മണിപ്പൂരിലെ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്ന കണക്ക്. യഥാർത്ഥ സംഖ്യ അതിലും അധികമായിരിക്കാനാണ് സാധ്യത. നാൽപ്പത്തയ്യായിരത്തോളം പേർ അഭയാർത്ഥി ക്യാമ്പുകളിൽ തുടരുന്നു. പതിനായിരത്തോളം പേർ മറ്റു സംസ്ഥാനങ്ങളിൽ അഭയം തേടിയിരിക്കുന്നു. സ്വത്തും സമ്പാദ്യവും മുഴുവൻ നഷ്ടപ്പെട്ട് ഇനി ഒരു തിരിച്ചുവരവില്ല എന്ന് ഉറപ്പിച്ച് നിരാശയിൽ കഴിയുന്നവരിൽ മണിപ്പൂരിൽ ഉയർന്ന ഉദ്യോഗ പദവികളിലുണ്ടായിരുന്നവർ വരെയുണ്ട്.
ഇംഫാലിൽ താമസമാക്കിയിരുന്ന മണിപ്പൂർ സംസ്ഥാന ഗോത്രവർഗ്ഗ കമ്മീഷൻ മുൻ അംഗം ഡോ. താര മഞ്ചിൻ ഹാങ്‌സോ തനിക്കുണ്ടായ അനുഭവങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വിവരിച്ചിരുന്നു. ആദ്യ കലാപ ദിവസങ്ങളിൽ അവരുടെ എല്ലാ സൗകര്യങ്ങളോടും കൂടിയ വീടും വാഹനങ്ങളും അക്രമികൾ അഗ്നിക്കിരയാക്കുകയാണുണ്ടായത്. ജീവൻ രക്ഷിക്കാനായി രണ്ടു രാവും പകലും തെരുവിലൂടെ അലഞ്ഞ അവരും കുടുംബവും ഒടുവിൽ ഡൽഹിയിലേക്ക് പോവുകയായിരുന്നു. ഇതുപോലുള്ള ദുരനുഭവങ്ങളുടെ കഥകൾ പതിനായിരങ്ങൾക്ക് പറയാനുണ്ട്.
മറ്റുചില യാഥാർത്ഥ്യങ്ങൾ
മണിപ്പൂരിലെ വരേണ്യ വർഗ്ഗമായ മെയ്തെയികൾക്കിടയിൽ ഗോത്ര വർഗ്ഗക്കാരോട് രൂപപ്പെട്ട വിരുദ്ധ വികാരമാണ് മെയ്മാസത്തെ കലാപകലുഷിതമാക്കിയത്. അടിസ്ഥാനരഹിതമായ ഒരു അവകാശബോധവും അസ്വാഭാവികമായ സ്വത്വബോധവും അവർക്കിടയിൽ സമീപകാലത്തായി വളർന്നുവന്നിരുന്നു. തങ്ങളുടെ അവകാശങ്ങളും സ്വത്വവും നിലനിർത്താൻ പട്ടികവർഗ്ഗ സംവരണം വേണമെന്ന ആവശ്യമായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ടായി അവരുടെ ആവശ്യം. എന്നാൽ, അതിനുമുമ്പ് ഇതേ ആവശ്യങ്ങൾക്കായി സ്വന്തം രാജ്യം അനുവദിച്ചുകിട്ടാൻ പതിറ്റാണ്ടുകളോളം അവർ രാജ്യത്തോട് യുദ്ധം ചെയ്തിരുന്നു.
1964 ൽ ആരംഭം കുറിച്ച യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് മുതൽ പീപ്പിൾസ് ലിബറേഷൻ ആർമി (മണിപ്പൂർ) വരെ നിരവധി സായുധ വിഘടനവാദ ഗ്രൂപ്പുകൾ ഈ ആവശ്യത്തിനായി മെയ്തെയികൾക്കിടയിൽനിന്ന് രൂപംകൊണ്ടിരുന്നു. ഭരണകൂടത്തിന് എതിരായുള്ള നീക്കങ്ങൾ ഗോത്രവർഗ്ഗക്കാർക്കെതിരെയുള്ള നീക്കങ്ങളായി മാറിയ ഒരു പ്രത്യേകതരം പരിണാമം കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ മെയ്തെയികളിൽ സംഭവിച്ചതായി കാണാൻ കഴിയും. പ്രത്യേകിച്ച് ബിജെപി അധികാരത്തിൽ വന്നതിന് ശേഷമാണ് ഇത്തരം മാറ്റങ്ങൾ അവർക്കിടയിൽ സംഭവിച്ചത് എന്നുള്ളത് വ്യക്തമാണ്.
മെയ് മൂന്ന് മുതലുള്ള ദിവസങ്ങളിലെ അക്രമസംഭവങ്ങളിൽ മെയ്തെയി അക്രമ സംഘങ്ങൾ കുക്കികൾക്കുമേൽ അഴിഞ്ഞാട്ടം നടത്തിയതും മുന്നൂറിൽപ്പരം ക്രൈസ്തവ ദേവാലയങ്ങൾ തകർത്തതും ബിജെപി സർക്കാരും നിയമപാലകരും അക്ഷരാർത്ഥത്തിൽ കൈകെട്ടി നോക്കി നിൽക്കുകയായിരുന്നു എന്നുവേണം പറയാൻ.
മെയ് മൂന്ന് മുതലുള്ള ദിവസങ്ങളിൽ ഇരു വിഭാഗങ്ങളും പരസ്പരം ആക്രമിക്കപ്പെടുകയുണ്ടായെങ്കിലും കുക്കികൾക്ക് എതിരെ സംഘടിതമായ അക്രമണ പരമ്പരകളാണ് ആ ദിവസങ്ങളിലും തുടർന്നും അരങ്ങേറിയത്. ആയുധധാരികളായ ആൾക്കൂട്ടങ്ങളാണ് ഒരേ സമയം പലയിടങ്ങളിലായി അക്രമങ്ങൾക്ക് നേതൃത്വം നൽകിയത്. ഈ സംഘടിത സ്വഭാവം കലാപത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണമുണ്ട് എന്നുള്ളതിന് സൂചന നൽകുന്നുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് വർഗ്ഗീയ വിദ്വേഷം ആളിക്കത്തിക്കുന്ന രീതിയിൽ രാമാനന്ദ എന്ന വ്യക്തി പ്രസംഗിച്ചതും, തങ്ങളുടെ സ്വത്വവും സംസ്കാരവും മതവിശ്വാസവും സംരക്ഷിക്കുമെന്ന് ഒരു വിഭാഗം മെയ്തെയികൾ പ്രതിജ്ഞയെടുത്തതും ഇത്തരമൊരു കലാപത്തിന് ഒരുക്കമായി വിലയിരുത്തപ്പെടുന്നുണ്ട്. വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ രാമാനന്ദ മാപ്പു പറയുകയുണ്ടായെങ്കിലും മെയ്തെയികൾക്കിടയിൽ ക്രൈസ്തവ വിദ്വേഷം വ്യാപിക്കുന്നതായി സൂചനകളുണ്ടായിരുന്നു. തീവ്ര ഹിന്ദുത്വ പ്രത്യയ ശാസ്ത്രമുള്ള ചില സംഘടനകൾ കഴിഞ്ഞ കുറച്ചുകാലങ്ങളായി മെയ്തെയികൾക്കിടയിൽ പ്രവർത്തിച്ചുവന്നിരുന്നു.
ഇത്തരമൊരു സംഘർഷാവസ്ഥ രൂപപ്പെടാനുള്ള കാരണങ്ങൾ പലതുണ്ടായിരുന്നു എങ്കിലും അതിനെ ഒരു വർഗ്ഗീയ കലാപത്തിന്റെ രൂപഭാവങ്ങളിലേയ്ക്ക് എത്തിച്ചതിന് പിന്നിൽ ചില നിഗൂഢമായ ഇടപെടലുകൾ പലരും സംശയിക്കുന്നു. അത്തരമൊരു നിറംമാറ്റമാണ് പുതിയ കലാപത്തെ കൂടുതൽ ആശങ്കാജനകമായും അപകടകരമായും മാറ്റിയത്. ഒരു ശാശ്വത പരിഹാരത്തിന് തടസമായി നിൽക്കുന്നതും ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന വർഗ്ഗീയ ധ്രുവീകരണം തന്നെയാണ്. മെയ്തെയി വംശജനായ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നയങ്ങൾക്കും നിലപാട് മാറ്റങ്ങൾക്കും അതിൽ വലിയ പങ്കുണ്ട്. വലിയ വാഗ്ദാനങ്ങൾ നൽകി ഇലക്ഷൻ പ്രചാരണം നടത്തി അധികാരത്തിലേക്കെത്തുകയും അധികാരമുറപ്പിച്ചുകഴിഞ്ഞാൽ നിറം മാറുകയും ചെയ്യുന്ന ബിജെപിയുടെ മുഖമാണ് മണിപ്പൂരിൽ വ്യക്തമാകുന്നത്.
ന്യൂനപക്ഷ സംരക്ഷണം ഉറപ്പുനൽകിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളും പ്രചരണങ്ങളും ഒരു വശത്ത് പുരോഗമിക്കുമ്പോഴും അതിന് വിരുദ്ധമായ നീക്കങ്ങളാണ് ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയും മറ്റ് സംഘപരിവാർ സംഘടനകളും നടത്തിവരുന്നത് എന്നുള്ളതിന് മണിപ്പൂർ സാക്ഷ്യം നൽകുന്നു. സമാനമായ ഭീഷണികളാണ് ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ക്രൈസ്തവരും ഇതര ന്യൂനപക്ഷ മതവിഭാഗങ്ങളും നേരിട്ടുകൊണ്ടിരിക്കുന്നത്. തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽ അടിയുറച്ച വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയിലുള്ള സ്വാധീനം ദിനംപ്രതി വ്യക്തമാവുകയാണ്. അത്തരം സംഘടനകളുടെ സ്വാധീനം മറ്റു വിവിധ സംസ്ഥാനങ്ങളിൽ എന്നതുപോലെ മണിപ്പൂരിലെ ബിജെപിയുടെ രാഷ്ട്രീയ നിലപാടുകളിലും പ്രകടമാണ്. ആ അർത്ഥത്തിൽ മണിപ്പൂരിൽ സംഭവിച്ചത് ഒരു പാഠമായി ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളും കാണേണ്ടതുണ്ട്. പ്രത്യേകിച്ച് കേരളത്തിന്റെ പശ്ചാത്തലത്തിൽ ഇക്കാലഘട്ടത്തിൽ നടക്കുന്ന വ്യാപക പ്രചാരണങ്ങൾക്കും വാഗ്ദാനപ്പെരുമഴകൾക്കും പിന്നിൽ മറഞ്ഞിരിക്കുന്ന അപകടസാധ്യതകളെ വിവേകത്തോടെ ഉൾക്കൊള്ളാൻ ജനാധിപത്യത്തെ മാനിക്കുന്ന ഓരോ പൗരനും കടമയുണ്ട്.