News - 2025

ഫാത്തിമായില്‍ ലോക സമാധാനത്തിനു വേണ്ടി ഫ്രാന്‍സിസ് പാപ്പ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും

പ്രവാചകശബ്ദം 03-08-2023 - Thursday

വത്തിക്കാന്‍ സിറ്റി: രോഗികളോടും കഷ്ടതകള്‍ അനുഭവിക്കുന്നവരോടും കൂടുതല്‍ അടുക്കുവാനും, ലോക സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാനുമാണ് ഫ്രാന്‍സിസ് പാപ്പ ഫാത്തിമയിലെത്തുന്നതെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. ഓഗസ്റ്റ് 5-നാണ് പാപ്പ ഫാത്തിമ സന്ദര്‍ശിക്കുക. ഹെലികോപ്റ്ററില്‍ ഫാത്തിമയില്‍ എത്തുന്ന പാപ്പ അവിടെ ലോക സമാധാനത്തിനു വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും അവിടെ സന്നിഹിതരായ തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും. ഓഗസ്റ്റ് 1 മുതല്‍ 6 വരെ ലിസ്ബണില്‍വെച്ച് നടക്കുന്ന ലോകയുവജനദിന സംഗമത്തില്‍ പങ്കെടുക്കുവാനാണ് ഫ്രാന്‍സിസ് പാപ്പ പോര്‍ച്ചുഗലില്‍ എത്തിയിരിക്കുന്നത്.

പരിശുദ്ധ പിതാവ് രോഗികളായ യുവജനങ്ങളെ കാണുകയും, അവരോടൊപ്പം ജപമാല ചൊല്ലുകയും ചെയ്യുന്ന പ്രധാനപ്പെട്ട ഒരു സന്ദര്‍ശനമാണിതെന്ന് കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ പറഞ്ഞു. 1917-ല്‍ പരിശുദ്ധ കന്യകാമാതാവ് ആട്ടിടയരായ മൂന്ന്‍ കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ട് നല്‍കിയ സന്ദേശം ആവര്‍ത്തിക്കുവാന്‍ പാപ്പ ആഗ്രഹിക്കുന്നുണ്ടെന്നാണ് തന്റെ വിശ്വാസം. ഫാത്തിമായില്‍ മാതാവ് നല്‍കിയ സന്ദേശം ഇന്നും പ്രസക്തമായി തുടരുന്നുവെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

അവ ആശ്വാസത്തിന്റേയും, ലോകത്തിനുള്ള പ്രതീക്ഷയുടെ വാക്കുകളായിരുന്നു, ഇന്ന്‍ നാം നേരിട്ടുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും വ്യത്യസ്തമല്ല അവ. പരിശുദ്ധ കന്യകാമാതാവ് കുട്ടികളായ ആട്ടിടയരെ ക്ഷണിക്കുകയും, അവരിലൂടെ ലോകത്തില്‍ സമാധാനം കൈവരുവാന്‍ വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ ജപമാല ചൊല്ലുവാന്‍ ആഹ്വാനം ചെയ്തുവെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ അനുസ്മരിച്ചു. പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് 2017 ഓഗസ്റ്റ് 13-നാണ് ഇതിനു മുന്‍പ് ഫ്രാന്‍സിസ് പാപ്പ ഫാത്തിമ സന്ദര്‍ശിച്ചത്. അതേസമയം ലോക യുവജനദിന സംഗമത്തിനായി ലിസ്ബണില്‍ എത്തിയിട്ടുള്ള ലക്ഷക്കണക്കിന് യുവജനങ്ങള്‍ പാപ്പക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

More Archives >>

Page 1 of 868