News - 2025

ഇസ്രായേലില്‍ കത്തോലിക്ക ദേവാലയത്തില്‍ ഇരച്ചുകയറാൻ തീവ്ര യഹൂദവാദികളുടെ ശ്രമം

പ്രവാചകശബ്ദം 01-08-2023 - Tuesday

ഹൈഫ: ഇസ്രായേലിലെ ഹൈഫയിൽ സ്ഥിതി ചെയ്യുന്ന മെൽക്കൈറ്റ് കത്തോലിക്ക ദേവാലയത്തിലും സെന്റ് ഏലിയാസ് ആശ്രമത്തിലും തീവ്ര യഹൂദ നിലപാടുള്ളവര്‍ ഇരച്ചുകയറാൻ ശ്രമം നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച സന്യാസ ആശ്രമത്തിന്റെ കോമ്പൗണ്ടിൽ പ്രവേശിച്ച തീവ്ര യഹൂദവാദികൾ അവിടെ നടന്നുകൊണ്ടിരുന്ന പ്രാർത്ഥനയും മുടക്കി. ഇരുസംഭവങ്ങളും ക്രൈസ്തവരുടെ ഇടയിൽ വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. ഭാവിയിൽ വീണ്ടും അക്രമം ഉണ്ടാകാതിരിക്കുന്നതിന് സന്യാസ ആശ്രമത്തിന്റെ പുറത്ത് ഇരുമ്പ് കൊണ്ടുള്ള മതിലിന്റെ നിർമ്മാണം ഇന്നലെ തിങ്കളാഴ്ച ആരംഭിച്ചു. കാർമൽ മലയിൽ പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ ഏലിയാ പ്രവാചകനെ അനുകരിച്ച് സന്യാസ ജീവിതം നയിക്കുന്ന കർമ്മലീത്ത സന്യാസ സമൂഹാംഗങ്ങളാണ് ഈ സന്യാസ ആശ്രമം സ്ഥാപിക്കുന്നത്. ദേവാലയത്തിന്റെ അൾത്താരയുടെ അടി ഭാഗത്താണ് ഏലിയാ പ്രവാചകന്റെ ഗുഹ സ്ഥിതിചെയ്യുന്നതെന്ന് പാരമ്പര്യം പറയുന്നു.

സന്യാസ ആശ്രമത്തെ അക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാനും, മതിലുകളും, കവാടവും ചാടിക്കടന്ന് എത്തുന്നവർക്കെതിരെ പരാതി നൽകാനും പുതിയ മതിലിന്റെ നിർമാണം ഉപകാരപ്രദമാകുമെന്ന് വിശുദ്ധ നാട്ടിലെ നിരവധി ദേവാലയങ്ങളുടെ സംരക്ഷണത്തിന് നേതൃത്വം നല്‍കുന്ന അബു നാസർ പറഞ്ഞു. ഇവിടെ ഏലിയായുടെ ശവകുടീരമുണ്ടെന്നു പറഞ്ഞാണ് തുടർച്ചയായി തീവ്ര യഹൂദവാദികൾ അക്രമണം അഴിച്ചുവിടാൻ മുതിരുന്നത്. എന്നാൽ സന്യാസ ആശ്രമത്തിന്റെ ശവകുടീരത്തിൽ വൈദികരെയും, സന്യാസികളെ മാത്രമേ അടക്കം ചെയ്തിട്ടുള്ളൂവെന്ന് വിശദീകരിച്ച് സഭ രംഗത്തെത്തിയിരുന്നു.

ജെറുസലേമിലെ ക്രൈസ്തവ സഭകളുടെ തലവന്മാരുടെ കൗൺസിലിന്റെ നീതിക്കും, സമാധാനത്തിനും വേണ്ടിയുള്ള കമ്മറ്റി വൈദികർക്കും, ക്രൈസ്തവ കേന്ദ്രങ്ങൾക്കും എതിരെ നടക്കുന്ന അക്രമത്തെ അപലപിച്ചു. അടുത്തിടെ സമാനമായ നടന്ന അക്രമങ്ങളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് കമ്മറ്റി പ്രതികരണം നടത്തിയത്. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാർ അക്രമികള്‍ക്ക് സംരക്ഷണവും, പിന്തുണയും നൽകുന്നുവെന്ന തോന്നലാണ് അടുത്തിടെയായി ക്രൈസ്തവർക്കെതിരെ അക്രമങ്ങൾ വർദ്ധിക്കാൻ കാരണമായിരിക്കുന്നതെന്ന് ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്ക് പിയർ ബറ്റിസ്റ്റ പിസബെല്ല പറഞ്ഞിരുന്നു. അക്രമികൾ വൈദികരെയും, ക്രൈസ്തവരുടെ ആത്മീയ കേന്ദ്രങ്ങളെയും ലക്ഷ്യം വെക്കുകയാണെന്നും അദ്ദേഹം അസോസിയേറ്റഡ് പ്രസിനോട് വിശദീകരിച്ചിരുന്നു.

More Archives >>

Page 1 of 867