News - 2024

ജെമെല്ലി ആശുപത്രി ഡയറക്ടർക്ക് നന്ദിയര്‍പ്പിച്ച് ഫ്രാൻസിസ് പാപ്പയുടെ കത്ത്

പ്രവാചകശബ്ദം 27-06-2023 - Tuesday

റോം: ഹെര്‍ണിയയെ തുടര്‍ന്നുള്ള ശസ്ത്രക്രിയയോട് അനുബന്ധിച്ച് ഒരാഴ്ച ആശുപത്രിയില്‍ കഴിഞ്ഞ ഫ്രാൻസിസ് പാപ്പ ജെമെല്ലി ആശുപത്രി ഡയറക്ടർക്ക് കത്തെഴുതി. പ്രിയപ്പെട്ട സഹോദരാ എന്ന് അഭിസംബോധന ചെയ്തു കൊണ്ട് ആരംഭിക്കുന്ന കത്തിൽ അഗസ്തീനോ ജെമെല്ലി ആശുപത്രിയിലെ തന്റെ വാസകാലത്ത് തനിക്ക് നൽകിയ പരിചരണത്തിനും തന്നോടു കാണിച്ച ശ്രദ്ധയ്ക്കും പാപ്പ നന്ദി അറിയിച്ചു. വേദനയുടെയും പ്രത്യാശയുടെയും ആ സ്ഥലത്ത് ഒരിക്കൽക്കൂടി സാഹോദര്യത്തിന്റെയും ആതിഥേയത്വത്തിന്റെയും ഒരു കുടുംബാന്തരീക്ഷവും ആസ്വദിക്കാൻ കഴിഞ്ഞത് തന്റെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സുഖ പ്രാപ്തിയെ വളരെയധികം സഹായിച്ചുവെന്ന് പാപ്പ കത്തിൽ എടുത്തു പറഞ്ഞു.

മാനുഷികവും ആത്മീയവുമായ അവരുടെ സാമിപ്യത്തിന് ജെമെല്ലി ആശുപത്രിയിലെ മുഴുവൻ സമൂഹത്തിനും തന്റെ ഹൃദയംഗമമായ നന്ദിയർപ്പിക്കുന്നുവെന്ന് പാപ്പ കുറിച്ചു. കർത്താവ് അനുഗ്രഹിക്കുകയും പരിശുദ്ധ കന്യക കാത്തുകൊള്ളുകയും ചെയ്യട്ടെയെന്നും പാപ്പാ കത്തിൽ ആശംസിച്ചു. തനിക്കായി പ്രാർത്ഥിക്കണമെന്നും ആശുപത്രി ഡയറക്ടർക്കും അദ്ദേഹത്തിന്റെ കുടുംബത്തിനു വേണ്ടി പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തുകൊണ്ടുമാണ് പാപ്പയുടെ കത്ത് അവസാനിക്കുന്നത്. അതേസമയം പാപ്പയുടെ കത്തില്‍ ഹോസ്പിറ്റൽ ബോർഡ് ഡയറക്ടർമാർ അതീവ സന്തോഷം പ്രകടിപ്പിച്ചു. പരിശുദ്ധ പിതാവിന്റെ വാക്കുകളിലെ വൈകാരികമായ സന്തോഷത്തിന് നന്ദിയര്‍പ്പിക്കുന്നതായി ഡയറക്ടർമാർ പറഞ്ഞു.

More Archives >>

Page 1 of 855