News - 2025
സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കൊപ്പം വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്ന് യുക്രൈന്‍ യുവജനങ്ങളും
പ്രവാചകശബ്ദം 03-08-2023 - Thursday
ലിസ്ബൺ: ലോക യുവജന സംഗമത്തിൽ പങ്കെടുക്കുന്ന സീറോമലബാർ സഭാംഗങ്ങളുടെ യുത്ത് അറൈസൽ പ്രോഗ്രാമിൽ യുക്രൈനിൽ നിന്നുള്ളവർ പങ്കെടുത്തു. ബയിത്തോയിലെ സാൻ ബർത്തലോമിയ പള്ളിയിൽ മെൽബൺ മുൻ ബിഷപ്പ് മാർ ബോസ്കോ പുത്തൂരിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിലും തുടർന്നു നടന്ന സംഗമത്തിലും കാനഡയിലെ യുക്രൈന്‍ ബിഷപ്പ് ബ്രയാൻ ബൈഡയും യുക്രൈനില്‍ നിന്നുള്ള യുവജനങ്ങളും മുഴുവൻ സമയം പങ്കുചേർന്നു.
വിശുദ്ധ കുർബാനയിൽ മാർ ജോസ് കല്ലുവേലിൽ, മാർ ജോസഫ് സ്രാമ്പിക്കൽ, മാർ തോമസ് തറയിൽ എന്നിവരും കാർമികരായിരുന്നു. 28 സീറോ മലബാർ വൈദികരും ഇന്ത്യയിൽനിന്നും അമേരിക്കയിലെ ഷിക്കാഗോ, കാനഡയിലെ മിസിസാഗ, ഓസ്ട്രേലിയയിലെ മെൽബൺ, യുകെയിലെ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതകളിൽ നിന്നും യൂറോപ്പിലെ സീറോ മലബാർ അപ്പ സ്തോലിക് വിസിറ്റേഷനിൽ നിന്നുമായി പതിനഞ്ച് രാജ്യങ്ങളെ പ്രതിനിധീകരിച്ച് യുവാക്കളും ആനിമേറ്റേഴ്സും പങ്കെടുത്തു. അതേസമയം യുവജന സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്നലെ ലിസ്ബണിലെത്തിയ ഫ്രാൻസിസ് മാർപാപ്പ ഇന്ന് സംഗമത്തെ അഭിസംബോധന ചെയ്യും.