India - 2024
ബാലസോർ രൂപത മെത്രാനായി മലയാളി ബിഷപ്പ് വർഗീസ് തോട്ടങ്കര ചുമതലയേറ്റു
പ്രവാചകശബ്ദം 04-07-2023 - Tuesday
ബാലസോർ: ഒഡീഷയിലെ ബാലസോർ രൂപതയുടെ മൂന്നാമത്തെ മെത്രാനായി മലയാളിയായ ബിഷപ്പ് ഡോ. വർഗീസ് തോട്ടങ്കര ചുമതലയേറ്റു. ബാലസോർ ക്രൈസ്റ്റ് ദ കിംഗ് കത്തീഡ്രലില്‍ നടന്ന സ്ഥാനാരോഹണച്ചടങ്ങുകളില്‍ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾഡോ ജിറെല്ലി മുഖ്യകാര്‍മ്മികനായി. ദിവ്യബലിയോടനുബന്ധിച്ചായിരുന്നു സ്ഥാനാരോഹണം. ബിഷപ്പ് തോട്ടങ്കരയുടെ നിയമനത്തിന്റെ പേപ്പൽ ബുള ഇംഗ്ലീഷിലും ഒഡിയ ഭാഷയിലും വായിച്ചു. മെത്രാന്മാർ, വൈദികർ, സന്യസ്തർ എന്നിവരുൾപ്പെടെ നിരവധി പേർ ചടങ്ങു കളിൽ പങ്കെടുത്തു. പെരുമ്പാവൂർ തോട്ടുവ സെന്റ് ജോസഫ് ഇടവകാംഗമായ ബിഷപ്പ് ഡോ. വർഗീസ് തോട്ടങ്കരയുടെ കുടുംബാംഗങ്ങളും സ്ഥാനാരോഹണ ശുശ്രൂഷകളിൽ പങ്കെടുക്കാനെത്തി.
സ്ഥാനാരോഹണത്തിനു മുന്നോടിയായി കത്തീഡ്രലിൽ നടന്ന പ്രാർത്ഥനാശുശ്രൂഷയ്ക്ക് കട്ടക് ഭുവനേശ്വർ ആർച്ച് ബിഷപ്പ് ഡോ. ജോൺ ബറുവ നേതൃത്വം നൽകി. കോൺഗ്രിഗേഷൻ ഓഫ് ദ മിഷൻ (സിഎം) സന്യാസ സമൂഹാംഗമായ ബിഷപ്പ് ഡോ. വർഗീസ് തോട്ടങ്കര 2013 മുതൽ എത്യോപ്യയിലെ നെകംതെ അപ്പസ്തോലിക് വികാരിയാത്തിന്റെ അധ്യക്ഷനായിരുന്നു. ഏഴു വർഷം ഒഡീഷയിൽ സേവനം ചെയ്തിട്ടുണ്ട്. 2019ൽ അന്തരിച്ച മലയാളിയായ ബിഷപ് ഡോ. സൈമൺ കൈപ്പുറത്തിന്റെ പിൻഗാമിയായാണു ബിഷപ്പ് ഡോ. വർഗീസ് തോട്ടങ്കര ബാലസോർ രൂപതയുടെ അധ്യക്ഷനായി ചുമതലയേറ്റത്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ പെരുമ്പാവൂർ തോട്ടുവ ഇടവകാംഗമാണ് ബിഷപ്പ് തോട്ടങ്കര. 1987ൽ പൗരോഹിത്യം സ്വീകരിച്ചു. ഒഡീഷയിലെ ബറാംപുർ രൂപതയിൽ മിഷൻ പ്രവർത്തനമായിരുന്നു ആദ്യനിയോഗം. 1990 മുതൽ എത്യോപ്യയിലും റോമിലുമായി സേവനം ചെയ്തു. റോമിലെ സെന്റ് തോമസ് അക്വീനാസ് (ആൻജെലിക്കം) യൂണിവേഴ്സിറ്റിയിൽ മോറൽ തിയോളജിയിലായിരുന്നു ഉപരിപഠനം.
എത്യോപ്യയിലുള്ള മൈനർ സെമിനാരിയിൽ അധ്യാപകൻ, മേജർ സെമിനാരിയിൽ വിസിറ്റിംഗ് പ്രഫസർ, അഡിസ് അബാബയിലുള്ള സെന്റ് പോൾസ് മേജർ സെമിനാരിയുടെ പ്രഥമ റെക്ടർ, തിയോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ, സന്യാസ സമൂഹത്തിന്റെ പ്രോവിൻഷ്യൽ കൗൺസിലർ, അസിസ്റ്റന്റ് ജനറാൾ, വിവിധ സന്യസ്ത സമൂഹങ്ങളുടെ സ്പിരിച്വൽ ഡയറക്ടർ, റോമിൽ സഭയുടെ പ്രൊക്യുറേറ്റർ ജനറൽ, ജനറൽ കൂരിയ ആർക്കെവിസ്റ്റ്, ഏഷ്യ പസഫിക് മേഖലയിലെ രാജ്യാന്തര മിഷനുകളുടെ ഡെലിഗേറ്റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.