News - 2025
പോളണ്ടിൽ നിന്നും നാസികൾ മോഷ്ടിച്ച ദേവാലയ മണികൾ ജർമ്മനി തിരികെ നൽകി
പ്രവാചകശബ്ദം 27-06-2023 - Tuesday
വാര്‍സോ: രണ്ടാം ലോക മഹായുദ്ധകാലത്ത് പോളണ്ടിൽ നിന്നും നാസികൾ മോഷ്ടിച്ച ദേവാലയ മണികൾ ജർമ്മനി പോളണ്ടിന് തിരികെ നൽകി. പോളണ്ടിലെ മൂന്ന് സ്ഥലങ്ങളിൽ ദേവാലയ മണികൾ തിരികെ നൽകുന്ന ചടങ്ങ് നടന്നു. ജർമ്മനിയിലെ റോട്ടൻബർഗ് മെത്രാൻ ജഫാർഡ് ഫുർസ്റ്റും, ബാഡൻ-വുർട്ടൻബർഗ് പ്രീമിയർ വിൻഫ്രഡ് കൃഷ്മാനുമാണ് ദേവാലയ മണികൾ തിരികെ നൽകുന്ന നടപടിക്രമങ്ങൾക്ക് ചുക്കാൻ പിടിച്ചത്. പോളണ്ടിലെ സ്ട്രാസീവോ, ഫ്രോംബോർക്ക്, സിഗ്ഗോടി എന്നീ സ്ഥലങ്ങളിൽ നിന്നാണ് ദേവാലയ മണികൾ നാസികൾ കടത്തിക്കൊണ്ടു പോയത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം വുർട്ടൻബർഗിലെ ദേവാലയത്തിൽ മണികൾ സ്ഥാനം പിടിച്ചു.
ബിഷപ്പ് ജഫാർഡ് ഫുർസ്റ്റ് തുടക്കമിട്ട 'ബെൽസ് ഓഫ് പീസ് ഫോർ യൂറോപ്പ്' എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇപ്പോൾ ദേവാലയമണികൾ തിരികെ നൽകുന്നത്. രണ്ടു ദിവസങ്ങളിലായാണ് ദേവാലയമണികൾ പോളണ്ടിലെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചത്. റോട്ടൻബർഗിലെ സെന്റ് മാർട്ടിൻ കത്തീഡ്രൽ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് പോളണ്ടിൽ നിന്ന് കൊണ്ടുവന്ന ഒരു മണി ദേവാലയത്തിൽ ഉപയോഗിക്കുന്നുണ്ടെന്ന് ആദ്യം വെളിപ്പെടുത്തലുണ്ടായിരിന്നു. ഈ കണ്ടെത്തലാണ് ബെൽസ് ഓഫ് പീസ് ഫോർ യൂറോപ്പിന് ആരംഭം കുറിക്കാൻ ഫുർസ്റ്റിന് പ്രേരണ നൽകിയത്.
ദുരിത പൂർണ്ണമായ കാലഘട്ടത്തിന്റെ മാത്രമല്ല സമാധാനത്തിന്റെയും, പ്രതീക്ഷയുടെയും സാക്ഷ്യമാണ് ദേവാലയമണികളെന്ന് പോളണ്ടിലെ എൽബ്ലാഗ് രൂപതയുടെ മെത്രാൻ ജാസക്ക് ജിയേർസ്കി ചടങ്ങിൽ സംസാരിച്ചുകൊണ്ട് പറഞ്ഞു. ഉദ്യമത്തിന് ചുക്കാൻ പിടിച്ച ബിഷപ്പ് ഫുർസ്റ്റിന് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി. ഒരു സമയത്ത് ജർമ്മനിയുടെയും, പോളണ്ടിന്റെയും കലഹത്തിന്റെ പ്രതീകമായിരുന്ന ദേവാലയ മണികൾ ഇപ്പോൾ ഐക്യത്തിന്റെയും, യോജിപ്പിന്റെയും പ്രതീകമാണെന്ന് ഇരു കൂട്ടരും പറഞ്ഞു. രണ്ടാം ലോക മഹായുദ്ധ സമയത്ത്, മുൻ ജർമ്മൻ കിഴക്കൻ പ്രദേശങ്ങളിലെയും അധിനിവേശ രാജ്യങ്ങളിലും നിന്നു 100,000 മണികളാണ് ആയുധങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പിടിച്ചെടുത്തത്.