News - 2025

വധശിക്ഷ പൂർണമായി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ലഹോമയിലെ മെത്രാൻ

പ്രവാചകശബ്ദം 26-07-2023 - Wednesday

ഒക്ലഹോമ: വധശിക്ഷ പൂർണ്ണമായി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ലഹോമ ആർച്ച് ബിഷപ്പ് പോൾ കോക്ക്ലി രംഗത്ത്. കൊലപാതക കേസിലെ പ്രതിയായി കണ്ടെത്തിയ ജിമെയിൻ കാനോൺ എന്നൊരാളുടെ വധശിക്ഷ സംസ്ഥാനത്ത് നടപ്പിലാക്കിയതിന് പിന്നാലെയാണ് ആർച്ച് ബിഷപ്പ് പോൾ കോക്ക്ലി പ്രസ്താവനയിലൂടെ പ്രതികരണം നടത്തിയത്. വധശിക്ഷ നൽകിയ ആളിനും, അയാളുടെ ഇരകളായി മാറിയവർക്കും, അവരുടെ കുടുംബങ്ങൾക്കും വേണ്ടിയും പ്രാർത്ഥിക്കാൻ ആർച്ച് ബിഷപ്പ് അഭ്യർത്ഥന നടത്തി. മരണശിക്ഷയെന്നത് സംസ്ഥാനം ഉറക്കെ പ്രഖ്യാപിക്കുന്ന ജീവന്റെ സംസ്ക്കാരത്തിന് വിരുദ്ധമാണെന്ന് പറഞ്ഞ ആർച്ച് ബിഷപ്പ്, നീചമായ കുറ്റമാണെങ്കിലും മനുഷ്യ ജീവന്റെ മൂല്യം ഇല്ലാതാകുന്നില്ലെന്ന് കൂട്ടിച്ചേർത്തു.

പുരാതനമായ ശിക്ഷയെന്നാണ് അദ്ദേഹം വധശിക്ഷയെ വിശേഷിപ്പിച്ചത്. 51 വയസ്സ് ഉണ്ടായിരുന്ന പ്രതിയെ മക്അലേസ്റ്ററിലെ ജയിലിൽവെച്ച് വിഷ പദാർത്ഥം കുത്തിവെച്ചാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. 1995ൽ ജയിലിലെ ജോലി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതിനുശേഷം ടുൾസയിലെ ഒരു സ്ത്രീയോടൊപ്പം ഏതാനും ദിവസം കഴിഞ്ഞതിനുശേഷം അവരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി വധശിക്ഷക്ക് വിധിക്കപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീ രണ്ടു കുട്ടികളുടെ അമ്മയായിരുന്നു. ഇതിന് മുൻപ് ഒരു സ്ത്രീയെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് ജിമെയിൻ കാനോൺ ജയിലിലാകുന്നത്. ഈ സ്ത്രീയെ അയാൾ ലൈംഗീകമായി പീഡനത്തിനും ഇരയാക്കിയിരിന്നു.

ഒരു സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നു കത്തോലിക്കാസഭ 2018-ല്‍ പ്രഖ്യാപിച്ചിരിന്നു. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്നുള്ള പ്രബോധനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം മാറ്റം വരുത്തുകയായിരിന്നു. 2267-ാം മതബോധനത്തിലാണ് അന്നു മാറ്റംവരുത്തിയത്. കുറ്റവാളിയുടെ അനന്യതയും ഉത്തരവാദിത്വവും പൂർണ്ണമായും നിർണയിച്ചു കഴിഞ്ഞാൽ മനുഷ്യജീവിതങ്ങളെ അന്യായ അക്രമിയിൽ നിന്ന് ഫലപ്രദമായി സംരക്ഷിക്കുന്നതിനുള്ള ഏകമാർഗ്ഗമാണ് അതെങ്കില്‍ വധശിക്ഷ നടപ്പിലാക്കുന്നത് സഭയുടെ പരമ്പരാഗത പഠനം തടയുന്നില്ലായെന്നാണ് സി‌സി‌സി 2267ചൂണ്ടിക്കാട്ടിയിരിന്നത്.

ഇതിന് പകരമായാണ് വധശിക്ഷ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലായെന്ന് എഴുതിചേര്‍ത്തത്. വ്യക്തിയുടെ അലംഘനീയതയുടെയും അന്തസിന്റെയും മേലുള്ള കടന്നാക്രമണമായിട്ടാണു സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സഭ വധശിക്ഷയെ കാണുന്നതെന്ന് തിരുത്തിയ പ്രബോധനത്തില്‍ വ്യക്തമാക്കിയിരിന്നു. ലോകവ്യാപകമായി വധശിക്ഷ ഇല്ലാതാക്കാന്‍ സഭ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുമെന്നും പ്രബോധനത്തില്‍ അന്നു ചേര്‍ത്തു.

More Archives >>

Page 1 of 865