News - 2025
പീഡനത്തിന്റെ ഭാഗമായ 'വിവസ്ത്രമാക്കൽ ഹോബി' ശത്രുക്കൾ തുടങ്ങിയത് ക്രിസ്തുവിൽ തന്നെ...!
സി. സോണിയ തെരേസ് ഡി. എസ്. ജെ 24-07-2023 - Monday
ഒത്തിരി കഷ്ടപ്പെട്ടാണ് അവർ ആ മുപ്പത്തിമൂന്നുകാരനായ യുവാവിനെയും കൊണ്ട് അവരുടെ ലക്ഷ്യസ്ഥാനമായ ആ മലമുകളിൽ എത്തിയത്. പാതിവഴിയിൽ അവൻ മരിച്ചു പോകുമോ എന്ന ഭയം മൂലം മറ്റൊരുവനെ, അതും ഒരു പരദേശിയെ അവന്റെ ചുമലിലെ ഭാരം ചുമക്കുവാൻ അവർ നിർബന്ധിച്ചു. അവരുടെ ആശങ്ക ആ യുവാവിനോടുള്ള സഹതാപം കൊണ്ടല്ല, മറിച്ച് കൂടുതൽ ക്രൂരതയോടെ അവനെ ഇഞ്ചിഞ്ചായി കൊല്ലണം എന്ന വാശി കൊണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി അത്ഭുതങ്ങളും അടയാളങ്ങളും കാണിച്ച് തങ്ങളുടെ കൺമുമ്പിൽ കിടന്ന് വിലസിയ ദൈവപുത്രൻ എന്ന് സ്വയം പ്രഖ്യാപിച്ച യേശു തങ്ങളുടെ ക്രൂരതകൾക്ക് മുമ്പിൽ എങ്ങനെ പ്രതികരിക്കും, ചിലപ്പോൾ സ്വയം രക്ഷിക്കാൻ എന്തെങ്കിലും വലിയ അത്ഭുതം പ്രവർത്തിക്കുമോ എന്നതും അവരുടെ ഇടയിലെ ഒരു ചർച്ചാ വിഷയമായിരുന്നു.
ഗാഗുൽത്താമലയുടെ മുകളിൽ മുറിവേറ്റ് ക്ഷീണിച്ച് അവശനായ ആ യുവാവിന്റെ വസ്ത്രങ്ങൾ ശത്രുക്കൾ ഒരോന്നായി ഉരിഞ്ഞെടുക്കുകയാണ്. ചുറ്റും ഒരു ജനസാഗരം തന്നെയുണ്ട്, മുപ്പത്തിമൂന്നുകാരനായ ആ യുവാവ് വിവസ്ത്രനായി ജനമധ്യത്തിൽ നിൽക്കുന്നു. അവനുചുറ്റും നിൽക്കുന്നവർ അവനെ നോക്കി കൂകിവിളിക്കുകയും കമന്റുകൾ പറഞ്ഞ് ആർത്തു ചിരിക്കുകയും ചെയ്യുന്നുണ്ട്. അവരിൽ ചിലർ ഇന്നലെകളിൽ അവൻ സൗഖ്യം നൽകി പറഞ്ഞയച്ചവരാണ്. മനുഷ്യനു മുമ്പിൽ മാനം നഷ്ടപ്പെട്ട ദൈവപുത്രന്റെ, അല്ല ദൈവത്തിന്റെ ചിത്രം...
അല്പം അകലെ കണ്ണീരിൽ കുതിർന്ന, തന്റെ അമ്മയുടെ നേരെ നിറകണ്ണുകളോടെ ക്രിസ്തു നോക്കി. ഉണ്ണിയായി പിറന്നപ്പോൾ നഗ്നമായ ആ കുഞ്ഞ് മേനിയെ കൈകളിൽ ഏന്തിയ ആ അമ്മയുടെ കൺമുമ്പിൽ തന്നെ യുവാവായ മകൻ പൂർണ്ണ നഗ്നനായി നിൽക്കുന്നു. ദുഃഖഭാരത്താൽ അലറി വിളിക്കുന്ന പരിശുദ്ധ കന്യാമറിയത്തെ ആശ്വസിപ്പിക്കാൻ അവൾക്കു ചുറ്റുമുള്ള സ്ത്രീകൾ കഠിന പരിശ്രമം നടത്തുന്നുണ്ട്. നിസഹായനായ ക്രിസ്തു പതിയെ തന്റെ മിഴികളടച്ചു. രണ്ടു തുള്ളി ചുടുകണ്ണീർ അവന്റെ പാദത്തെ തൊട്ടു തൊട്ടില്ല എന്ന പോലെ ഭൂമിയിൽ പതിച്ചു... പെറ്റമ്മയുടെ രോദനം ചെവികളിൽ അലയടിക്കുന്ന നിമിഷം പിന്നിൽ നിന്ന് ഒരു പട്ടാളക്കാരൻ ക്രിസ്തുവിന്റെ പിൻഭാഗത്ത് ആഞ്ഞു ചവിട്ടി.
അപ്രതീക്ഷിതമായി കിട്ടിയ പ്രഹരത്തിൽ ക്രിസ്തു കാലിടറി മുന്നിൽ കിടന്ന മരകുരിശിലേയ്ക്ക് മുഖം കുത്തി വീഴുന്നു. ഉടൻ ചുറ്റുമുള്ള പട്ടാളക്കാർ ക്രിസ്തുവിന്റെ കൈകളിൽ പിടിച്ച് വലിച്ച് കുരിശിനോട് അടുപ്പിക്കുന്നു, മൂന്നാലുപേർ കൂടി ഇരു കൈകളിലും കാലുകളിലും ആണികൾ അടിച്ചു കയറ്റി ദൈവപുത്രനെ ബന്ധനത്തിലാക്കുന്നു. മനുഷ്യനെ സ്വതന്ത്ര്യനാക്കാൻ വന്ന ദൈവപുത്രനെ രണ്ട് മരത്തടിയിൽ അവർ ബന്ധിച്ചു കിടത്തി. കുരിശിൽ പൂർണ്ണ നഗ്നനായി നിന്ദനങ്ങളുടെ മൂർദ്ധന്യാവസ്ഥയിൽ, തന്നെ വേദനിപ്പിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ച് അവരോട് ക്ഷമിച്ചു കൊണ്ട് പിതാവായ ദൈവത്തിന്റെ കരങ്ങളിൽ സ്വന്തം ആത്മാവിനെ ഏല്പിച്ച്, ക്രിസ്തു കുരിശിൽ തന്റെ ബലി പൂർത്തിയാക്കുന്നു. കുരിശു മരണത്തോളം ശൂന്യനായി, മരണത്തോളം അനുസരണം ഉള്ളവനായി ചരിത്രത്തിന്റെ തിരശ്ശീലയ്ക്ക് പിന്നിലേയ്ക്ക് ക്രിസ്തു മറയുന്നു...!
അതെ ഗാഗുൽത്താമലയിൽ ജനസാഗരത്തിന് മധ്യത്തിൽ വച്ച് ദൈവപുത്രനായ ക്രിസ്തുവിൽ തുടങ്ങിയതാണ് ഈ വിവസ്ത്രമാക്കൽ എന്ന ശത്രുക്കളുടെ ഹോബി. അന്നുമുതൽ ഇന്നു അവരെ സത്യത്തിനും സത്യവിശ്വാസത്തിനും വേണ്ടി നിലകൊള്ളുന്ന പതിനായിരക്കണക്കിന് മനുഷ്യ ജന്മങ്ങളെ, അധികാരികളോ, നിയമപാലകരോ, വർഗ്ഗീയ വാദികളാ ചേർന്ന് വിവസ്ത്രരാക്കുകയും അതികഠിനമായി പീഡിപ്പിക്കുകയും ചെയ്യുന്നു.... പക്ഷെ ക്രൈസ്തവ രക്തസാക്ഷികളുടെ ചുടുനിണവും ചുടുകണ്ണുനീരും വീണ ഭൂമിയിൽ എല്ലാം, ക്രൈസ്തവ വിശ്വാസം തഴച്ചുവളരുകയും ശക്തിപ്രാപിക്കുകയും ഒരു പക്ഷെ ആ ദേശത്തെയും രാജ്യത്തെയും സാമ്രാജ്യത്തെ തന്നെയും കീഴടക്കുകയും ചെയ്തു എന്നതാണ് ചരിത്രം നൽകുന്ന സാക്ഷ്യം... മണിപ്പുരിന്റെ മണ്ണിൽ ഇറ്റുവീണ ക്രൈസ്തവരുടെ ചുടുനിണവും നിഷ്കളങ്ക സ്ത്രീകളുടെ കണ്ണുനീരും ആ സംസ്ഥാനത്തെ തന്നെ മാറ്റിമറിക്കാതിരിക്കില്ല...