News - 2025
ജെറുസലേമിൽ വൈദികനോട് കുരിശ് മറയ്ക്കാൻ അധികൃതരുടെ ആവശ്യം; ആശങ്കയറിയിച്ച് വത്തിക്കാനിലെ ഇസ്രായേൽ പ്രതിനിധി
പ്രവാചകശബ്ദം 28-07-2023 - Friday
ജെറുസലേം: ജെറുസലേമിൽ സന്യാസ ആശ്രമത്തിന്റെ തലവനായ വൈദികനോട് കഴുത്തിൽ ധരിച്ചിരുന്ന കുരിശ് മറയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ട സംഭവം വിവാദത്തില്‍. പഴയ ജറുസലേമിലെ ഡോർമിഷൻ അബേയുടെ ചുമതല വഹിക്കുന്ന ഫാ. നിക്കോദേമൂസ് ഷ്നാബൽ എന്ന വൈദികനാണ് വിശ്വാസപരമായ വിവേചനത്തിന് ഇരയായിരിക്കുന്നത്. ജൂലൈ 19നു നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇസ്രായേലി സർക്കാരിന്റെ വെസ്റ്റേൺ വാൾ ഹെറിറ്റേജ് ഫൗണ്ടേഷനിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീയാണ് കുരിശ് മറയ്ക്കാൻ ആവശ്യപ്പെട്ടതെന്ന് കരുതപ്പെടുന്നു. ഫാ. ഷ്നാബലിന്റെ കുരിശ് വളരെ വലുതാണെന്നും, അത് ഈ സ്ഥലത്തിന് യോജിച്ചതല്ലെന്നും അവർ പറയുന്നത് ഉള്‍പ്പെടെയുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Forschungsministerin @starkwatzinger erlebt am Mittwochmorgen in Jerusalem mit, wie Abt @PaterNikodemus auf dem Platz vor der Klagemauer (außerhalb der Gebetszone) aufgefordert wird, sein Kreuz abzunehmen. Die Offizielle sagt, es handele sich um eine neue Regelung. @derspiegel pic.twitter.com/Zy1GxBVCRP
— Christoph Schult (@schultchristoph) July 19, 2023
ഇത് മനുഷ്യാവകാശത്തിനും പ്രതിബന്ധം സൃഷ്ടിക്കുകയാണെന്നും ഇത് തന്റെ സന്യാസ വസ്ത്രത്തിന്റെ ഭാഗമാണെന്ന് വൈദികന്‍ പറയുന്നതും വസ്ത്രത്തെപ്പറ്റി അല്ല താൻ പറഞ്ഞതെന്നും കുരിശിനെ പറ്റി ആണെന്നും ആ സ്ത്രീ മറുപടി പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തിന് പിന്നാലെ സർക്കാരിന്റെ കീഴിൽ പട്ടണത്തിലെ സാഹചര്യങ്ങൾ കൂടുതൽ മോശമായി മാറുന്നതിൽ വേദന തോന്നുന്നുവെന്ന് വൈദികൻ ട്വിറ്ററിൽ കുറിച്ചു. അതേസമയം വത്തിക്കാനിലെ ഇസ്രായേലിന്റെ അംബാസഡർ റാഫേൽ ഷുൾസ് സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. ഇങ്ങനെയുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടില്ലായെന്ന് ഉറപ്പു വരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
മതസ്വാതന്ത്ര്യവും, ആരാധനാസ്വാതന്ത്ര്യവും ഉറപ്പു നൽകുന്ന രാജ്യമാണ് ഇസ്രായേൽ. അത് തുടരണം. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാർ അക്രമികള്‍ക്ക് സംരക്ഷണവും പിന്തുണയും നൽകുന്നുവെന്ന തോന്നലാണ് അടുത്തിടെയായി ക്രൈസ്തവർക്കെതിരെ അക്രമങ്ങൾ വർധിക്കാൻ കാരണമായിരിക്കുന്നതെന്ന് ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്ക് പിയർബാറ്റിസ്റ്റ പിസബെല്ല ഏപ്രിൽ മാസം പറഞ്ഞിരുന്നു. അക്രമികൾ ക്രൈസ്തവ വൈദികരെയും, ക്രൈസ്തവരുടെ ആത്മീയ കേന്ദ്രങ്ങളെയും ലക്ഷ്യംവെക്കുകയാണെന്നും അദ്ദേഹം അസോസിയേറ്റഡ് പ്രസിനോട് വിശദീകരിച്ചു. അതേസമയം സമീപകാലത്തായി വിശുദ്ധ നാട്ടില്‍ തീവ്ര യഹൂദ നിലപാടുള്ളവരില്‍ നിന്നു ക്രൈസ്തവര്‍ വലിയ രീതിയില്‍ വിവേചനവും അതിക്രമവും നേരിടുന്നുണ്ടെന്ന വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു.