News

ഈസ്റ്ററിന് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു, പിന്നാലെ ലോക യുവജന സംഗമത്തിന്; ആവേശത്തില്‍ ബ്രൈസ് കാത്തേജ്

പ്രവാചകശബ്ദം 01-08-2023 - Tuesday

ബാന്യോ: ഇന്നു മുതല്‍ ആറാം തീയതി വരെ പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബണില്‍ നടക്കുന്ന ആഗോള യുവജന സംഗമത്തില്‍ പങ്കെടുക്കുന്നതിലുള്ള ആവേശത്തില്‍ പുതിയതായി കത്തോലിക്ക വിശ്വാസം പുല്‍കിയ ബ്രൈസ് കാത്തേജ്. ഓസ്ട്രേലിയന്‍ കത്തോലിക്കാ യൂണിവേഴ്സിറ്റിയിലെ (എ.സി.യു) മൂന്നാം വര്‍ഷ നേഴ്സിംഗ് വിദ്യാര്‍ത്ഥിയായ കാത്തേജിനെ സംബന്ധിച്ചിടത്തോളം താന്‍ ആദ്യമായി പങ്കെടുക്കുന്ന അന്താരാഷ്ട്ര കത്തോലിക്കാ കൂട്ടായ്മയാണ് ലോക യുവജന ദിനം. ഈ വര്‍ഷത്തിന്റെ തുടക്കം വരെ ലോകയുവജന ദിനമെന്താണെന്ന് പോലും അറിയില്ലായിരുന്നുവെന്നു ഓസ്ട്രേലിയന്‍ മിലിട്ടറിയുടെ ഇന്‍ഫന്ററി കോര്‍പ്സില്‍ സേവനം ചെയ്തിട്ടുള്ള കാത്തേജ് പറയുന്നു.

മാഡി എന്ന വ്യക്തിയാണ് (ലൂസിയാനി) കാത്തേജിന്റെ സ്പോണ്‍സര്‍. താന്‍ ലോക യുവജന ദിനത്തില്‍ പങ്കെടുത്തപ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ചും, അത് എങ്ങനെ തന്റെ ജീവിതത്തിലും, വിശ്വാസ യാത്രയിലും എപ്രകാരം സ്വാധീനം ചെലുത്തിയെന്നും മാഡി തന്നോട് വിവരിച്ചിട്ടുണ്ട്. പ്രൈമറി സ്കൂളില്‍ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന കാര്യങ്ങള്‍ താന്‍ പഠിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴാണ് കത്തോലിക്കാ വിശ്വാസത്തേക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ ശ്രമിക്കുന്നത്. വിശുദ്ധലിഖിതങ്ങള്‍ കൂടുതലായി മനസിലാക്കിയപ്പോള്‍ ദൈവവും സഭയും കൂടുതല്‍ ഇടപഴകിയെന്നും അത് തന്നെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചുവെന്നും കാത്തേജ് പറയുന്നു.

സഭയിലെത്തിയ ശേഷം പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും, ലോക യുവജന സംഗമത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നത് തനിക്ക് ലഭിക്കുന്ന ഏറ്റവും മനോഹരമായ അനുഭവമായിരിക്കും. അത് തന്റെ ആത്മീയ വിശ്വാസത്തെ കെട്ടിപ്പടുക്കുവാന്‍ സഹായിക്കും. എ.സി.യുവില്‍ നിന്നുള്ള 8 വിദ്യാര്‍ത്ഥികളും, ഓസ്ട്രേലിയയിലെ നോട്ര ഡെയിം യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള 35 വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘത്തിനൊപ്പമാണ് കാത്തേജിന്റെ യാത്ര. യൂറോപ്പിലെ പ്രധാന പുണ്യകേന്ദ്രങ്ങളായ സ്പെയിനിലെ ആവിലായും, പോര്‍ച്ചുഗലിലെ ഫാത്തിമയും സന്ദര്‍ശിക്കുവാനും സംഘത്തിന് പദ്ധതിയുണ്ട്. “വിശുദ്ധര്‍ സഞ്ചരിച്ച വഴിയിലൂടെ നടക്കുവാന്‍ കഴിയുക'' എന്നതില്‍ ശരിക്കും ആവേശഭരിതനാണെന്നും കാത്തേജ് കൂട്ടിച്ചേര്‍ത്തു.

‘എ.സി.യു’വിലെ പഴയ ചാപ്ലൈനായിരുന്ന ഫാ. ഹാരി ചാന്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തതും തന്നെ കത്തോലിക്കാ വിശ്വാസവുമായി അടുപ്പിച്ച മറ്റൊരു കാരണമാണെന്ന് ഈ യുവാവ് പറയുന്നു. “എനിക്ക് നിന്നെ ഭാവിയില്‍ ഒരു കത്തോലിക്കനായി കാണുവാന്‍ കഴിയുമോ?” എന്ന് തൊട്ടടുത്ത ദിവസം ഫാ. ചാന്‍, കാത്തേജിനോട് ചോദിച്ചു. എനിക്കതില്‍ താല്‍പ്പര്യമുണ്ടെന്നായിരുന്നു അവന്റെ മറുപടി. ഇതിന് പിന്നാലെ ഫാ. ചാന്‍, കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥമായ 'യൂകാറ്റ്’ സമ്മാനിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 8-ന് നടന്ന എ.സി.യു ബാന്യോയിലെ ചാപ്പലില്‍ വെച്ച് നടന്ന ഈസ്റ്റര്‍ ജാഗരണ പ്രാര്‍ത്ഥനയില്‍വെച്ചാണ് കാത്തേജ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. ഇന്നു ആരംഭിക്കുന്ന ലോകയുവജന സമ്മേളനത്തില്‍ ഫ്രാന്‍സിസ് പാപ്പയും പങ്കെടുക്കുന്നുണ്ട്. 1985-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് ആഗോള കത്തോലിക്ക യുവജനസംഗമത്തിന് തുടക്കം കുറിച്ചത്.

More Archives >>

Page 1 of 867