News

ജനാധിപത്യത്തിന് വേണ്ടി പോരാടിയ നിക്കരാഗ്വേ ബിഷപ്പിന് ലിബർട്ടാസ് ഇൻ്റർനാഷണൽ അവാര്‍ഡ്

പ്രവാചകശബ്ദം 13-06-2024 - Thursday

ഒവിഡോ (സ്പെയിന്‍): നിക്കരാഗ്വേൻ ഏകാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്തു തടങ്കലിലാക്കുകയും പിന്നീട് നാട് കടത്തുകയും ചെയ്ത നിക്കരാഗ്വേ ബിഷപ്പ് റൊളാൻഡോ അൽവാരസിന് സ്പാനിഷ് അവാര്‍ഡ്. ലിബർട്ടാസ് ഇൻ്റർനാഷണൽ എന്ന പേരിലുള്ള അവാര്‍ഡ്, സ്പെയിനിലെ ഒവിഡോ ആർച്ച് ബിഷപ്പ് ജീസസ് സാൻസ് മോണ്ടസ്, ബിഷപ്പ് അല്‍വാരെസിന് സമ്മാനിച്ചു. ഒവീഡോയിലേക്കുള്ള സ്വകാര്യ ത്രിദിന സന്ദർശനത്തിനിടെ ബിഷപ്പ് നേരിട്ടു അവാര്‍ഡ് സ്വീകരിക്കുകയായിരിന്നു. മൗലിക സ്വാതന്ത്ര്യങ്ങൾ സംരക്ഷിക്കുന്ന പ്രാദേശികവും അന്തർദേശീയവുമായ തലത്തിൽ വ്യക്തികളെയോ ഗ്രൂപ്പുകളെയോ ആദരിച്ചുകൊണ്ട് ഒവീഡോയിലെ അസോസിയേഷനാണ് ലിബർട്ടാസ് അവാർഡ് നൽകുന്നത്.

സർക്കാരിൻ്റെ അടിച്ചമർത്തലുകൾക്കിടയിലും നിക്കരാഗ്വേൻ ജനതയോടുള്ള ബിഷപ്പ് അൽവാരെസിൻ്റെ പ്രതിബദ്ധതയും അതിനു വേണ്ടി ഏറ്റെടുത്ത ത്യാഗവും അദ്ദേഹത്തെ അന്താരാഷ്ട്ര അവാർഡിന് അർഹനാക്കുകയായിരിന്നു. ക്രിസ്തീയ ഐക്യദാർഢ്യവുമായി നിങ്ങളോടൊപ്പമുണ്ടെന്നും ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്നും ക്രിസ്തുവിനും സുവിശേഷത്തിനും ജനതയുടെ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടം തുടരുന്നതിനുള്ള പ്രചോദനമാണ് ബിഷപ്പ് റൊളാൻഡോയുടെ ഇടപെടലെന്നും ആർച്ച് ബിഷപ്പ് ജീസസ് സാൻസ് അനുസ്മരിച്ചു.

രാജ്യത്തെ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ഏകാധിപത്യത്തിനെതിരെ രൂക്ഷമായി വിമർശിച്ചുക്കൊണ്ടിരുന്ന ബിഷപ്പ് റോളാണ്ടോ അൽവാരെസിനെ 222 തടവുകാരോടൊപ്പം അമേരിക്കയിലേക്ക് കടത്താൻ ശ്രമം നടത്തിയിരുന്നു. എന്നാൽ അദ്ദേഹം രാജ്യം വിടാൻ കൂട്ടാക്കിയില്ല. ഇതിനു പിന്നാലേ രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ശ്രമം നടത്തി, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് മെത്രാനെതിരെ ചുമത്തിയത്. വൈകാതെ ബിഷപ്പിനെ 26 വർഷത്തെ തടവിന് ശിക്ഷിച്ചു.

ഐക്യരാഷ്ട്ര സഭയും മനുഷ്യാവാകാശ സംഘടനകളും ഇതിനെതിരെ രംഗത്തുവന്നെങ്കിലും ഭരണകൂടം വിട്ടുവീഴ്ചയ്ക്കു തയാറായില്ല. ഒടുവില്‍ വത്തിക്കാൻ നയതന്ത്ര വിഭാഗത്തിന്റെ സഹായത്തോടെ, ജനുവരി 14 ഞായറാഴ്ച ഡാനിയേൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യ ഭരണകൂടം തടവിലാക്കിയ ബിഷപ്പ് അൽവാരസ് ഉള്‍പ്പെടെ രണ്ട് മെത്രാന്മാരെയും 15 വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും വത്തിക്കാനു കൈമാറി. നിക്കരാഗ്വയിലെ ജയിലിൽ നിന്ന് നേരിട്ടു റോമിലേക്കായിരിന്നു ഇവരുടെ യാത്ര.

Tag: Exiled Nicaraguan bishop receives award in Spain, pravachakasabdam.com, pravachaka sabdam, CATHOLIC MALAYALAM NEWS PORTAL, CHRISTIAN NEWS MALAYALAM

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »