News - 2025
ആഗോള സഭയില്‍ പുതിയതായി നിയമിക്കപ്പെട്ട മെത്രാപ്പോലീത്തമാര്‍ക്കുള്ള പാലിയം വെഞ്ചിരിപ്പ് ഇന്ന്
പ്രവാചകശബ്ദം 29-06-2023 - Thursday
വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ഇന്നു കത്തോലിക്ക സഭയിൽ ആചരിക്കാനിരിക്കെ, തിരുനാളിനായി തയാറെടുത്ത് വത്തിക്കാൻ. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ ബലി അര്‍പ്പിക്കും. ദിവ്യബലിയുടെ അവസരത്തിൽ പുതിയതായി മെത്രാപ്പോലീത്തമാരായി നിയോഗിക്കപ്പെട്ടവർക്ക് പാലിയം പാപ്പ സമ്മാനിക്കും. കുഞ്ഞാടിന്റെ രോമം കൊണ്ട് നെയ്തുണ്ടാക്കിയ പാലിയം നല്ലിടയനായ ക്രിസ്തുവിനോട് ഐക്യപ്പെടേണ്ട മെത്രാപ്പോലീത്തായുടെ ഇടയദൗത്യമാണ് സൂചിപ്പിക്കുന്നത്.
വിശുദ്ധ ബലി മദ്ധ്യേ കര്‍ദ്ദിനാള്‍ പ്രോട്ടോ ഡീക്കന്‍ നവ മെത്രാപ്പോലീത്തമാരെ പേരുവിളിച്ച് അവരുടെ സാന്നിദ്ധ്യം അറിയിക്കും. തുടര്‍ന്നു റോമിലെ സഭാകൂട്ടായ്മയിലുള്ള ഭാഗഭാഗിത്വത്തിന്‍റെയും പത്രോസിന്‍റെ പരമാധികാരത്തിലുള്ള പങ്കാളിത്തത്തിന്‍റെയും ഭാഗമായി പാലിയം ഉത്തരീയം നല്‍കണമെന്ന് അദ്ദേഹം മാര്‍പാപ്പയോട് അഭ്യര്‍ത്ഥിക്കും. ഇതിന് പിന്നാലേ മെത്രാപ്പോലീത്തമാര്‍ ഓരോരുത്തരും അവരുടെ വിധേയത്വം ഏറ്റുപറയും. തുടര്‍ന്ന് പാപ്പ പാലിയം ആശീര്‍വ്വദിച്ച് ഓരോരുത്തർക്കും കൈമാറും. നൂറുകണകണക്കിനാളുകള്‍ ചടങ്ങുകള്‍ക്ക് സാക്ഷിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിരുനാളിന് ഒരുക്കമായി ഇന്നലെ വൈകുന്നേരം ഒൻപതുമണി മുതൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ആർച്ചു പ്രീസ്റ്റ് കർദ്ദിനാൾ മൗറോ ഗംബെത്തിയുടെയും, റോം രൂപതയുടെ വികാരി കർദ്ദിനാൾ ആഞ്ചലോ ദെ ഡൊണാത്തിസിന്റെയും നേതൃത്വത്തിൽ വത്തിക്കാൻ ചത്വരത്തിൽ ജാഗരണ പ്രാർത്ഥന നടത്തി. ഇന്നു തിരുനാൾ ദിവസം, വത്തിക്കാൻ ബസിലിക്കയിലെ വിശുദ്ധ പത്രോസിന്റെ വെങ്കലത്താൽ തീർത്ത രൂപം പാപ്പയുടെ പരമ്പരാഗത തിരുവസ്ത്രങ്ങളാൽ അലങ്കരിക്കുകയും, അധികാര ചിഹ്നങ്ങൾ അണിയിക്കുകയും ചെയ്യുന്നുണ്ട്.