News - 2025

വംശീയ കലാപത്തിന്റെ മറവിൽ ക്രൈസ്തവർക്കു നേരെ ആസൂത്രിത ആക്രമണം ഉണ്ടായെന്ന് ഇംഫാൽ ആർച്ച് ബിഷപ്പ്

പ്രവാചകശബ്ദം 02-08-2023 - Wednesday

ന്യൂഡൽഹി: മണിപ്പുരിൽ മെയ്തി- കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തിന്റെ മറവിൽ ക്രൈസ്തവർക്കും ക്രൈസ്തവ ദേവാലയങ്ങൾക്കുമെതിരേ ആസൂത്രിത ആക്രമണം ഉണ്ടായെന്ന് ഇംഫാൽ ആർച്ച് ബിഷപ്പ് ഡോ. ഡൊമിനിക് ലുമോൺ. കലാപം തുടങ്ങി 36 മണിക്കൂറിനുള്ളിൽ ഇംഫാൽ താഴ്വരയിൽ മെയ്തികളുടെ മാത്രം 249 ക്രൈസ്തവ ദേവാലയങ്ങൾ തകർത്തതിനു പിന്നിൽ ക്രൈസ്തവ വിരുദ്ധതയും മതപരമായ അസഹിഷ്ണതയും വ്യക്തമാണെന്നു 'ദി വയർ' പോർട്ടലിനു വേണ്ടി മുതിർന്ന പത്രപ്രവർത്തകൻ കരൺ ഥാപ്പറിന് ഇന്നലെ അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ആർച്ച് ബിഷപ്പ് പറഞ്ഞു.

കുക്കി മേഖലയായ ചുരാചന്ദ്പുരിൽ 13 മെയ് ക്രൈസ്തവ ദേവാലയങ്ങളും ഒരു ക്ഷേത്രവും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കുക്കികളുടെ കേന്ദ്രത്തിലാണ് മെയ്തി പള്ളികൾ അതേപടി നിലനിൽക്കുന്നത്. മെയ്തികളുടെ കേന്ദ്രമായ ഇംഫാൽ താഴ്വരയിൽനിന്നു കുക്കികൾ ജീവനുംകൊണ്ട് ഓടുകയായിരുന്നു. അതിനാൽ തന്നെ പള്ളികൾ തകർത്തത് ക്രൈസ്തവ ഭൂരിപക്ഷമുള്ള കുക്കികളാണെന്നു കരുതാനാകില്ല.

അതിനുള്ള ഒരു തെളിവുമില്ല. എന്നാൽ, ഹിന്ദു ഭൂരിപക്ഷമായ മെയ്തികളിലെ ചില ശക്തികൾ ക്രൈസ്തവർക്കെതിരേ സംഘടിതമായ ആക്രമണം നടത്തിയതായാണ് ലഭിക്കുന്ന തെളിവുകളെന്നും ഡോ. ലുമോൺ പറഞ്ഞു. ഇംഫാലിലെ 249 മെയ്തി പള്ളികൾക്കു പുറമെ വിവിധ ജില്ലകളിലായി കുക്കികളുടെ അനേകം പള്ളികൾ വേറെയും തകർത്തതായും അദ്ദേഹം വെളിപ്പെടുത്തി.

മണിപ്പൂർ കലാപം വംശീയമാണെന്ന കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസിന്റെ പ്രസ്താവനയിൽ തെറ്റില്ല. കലാപത്തെക്കുറിച്ച് അദ്ദേഹത്തിന് നേരിട്ടറിവില്ല. മറ്റുള്ളവർ പറഞ്ഞുകേട്ടതാകാം. കലാപത്തിന്റെ മറവിൽ ക്രൈസ്തവർക്കെതിരേ മതപരമായ ആക്രമണം നടന്നുവെന്നാണ് ഇതേവരെയുള്ള തെളിവുകൾ. അതിനാൽ പ്രത്യക്ഷത്തിൽ, മതസംഘർഷമാണെന്ന് ഖണ്ഡിതമായി പറയുന്നില്ലെങ്കിലും മെയ്തികളും കുക്കികളും തമ്മിലുള്ള സംഘട്ടനത്തിനിടെ ക്രൈസ്തവർക്കെതിരായ ആസൂത്രിത ആക്രമണം ഫലപ്രദമായി നടന്നുവെന്നു സംശയിക്കാതെ തരമില്ലെന്ന കഴിഞ്ഞ ജൂൺ 15ലെ തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും ആർച്ച് ബിഷപ്പ് വിശദീകരിച്ചു.

മണിപ്പൂർ കലാപം വർഗീയമാക്കി മാറ്റാൻ ചില ശക്തികൾ ശ്രമിച്ചതായി സംശയമെന്ന് ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമോൺ മലയാളത്തിലെ പ്രമുഖ ന്യൂസ് ചാനലിനോടും വെളിപ്പെടുത്തല്‍ നടത്തിയിരിന്നു. സംസ്ഥാനത്ത് വിവിധ ഗോത്രങ്ങൾ തമ്മിലും മറ്റ് വിഭാഗങ്ങളുമായും മുമ്പും സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തവണ പക്ഷേ അതിൽ മതം കലർത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ ചില കോണുകളിൽ നിന്നുണ്ടായി. കത്തോലിക്ക ദേവാലയങ്ങൾ തിരഞ്ഞുപിടിച്ച് ആക്രമിച്ചതിലും ദുരൂഹതയുണ്ട്. സമാധാന സ്ഥാപനത്തിന് കേന്ദ്ര സർക്കാർ ആത്മാർഥമായി ഇടപെടണമെന്നും ഏതു തരത്തിലുള്ള ചർച്ചകൾക്കും സഭ തയാറാണെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.

More Archives >>

Page 1 of 867