News

43 ലക്ഷം വിശ്വാസികളുള്ള ലോസ് ആഞ്ചലസ് അതിരൂപതക്ക് 4 സഹായ മെത്രാന്മാരെ നിയമിച്ച് പാപ്പ

പ്രവാചകശബ്ദം 18-07-2023 - Tuesday

ലോസ് ആഞ്ചലസ്: അമേരിക്കയിലെ ഏറ്റവും വലിയ അതിരൂപതയായ ലോസ് ആഞ്ചലസ് അതിരൂപതക്കു നാല് പുതിയ സഹായ മെത്രാന്മാരെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇന്ന്‍ ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനില്‍ നിന്നു ഉണ്ടായത്. അതിരൂപതയിലെ 4.3 ദശലക്ഷത്തിലധികം കത്തോലിക്കരെ നയിക്കുന്നതിനു ആർച്ച് ബിഷപ്പ് ജോസ് ഗോമസിനെ സഹായിക്കാൻ മോൺ. ആൽബർട്ട് ബഹൂത്ത്, ഫാ. മാത്യു എൽഷോഫ്, ഫാ. ബ്രയാൻ നൂൺസ്, ഫാ. സ്ലോവോമിർ സ്ക്രെഡ്ക എന്നിവരെയാണ് പാപ്പ നിയമിച്ചിരിക്കുന്നത്. അതിരൂപതയിലെ ദൈവകുടുംബത്തിന് ഇത് സന്തോഷത്തിന്റെ ദിനമാണെന്നും ദൈവത്തിന് നന്ദി അര്‍പ്പിക്കുകയാണെന്നും പാപ്പയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ആര്‍ച്ച് ബിഷപ്പ് ഗോമസ് പറഞ്ഞു.

നിലവിലെ സഹായ മെത്രാന്മാരായ മാർക്ക് വി. ട്രൂഡോ, അലജാൻഡ്രോ ഡി. അക്ലാൻ എന്നിവരോടൊപ്പം നാല് മെത്രാന്‍മാര്‍ കൂടി അഭിഷിക്തരാകുന്നതോടെ ലോസ് ആഞ്ചലസ് അതിരൂപതയിലെ ആകെ സഹായ മെത്രാന്‍മാരുടെ എണ്ണം ആറായി ഉയരും. ഈ വർഷമാദ്യം, അതിരൂപത സഹായ മെത്രാൻ ഡേവിഡ് ഒ കോണൽ കൊല്ലപ്പെട്ടിരുന്നു. 1956 ഒക്ടോബർ 6-ന് ലെബനനിലെ ബെയ്റൂട്ടിൽ ഏഴു മക്കളിൽ ഇളയവനായി ജനിച്ച ഫാ. ബഹ്ഹുത്ത് ഗ്രീക്ക് കത്തോലിക്കാ സഭാംഗമായാണ് ജ്ഞാനസ്നാനം സ്വീകരിച്ചത്. പാസദേനയിലെ ഹോളി ഫാമിലി ഇടവക വികാരിയായി സേവനം ചെയ്തു വരികെയാണ് അറുപത്തിയാറുകാരനായ ബഹ്ഹുത്തിനെ തേടി പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.

കപ്പൂച്ചിൻ ഫ്രാൻസിസ്‌ക്കൻ സന്യാസിയാണ് ഫ. എൽഷോഫ്. ലൈസൻസുള്ള ഫാമിലി തെറാപ്പിസ്റ്റായ അദ്ദേഹം 1982-ൽ തിരുപ്പട്ടം സ്വീകരിച്ചു. കാമറില്ലോയിലെ സെന്റ് ജോൺസ് സെമിനാരിയിൽ ബൈബിൾ പഠന വിഭാഗം പ്രൊഫസറാണ് നാല്‍പ്പത്തിയൊന്‍പത് വയസ്സുള്ള ഫാ. സ്‌ക്രെഡ്ക. 1974-ൽ പോളണ്ടിലെ ചെക്കോവിസിൽ ജനിച്ച അദ്ദേഹം, 2002-ൽ ഇരുപത്തിയേഴാം വയസ്സിൽ പൗരോഹിത്യം സ്വീകരിക്കുന്നതിനുമുമ്പ്, മിഷിഗണിലാണ് പഠനം പൂര്‍ത്തിയാക്കിയത്. 2014 മുതൽ അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ക്കുന്ന ലോസ് ഏഞ്ചൽസ് അതിരൂപത കൂരിയയുടെ നിലവിലെ വികാരി ജനറലും മോഡറേറ്ററുമാണ് അന്‍പത്തിയെട്ടുകാരനായ ഫാ. ബ്രയാൻ നൂൺസ്.

More Archives >>

Page 1 of 862