News - 2025
നിക്കരാഗ്വേൻ ബിഷപ്പ് അൽവാരെസ് ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവ് വേണം: അമേരിക്കന്‍ ജനപ്രതിനിധി ക്രിസ് സ്മിത്ത്
പ്രവാചകശബ്ദം 12-08-2023 - Saturday
വാഷിംഗ്ടണ്‍ ഡിസി: നിക്കരാഗ്വേൻ ഏകാധിപതി ഡാനിയേൽ ഒർട്ടേഗയുടെ ഭരണത്തിന് കീഴില്‍ തടവിലാക്കപ്പെട്ട കത്തോലിക്കാ ബിഷപ്പും മതസ്വാതന്ത്ര്യത്തിന്റെ വക്താവുമായ ബിഷപ്പ് റൊളാൻഡോ അൽവാരസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നതിന് തെളിവ് ആവശ്യപ്പെട്ട് അമേരിക്കന്‍ ജനപ്രതിനിധി ക്രിസ് സ്മിത്ത്. ബിഷപ്പിന്റെ ആരോഗ്യനിലയെക്കുറിച്ചോ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നതിനെക്കുറിച്ചോ വിശ്വസനീയമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ, അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അന്താരാഷ്ട്ര സമൂഹത്തിന് തെളിവ് നൽകാൻ പ്രസിഡന്റ് ഒർട്ടെഗയോട് ആവശ്യപ്പെടുകയാണെന്നു സ്മിത്ത് പറഞ്ഞു. നിയന്ത്രണമില്ലാതെയും സർക്കാർ ഉദ്യോഗസ്ഥരോ ജയിൽ ഗാർഡുകളോ ഇല്ലാതെ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യം സ്വതന്ത്രമായി പരിശോധിക്കാൻ റെഡ് ക്രോസിന് ഉടൻ പ്രവേശനം നല്‍കണമെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
ന്യൂജേഴ്‌സിയിൽ നിന്നുള്ള കത്തോലിക്ക വിശ്വാസിയായ റിപ്പബ്ലിക്കൻ പ്രതിനിധി സ്മിത്ത് നിക്കരാഗ്വേയിൽ അൽവാരസുമായി നേരിട്ട് കാണാനുള്ള തന്റെ ആഗ്രഹം ആവര്‍ത്തിച്ചു. മനുഷ്യാവകാശങ്ങൾക്കും വിശ്വാസപരമായ അവകാശങ്ങൾക്കും വേണ്ടി വാദിക്കുകയും ഒർട്ടേഗ സ്വേച്ഛാധിപത്യത്തിന്റെ വിമർശകനുമായ അൽവാരസിനെ 2022 ഓഗസ്റ്റിലാണ് ആദ്യമായി വീട്ടുതടങ്കലിലാക്കിയത്. രാജ്യം വിടാൻ അദ്ദേഹം വിസമ്മതിച്ചതിനെത്തുടർന്ന്, അൽവാരസിനെ 26 വർഷത്തിലേറെ തടവിന് ശിക്ഷിക്കുകയും "മോഡലോ ജയിൽ" എന്നറിയപ്പെടുന്ന സുരക്ഷാ കേന്ദ്രത്തിൽ പാർപ്പിക്കുകയും ചെയ്തിരിന്നു.
നിക്കരാഗ്വൻ സഭയുടെ പ്രധാന ശബ്ദങ്ങളിലൊന്നിനെ തടവിലാക്കിയതിനു പുറമേ, നിക്കരാഗ്വയിലേക്കുള്ള വത്തിക്കാൻ പ്രതിനിധിയെ പുറത്താക്കിയതും പള്ളിയുടെ സ്വത്ത് കണ്ടുകെട്ടിയതും മിഷ്ണറീസ് ഓഫ് ചാരിറ്റി ഉൾപ്പെടെ നിരവധി സന്യാസ സമൂഹങ്ങളെ പുറത്താക്കുകയും ചെയ്തിരിന്നതും ആഗോള വാര്‍ത്താപ്രാധാന്യം നേടിയിരിന്നു.